എഐ നിര്‍മ്മിത പ്രതീകാത്മക ചിത്രം
ലോകത്ത് ആദ്യമായി പൂർണ്ണമായും പ്രവർത്തനക്ഷമമായ മനുഷ്യ ചർമ്മം ലാബില്‍ നിര്‍മ്മിച്ച് ഓസ്‌ട്രേലിയൻ ശാസ്ത്രജ്ഞര്‍മാര്‍. ക്വീൻസ്‌ലാൻഡ് സർവകലാശാലയിലെ സംഘമാണ് സ്റ്റെം സെല്ലുകൾ ഉപയോഗിച്ച് മനുഷ്യ ചർമ്മത്തിന്റെ ഒരു പകർപ്പ് സൃഷ്ടിച്ചത്. രക്തക്കുഴലുകൾ, കാപ്പിലറികൾ, രോമകൂപങ്ങൾ, ഞരമ്പുകൾ, ടിഷ്യു പാളികൾ, രോഗപ്രതിരോധ കോശങ്ങൾ എന്നിവയും ഈ ലാബില്‍ നിര്‍മ്മിച്ച ചര്‍മ്മത്തിലുണ്ട്. ചര്‍മ്മ ചികില്‍സാരംഗത്ത് പുതിയ വിപ്ലവത്തിനായിരിക്കും ഈ കണ്ടുപിടുത്തം വഴിയൊരുക്കുന്നത്.
ലോകത്ത് വികസിപ്പിച്ചെടുത്തിട്ടുള്ളതിൽ വച്ച് ഏറ്റവും ജീവൻ തുടിക്കുന്ന ചർമ്മ മാതൃകയാണിതെന്ന് ക്വീൻസ്‌ലാൻഡ് സർവകലാശാലയിലെ ഫ്രേസർ ഇൻസ്റ്റിറ്റ്യൂട്ടിലെ ടിഷ്യു എന്‍ജിനീയറിങ്, റീജനറേറ്റീവ് മെഡിസിൻ ശാസ്ത്രജ്ഞനും സംഘത്തിലെ മുഖ്യ ഗവേഷകനുമായ അബ്ബാസ് ഷാഫി പറഞ്ഞു. ഇതുവരെ, ചർമ്മരോഗങ്ങൾ പഠിക്കുന്നതിലും പുതിയ ചികിത്സകൾ വികസിപ്പിക്കുന്നതിലും ശാസ്ത്രജ്ഞർക്ക് പരിമിതികളുണ്ടായിരുന്നു. എന്നാല്‍ യഥാർഥ മനുഷ്യ ചർമ്മത്തെ അനുകരിക്കുന്ന ഈ കൃത്രിമ ചര്‍മ്മം ഉപയോഗിച്ച് രോഗങ്ങളെ കൂടുതൽ സൂക്ഷ്മമായി പഠിക്കാനും പുതിയ ചികില്‍സകള്‍ വികസിപ്പിച്ചെടുക്കാനും സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സ്റ്റെം സെല്ലുകളിലെ സമീപകാല പുരോഗതി ത്രിമാന സ്കിൻ ലാബ് മോഡലുകൾ എന്‍ജിനീയറിങ് ചെയ്യാന്‍ ഗവേഷകരെ പ്രാപ്തരാക്കിയിരുന്നു. മനുഷ്യ ചർമ്മകോശങ്ങൾ എടുത്ത് അവയെ സ്റ്റെം സെല്ലുകളാക്കി മാറ്റുകയായിരുന്നു ആദ്യം സംഘം ചെയ്തത്. ഇവയെ ശരീരത്തിലെ ഏത് തരത്തിലുള്ള കോശങ്ങളായും മാറ്റാം. ഈ സ്റ്റെം സെല്ലുകൾ പെട്രി ഡിഷുകളിൽ സ്ഥാപിച്ചു. പിന്നീട് അത് സ്കിൻ ഓർഗനോയിഡുകൾ എന്നറിയപ്പെടുന്ന ചർമ്മത്തിന്റെ ചെറിയ പതിപ്പുകളാക്കി വളര്‍ത്തിയെടുത്തു. അതേ സ്റ്റെം സെല്ലുകൾ ഉപയോഗിച്ച് ചെറിയ രക്തക്കുഴലുകൾ സൃഷ്ടിക്കുകയും ഈ വളര്‍ന്നുകൊണ്ടിരിക്കുന്ന ചർമ്മത്തിൽ അവ ചേർക്കുകയും ചെയ്തു.
സ്വാഭാവിക മനുഷ്യ ചർമ്മം പോലെ തന്നെയാണ് ഈ ലാബില്‍ വളര്‍ത്തിയെടുത്ത ചര്‍മ്മവും വികസിച്ചത്. പാളികൾ, രോമകൂപങ്ങൾ, പിഗ്മെന്റേഷൻ, പാറ്റേണുകള്‍, ഞരമ്പുകൾ തുടങ്ങി രക്തക്കുഴലുകള്‍ വഴി സ്വയം രക്തവിതരണത്തിനുള്ള കഴിവും ഇവയ്ക്കുണ്ടായിരുന്നുവെന്ന് വൈലി അഡ്വാൻസ്ഡ് ഹെൽത്ത്കെയർ മെറ്റീരിയൽസിൽ പ്രസിദ്ധീകരിച്ച ഗവേഷണത്തിൽ പറയുന്നു. ആറ് വർഷമെടുത്ത് വികസിപ്പിച്ചെടുത്ത ഈ ചർമ്മ മാതൃക, സോറിയാസിസ്, അറ്റോപിക് ഡെർമറ്റൈറ്റിസ്, സ്ക്ലിറോഡെർമ തുടങ്ങിയ ത്വക്ക് രോഗങ്ങള്‍ക്കുള്ള ഗ്രാഫ്റ്റുകളും ചികിത്സകളും മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് പഠനത്തിന്‍റെ സഹരചയിതാവ് പ്രൊഫസർ കിയാരഷ് ഖോസ്രോതെഹ്രാനി പറഞ്ഞു.