എഐ നിര്‍മ്മിത പ്രതീകാത്മക ചിത്രം
‘ബട്ട് ബ്രീത്തിങ്’ അഥവാ മലാശയം വഴിയുള്ള ശ്വസനം! കേള്‍ക്കുമ്പോള്‍ തമാശയായി തോന്നുമെങ്കിലും ഇത് പ്രായോഗികമാണോ എന്ന ചോദ്യത്തിന്‍റെ ഉത്തരത്തിലേക്ക് അടുക്കുകയാണ് ഗവേഷകർ. ഇതിന്‍റെ മനുഷ്യരില്‍ നടത്തിയ ആദ്യ ക്ലിനിക്കൽ പരീക്ഷണങ്ങള്‍ സൂചിപ്പിക്കുന്നത് ‘ബട്ട് ബ്രീത്തിങ്’ സുരക്ഷിതവും മനുഷ്യന് താങ്ങാന്‍ പറ്റാവുന്നതുമാണെന്നാണ്. ഗുരുതര ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവര്‍ക്ക്, ശ്വസിക്കാന്‍ പറ്റാത്ത സന്ദര്‍ഭങ്ങളില്‍ ജീവൻ രക്ഷാ മാര്‍ഗം എന്ന നിലയിലൂടെയാണ് ഈ ശ്വസന രീതിയെ ശാസ്ത്രജ്ഞര്‍ മുന്നോട്ടുവയ്ക്കുന്നത്.
‘ബട്ട് ബ്രീത്തിങ്’ എന്നത് ഒരു പുതിയ ആശയമല്ല. ആമകൾ, ചില മത്സ്യങ്ങള്‍, കടൽ വെള്ളരി, തുമ്പികളുടെ ലാര്‍വകള്‍ തുടങ്ങിയവയ്ക്ക് അവയുടെ പിൻഭാഗത്തിലൂടെ ശ്വസിക്കാൻ കഴിയും. മാത്രമല്ല, എലികള്‍, പന്നികള്‍ തുടങ്ങിയ ചില സസ്തനികള്‍ക്കും ഇതിനുള്ള കഴിവുണ്ട്. ഇവയ്ക്ക് അടിയന്തിര സാഹചര്യങ്ങളിൽ മലാശയത്തിലൂടെ ഓക്സിജൻ ആഗിരണം ചെയ്യാൻ കഴിയുമത്രേ. 2024 ൽ ഈ കണ്ടുപിടുത്തത്തിന് ഒസാക്ക സര്‍വ്വകലാശാലയിലെ ജാപ്പനീസ് ശാസ്ത്രജ്ഞര്‍ക്ക് നോബേല്‍ സമ്മാനത്തിന്‍റെ പാരഡി എന്നറിയപ്പെടുന്ന ‘ഇഗ് നോബേല്‍’ ലഭിച്ചിരുന്നു.
അടുത്തിടെ ശാസ്ത്രജ്ഞര്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ മനുഷ്യർക്കും ഇത് സാധ്യമാകുമെന്നാണ് ഈ ഗവേഷകര്‍ പറയുന്നത്. ഈ രീതിയുടെ സുരക്ഷ പരിശോധിക്കുന്ന ആദ്യ ക്ലിനിക്കല്‍ ട്രയലുകളാണ് നടന്നത്. പരീക്ഷണത്തിൽ 25 മുതൽ 1,500 മില്ലി ലിറ്റർ വരെ ഓക്സിജൻ ഇല്ലാത്ത പെർഫ്ലൂറോകാർബൺ ദ്രാവകം ഒരു മണിക്കൂർ 27 പുരുഷന്‍മാരുടെ മലാശയത്തിൽ സൂക്ഷിക്കുകയാണ് ചെയ്തത്. ഈ രീതി മനുഷ്യരില്‍ ദോഷകരമല്ല എന്നാണ് കണ്ടെത്തല്‍. എന്നിരുന്നാലും, ചിലരില്‍ വയറു വീർക്കൽ, അസ്വസ്ഥത, വേദന എന്നിവയുണ്ടായിരുന്നു. ഇത് ഈ പ്രക്രിയയുടെ ഫലപ്രാപ്തി തെളിയിക്കുന്നതിലല്ല, മറിച്ച് അതിന്‍റെ സുരക്ഷ തെളിയിക്കുന്നതാണ്.
