എഐ നിര്‍മ്മിത പ്രതീകാത്മക ചിത്രം
ലൈംഗികാതിക്രമത്തെ തുടര്‍ന്ന് പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ (പിടിഎസ്ഡി) ബാധിച്ച സ്ത്രീകളില്‍, തലച്ചോറിലെ നാഡികള്‍ക്ക് ഗുരുതരമായ തകരാറുകള്‍ സംഭവിക്കാമെന്ന് പഠനം. ലൈംഗികാതിക്രമത്തെ അതിജീവിച്ചവർ അനുഭവിക്കുന്ന കഠിനമായ വികാരങ്ങൾക്ക് കാരണം ഇത്തരത്തിലുള്ള നാഡീസംബന്ധമായ വ്യതിയാനങ്ങളാണെന്നാണ് പഠനം പറയുന്നത്. ആംസ്റ്റർഡാമില്‍ നടന്ന 38-ാമത് യൂറോപ്യന്‍ കോളജ് ഓഫ് ന്യൂറോസൈക്കോഫാര്‍മക്കോളജി (European College of Neuropsychopharmacology (ECNP) കോൺഗ്രസിലാണ് പഠനം അവതരിപ്പിച്ചത്.
ലൈംഗികാതിക്രമത്തെ അതിജീവിച്ചവരില്‍ പിടിഎസ്ഡി കണ്ടുവരാറുണ്ട്. ഇടക്കിടെ മനസിലേക്ക് വരുന്ന നടുക്കുന്ന ഓര്‍മ്മകള്‍, വർദ്ധിച്ച ഉത്കണ്ഠ, വൈകാരികമായ മരവിപ്പ്, അസ്ഥിരതമായ മാനസികാവസ്ഥ എന്നിവയെല്ലാം ഇതിന്‍റെ ലക്ഷണങ്ങളാണ്. ലൈംഗികാതിക്രമത്തിന് വിധേയരാകുന്ന സ്ത്രീകളിൽ 70 ശതമാനം പേർക്കും പിടിഎസ്ഡി അനുഭവപ്പെടുന്നതായി മുൻ പഠനങ്ങൾ തന്നെ തെളിയിച്ചിട്ടുണ്ട്. ഇവരുടെ തലച്ചോറിലെ ഭാഗങ്ങളില്‍ എന്ത് മാറ്റമാണ് വരുന്നെന്നാണ് പുതിയ പഠനം പറയുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടെ ലൈംഗികാതിക്രമത്തിന്‍റെ ആഘാതം പേറി ജീവിക്കുന്ന 40 സ്ത്രീകളുടെ തലച്ചോറിന്റെ പ്രവർത്തന രീതികളാണ് പഠനം വിലയിരുത്തിയത്.
പഠനം പറയുന്നത്
പഠനത്തിൽ പങ്കെടുത്തവരുടെ തലച്ചോറിന്‍റെ എംആർഐ സ്കാനുകൾ വിഷാദരോഗവുമായും പിടിഎസ്‌ഡി ലക്ഷണവുനായും നാഡീവ്യൂഹത്തിനുള്ള ബന്ധം എടുത്തുകാണിക്കുന്നു. ലൈംഗികാതിക്രമത്തിന് ശേഷം പി.ടി.എസ്.ഡി ഉള്ള സ്ത്രീകളിൽ ഭയത്തെയും വികാരങ്ങളെയും നിയന്ത്രിക്കുന്നതിൽ ഉൾപ്പെട്ട തലച്ചോറിന്‍റെ ഭാഗങ്ങൾ മറ്റ് ഭാഗങ്ങളുമായി എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്ന് ഗവേഷകർ പ്രത്യേകം പരിശോധിച്ചു. ഇവരില്‍ തലച്ചോറിന്‍റെ രണ്ട് പ്രധാന മേഖലകളായ അമിഗ്ഡാലയും പ്രീഫ്രോണ്ടൽ കോർട്ടെക്സും തമ്മിലുള്ള സ്ഥിരമായ ആശയവിനിമയം കുത്തനെ കുറഞ്ഞതായി പഠനം പറയുന്നു. ചില സ്ത്രീകളിൽ ഈ ഭാഗങ്ങൾ തമ്മിലുള്ള ആശയവിനിമയം പൂജ്യത്തോടടുത്ത് താഴുന്നുണ്ട്. ഇത് വൈകാരിക നിയന്ത്രണ ശൃംഖലകളിലെ സർക്യൂട്ട്-ലെവൽ തടസ്സങ്ങളുടെ തീവ്രത എത്രത്തോളമാണെന്ന് വ്യക്തമാക്കുന്നു.
