അനേകം കപ്പലുകളും വിമാനങ്ങളും പൊടിപോലുമില്ലാതെ അപ്രത്യക്ഷമായ ഇടം... ദുരൂഹതകള്‍ ഏറെ നിറഞ്ഞ വടക്കന്‍ അറ്റ്ലാന്‍റിക്കിലെ കുപ്രസിദ്ധമായ ബെര്‍മുഡ ട്രയാങ്കിള്‍. ഇന്നിതാ ബെർമുഡ ട്രയാങ്കിളിന് താഴെയുള്ള പുതിയ കണ്ടുപിടുത്തമാണ് ശാസ്ത്രജ്ഞരെ അദ്ഭുതപ്പെടുത്തുന്നത്. ഭൂമിയിൽ മറ്റെവിടെയും കാണാത്ത തരത്തിലുള്ള ഒരു പാറ! ഒരു അസാധാരണ പാളി!
ലൈവ് സയൻസ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, 20 കിലോമീറ്ററോളം കട്ടിയുള്ള ഒരു പാറയുടെ വലിയ പാളിയാണ് ബെര്‍മുഡ ട്രയാങ്കിളിനടിയില്‍ കണ്ടെത്തിയിരിക്കുന്നത്. പുറന്തോടിനും ടെക്റ്റോണിക് പ്ലേറ്റിനും ഇടയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. പുരാതന അഗ്നിപർവ്വത പ്രവർത്തനത്തിന്‍റെ അവശിഷ്ടമായിരിക്കാം ഈ പാറയെന്നാണ് കരുതുന്നത്. മാത്രമല്ല സൂപ്പർ ഭൂഖണ്ഡമായ പാൻജിയയുടെ വിഘടനവുമായും ഇതിന് ബന്ധമുണ്ടാകാമെന്നും പുതിയ പഠനം പറയുന്നു.
സമീപകാലത്ത് ഈ പ്രദേശത്ത് അഗ്നിപർവ്വത പ്രവർത്തനങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല. അങ്ങിനെയിരിക്കെ ചുറ്റുമുള്ള പ്രദേശങ്ങളേക്കാൾ 1,640 അടി (500 മീറ്റർ) ഉയരത്തിൽ പ്രദേശത്തെ കടൽത്തീരം ഉയര്‍ന്നു നില്‍ക്കുന്നതിനുള്ള കാരണം ഈ പാളിയായിരിക്കാം എന്നും കരുതുന്നുണ്ട്. എന്നിരുന്നാലും പുതിയ കണ്ടെത്തലുകൾ ബെർമുഡയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതയെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തുന്നതാണ്.
കാർണഗീ സയൻസിലെയും യേൽ യൂണിവേഴ്സിറ്റിയിലെയും ഗവേഷകരാണ് പുതിയ പഠനത്തിന് പിന്നില്‍. ഭൂകമ്പ ഡാറ്റ ഉപയോഗിച്ച് ബെർമുഡയ്ക്ക് താഴെ മാപ്പ് ചെയ്തപ്പോളാണ് അസാധാരണമാംവിധം കട്ടിയുള്ളതും സാന്ദ്രത കുറഞ്ഞതുമായ പാളി കണ്ടെത്തുന്നത്. ജിയോഫിസിക്കൽ റിസർച്ച് ലെറ്റേഴ്‌സ് ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. നിലവില്‍ മറ്റ് ദ്വീപുകളിലെയും സമാന ഘടനകളെക്കുറിച്ചും അന്വേഷിക്കാൻ ഗവേഷകർ പദ്ധതിയിടുന്നുണ്ട്. അങ്ങിനെയെങ്കില്‍ ഇത് ഭൂമിയുടെ ഭൂമിശാസ്ത്ര ചരിത്രം തന്നെ മാറ്റിയെഴുതിയേക്കാം.
അറ്റ്ലാന്റിക് സമുദ്രത്തില്‍ ഫ്ലോറിഡ, പ്യൂർട്ടോ റിക്കോ, ബെർമുഡ എന്നിവയ്ക്കിടയിൽ സ്ഥിതി ചെയ്യുന്ന ഭാഗമാണ് ബെര്‍മുഡ ട്രയാങ്കിള്‍. 5 ലക്ഷം മുതൽ 15 ലക്ഷം ചതുരശ്ര മൈൽ വ്യാപിച്ചിരിക്കുന്ന ത്രികോണാകൃതിയിലുള്ള മേഖലയാണ് ഇത്. വിമാനങ്ങളും കപ്പലുകളുമെല്ലാം പൊടുന്നനെ അപ്രത്യക്ഷമായതുകൊണ്ടു തന്നെ ഭൂമിയിലെ ഈ വിചിത്രമേഖലയെപ്പറ്റി ധാരാളം കഥകളും ഉണ്ടായിട്ടുണ്ട്. അമേരിക്കന്‍ നാവിക സേനയുടെ യുഎസ്എസ് സൈക്ലോപ്സ് എന്ന കപ്പലിന്‍റേയും യുഎസ് നേവി ബോംബർ വിമാനം ഫ്ലൈറ്റ് 19 ന്‍റെയും തിരോധാനങ്ങള്‍ പ്രശസ്തമായ ‘ബെർമുഡ കഥ’കളില്‍ ചിലത് മാത്രമാണ്.