പരീക്ഷണത്തിന്‍റെ അടുത്ത ഘട്ടത്തിലാണ് മലാശയം വഴി രക്തത്തിലേക്ക് ഓക്സിജൻ എത്തിക്കുന്ന പ്രക്രിയ എത്രത്തോളം ഫലപ്രദമാണെന്ന് വിലയിരുത്തുക. 2024 ലെ പഠനം സൂചിപ്പിക്കുന്നത് കുടൽ ഭിത്തികളിലൂടെ ഉയർന്ന സാന്ദ്രതയുള്ള ഓക്സിജന് രക്തപ്രവാഹത്തിലേക്കെത്താന്‍ സാധിക്കുമെന്നാണ്. ഇതിനായി ഓക്സിജന്‍ അടങ്ങിയ പെർഫ്ലൂറോകാർബൺ ദ്രാവകം ഉപയോഗിക്കുക എന്നതാണ് ആശയം. അതായക് ക്ലിനിക്കല്‍ ട്രയലില്‍ ചെയ്തതിന് പകരം ഓക്സിജന്‍ അടങ്ങിയ പെർഫ്ലൂറോകാർബൺ മലാശയത്തില്‍ സൂക്ഷിക്കുന്നു. തുടര്‍ന്ന് രക്തത്തിലെ ഓക്സിജന്‍റെ അളവ് മെച്ചപ്പെടാൻ എത്ര സമയമെടുക്കുമെന്നും രക്തത്തിലെ ഓക്സിജന്‍റെ അളവ് വർദ്ധിപ്പിക്കുന്നതിന് എത്രമാത്രം പെർഫ്ലൂറോകാർബൺ ആവശ്യമാണെന്നും വിലയിരുത്തുകയാണ് ചെയ്യുക.
മൃഗങ്ങളിലേതു പോലെ തന്നെ ഈ രീതി മനുഷ്യരിലും പ്രവർത്തിക്കുകയാണെങ്കിൽ, ഗുരുതര ശ്വസന പരാജയം ഉള്ളവരില്‍ അവസാന ആശ്രയമായിരിക്കും ‘എന്ററൽ വെന്റിലേഷൻ’ എന്ന് ഗവേഷകര്‍ പറയുന്നു. വലിയ സങ്കീർണതകളില്ലാതെ ശ്വസന പരാജയം തടയാൻ ഈ രീതിക്ക് സാധിക്കുമത്രേ. ശ്വാസനാളത്തിലെ പരിക്കുകൾ, വീക്കം, തുടങ്ങി ന്യുമോണിയ വരെയുള്ള, രക്തത്തിലേക്ക് ഓക്സിജൻ എത്തിക്കാനുള്ള ശ്വാസകോശത്തിന്റെ കഴിവിനെ ബാധിക്കുന്ന അവസ്ഥകള്‍ക്ക് ഇന്ന് പലപ്പോഴും മെക്കാനിക്കൽ വെന്റിലേഷൻ അല്ലെങ്കിൽ ഓക്സിജൻ തെറാപ്പിയാണ് പരിഹാരമായി ഉപയോഗിക്കാറുള്ളത്. എന്നാൽ ചിലപ്പോൾ ഈ രീതികൾ ഫലിക്കാറില്ല. ഇത്തരത്തിലുള്ള അവസ്ഥകളില്‍ ഓക്സിജൻ വിതരണത്തിനുള്ള ഒരു പ്രധാന ബദൽ മാർഗമായി ‘എന്ററൽ വെന്‍റിലേഷൻ’ മാറുമത്രേ!