ഭയം പോലുള്ള വികാരങ്ങളെ പ്രോസസ്സ് ചെയ്യാൻ സഹായിക്കുന്ന ഭാഗമാണ് അമിഗ്ഡാല. പ്രീഫ്രോണ്ടൽ കോർട്ടെക്സാകട്ടെ ആ വികാരങ്ങളെ നിയന്ത്രിക്കാനും സഹായിക്കുന്നു. ഈ ബന്ധം ദുർബലമാകുമ്പോൾ, ഭയത്തെയും അതിനോടുള്ള പ്രതികരണങ്ങളെയും കൈകാര്യം ചെയ്യുന്നതിനോ വികാരങ്ങളെ നിയന്ത്രിക്കുന്നതിനോ തലച്ചോറ് പാടുപെട്ടേക്കാം. ഇതായിരിക്കാം പിടിഎസ്ഡി ഉള്ള ആളുകളില്‍ പലപ്പോഴും ഭയവും തീവ്രമായ മാനസികാവസ്ഥയും അനുഭവപ്പെടുന്നതിന്റെ കാരണം. ലൈംഗികാതിക്രമം തലച്ചോറില്‍ ഉണ്ടാക്കുന്ന ആഘാതം എത്രത്തോളമാണെന്ന് അടിവരയിടുന്നതാണ് ഈ പഠനം.
അതേസമയം ഇത് സൂചിപ്പിക്കുന്നത് തലച്ചോറിലുണ്ടാകുന്ന തകരാറിനെ ആയിരിക്കാം. പക്ഷേ അതിജീവിച്ച, പിടിഎസ്ഡി– വിഷാദ രോഗങ്ങളുള്ളവരിലെ ലക്ഷണങ്ങള്‍ എത്രത്തോളം ഗുരുതരമാകുന്നു എന്നതിന്‍റെ സൂചനയല്ല. അത് മറ്റ് ഘടകങ്ങളെ ആശ്രയിച്ചിരിക്കുമെന്നും പ്രധാന ഗവേഷകയായ ഡോ. ലിഡിയ ഫോർട്ടിയ വ്യക്തമാക്കി. എങ്കിലും ലൈംഗികാതിക്രമത്തിനു ശേഷമുള്ള പി.ടി.എസ്.ഡിയും ഭയവും തലച്ചോറിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു എത്രത്തോളം ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് പഠനം വ്യക്തമാക്കുന്നത്. ലൈംഗികാതിക്രമത്തെ തുടർന്നുള്ള പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ ചികിത്സാ രംഗത്തും പഠനം നിര്‍ണായക പങ്കും വഹിച്ചേക്കാമെന്നും ലിഡിയ കൂട്ടിച്ചേര്‍ക്കുന്നു.
എന്താണ് പിടിഎസ്‍ഡി?
പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ (PTSD) എന്നത് ഞെട്ടിപ്പിക്കുന്നതോ ഭയപ്പെടുത്തുന്നതോ അപകടകരമായതോ ആയ സംഭവങ്ങൾ അനുഭവിച്ച ചില ആളുകളിൽ കാണപ്പെടുന്ന ഒരു മാനസികാവസ്ഥയാണ്. പ്രകൃതി ദുരന്തം, അപകടങ്ങള്‍, യുദ്ധം, ലൈംഗിക അതിക്രമം തുടങ്ങി നിരവധി സംഭവങ്ങള്‍ പിടിഎസ്‍ഡിക്ക് കാരണമാകുന്നുണ്ട്. ഇത് ഒരു വ്യക്തിയുടെ മാനസിക, വൈകാരിക, ശാരീരിക ക്ഷേമം ഉൾപ്പെടെ ജീവിതത്തിന്റെ എല്ലാ വശങ്ങളെയും പ്രതികൂലമായി ബാധിക്കുകയും, സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്യുന്നു.
സ്ത്രീകളെ ബാധിക്കുന്ന ഏറ്റവും വ്യാപകമായ ആഘാതങ്ങളിൽ ഒന്നാണ് ലൈംഗിക അതിക്രമമെങ്കിലും പിടിഎസ്‍ഡിയെ കുറിച്ചുള്ള മിക്ക ഗവേഷണങ്ങളും യുദ്ധം, പ്രകൃതിദുരന്തങ്ങൾ, അപകടങ്ങൾ എന്നിവ മൂലമുണ്ടാകുന്ന ആഘാതങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതുകൊണ്ടുതന്നെ ലൈംഗികാതിക്രമം മൂലമുണ്ടാകുന്ന പിടിഎസ്‍ഡി യുടെ ആഘാതങ്ങള്‍ ഇപ്പോഴും അവ്യക്തമാണ്. അതിനാല്‍ തന്നെ കൗമാരക്കാരിലും മുതിർന്ന സ്ത്രീകളിലും ലൈംഗികാതിക്രമം മൂലമുണ്ടാകുന്ന പിടിഎസ്‍ഡിയുടെ ആഘാതം പരിശോധിക്കുന്ന ആദ്യത്തേതും ഏറ്റവും വലിയ പഠനങ്ങളിൽ ഒന്നാണിത്.