പതിവില്ലാതെ അല്പം ധൃതി പിടിച്ചാണ് ഇന്ന് (ഓഗസ്റ്റ് 5) ഭൂമി കറങ്ങുന്നത്. ഈ സ്പീഡിലെ കറക്കം നമുക്ക് അനുഭവപ്പെടില്ലെങ്കിലും ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ ദിവസങ്ങളിലൊന്നാകും ഇന്നെന്ന് ശാസ്ത്രലോകം പറയുന്നു. 2020 മുതലാണ് ഈ പ്രതിഭാസം ശാസ്ത്രജ്ഞരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഭൂമിയുടെ ഭ്രമണത്തില്‍ പൊടുന്നനെയുണ്ടായ ഈ സ്പീഡ് ദൈര്‍ഘ്യം കുറഞ്ഞ ദിവസങ്ങളിലാണ് കലാശിക്കുന്നതും.ജൂലൈ ഒന്‍പതിനും ജൂലൈ 22നും ഭൂമി ഇതുപോലെ പതിവിലും വേഗത്തില്‍ കറങ്ങി. ഇതോടെ 1.3 , 1.4 മില്ലീ സെക്കന്റുകള്‍ വീതമാണ് ദിവസത്തില്‍ നിന്ന് നമുക്ക് നഷ്ടപ്പെട്ടത്.
അറ്റോമിക് ഘടികാരങ്ങളുമായുള്ള സന്തുലിതാവസ്ഥ പാലിക്കുന്നതിനാണ് ഭൂമി ഇടയ്ക്ക് അല്പം കറക്കത്തിന്റെ വേഗത കൂട്ടുന്നതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. കറക്കത്തിനിടയിലെ വേഗത കൂട്ടലും കുറയ്ക്കലും അമ്പരപ്പിക്കുന്ന മാറ്റമാണ് ഉണ്ടാക്കുന്നതെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. മില്ലീ സെക്കന്റുകള്‍ മാറുന്നതോടെ ലോകത്തെ സമയ ക്രമങ്ങളില്‍ തന്നെ വ്യത്യാസമുണ്ടാകുന്നു. ഇത് നെറ്റ് വര്‍ക്കുകള്‍ക്കും സോഫ്റ്റ്വെയറുകള്‍ക്കും അപ്രതീക്ഷിതമായ 'പണി' കൊടുക്കുന്നുണ്ടെന്നും ഭൂമി വേഗം കൂട്ടുന്നതനുസരിച്ച് സമയം അഡ്ജസ്റ്റ് ചെയ്യാന്‍ സോഫ്റ്റ്വെയറുകളും പണിപ്പെടുമെന്നുമാണ് കണ്ടെത്തല്‍.
ഭൂമിയുടെ ഈ സ്പീഡിലെ കറക്കത്തിന്റെ കൃത്യമായ കാരണം കണ്ടെത്താന്‍ ഇതുവരേക്കും ശാസ്ത്രലോകത്തിനും സാധിച്ചിട്ടില്ല. ഭൂമിയുടെ അകക്കാമ്പിലെയോ ഭൗമോപരിതലത്തിലെയോ ഘടനകളുടെ സ്വാധീനമാകാമെന്നാണ് അനുമാനം. ഹിമാനികളുടെ അതിവേഗത്തിലുള്ള ഉരുക്കമാണ് ഭൂമിയുടെ ഭ്രമണത്തിന്റെ വേഗത വര്‍ധിപ്പിക്കുന്നതെന്ന് ചിലര്‍ വാദിക്കുന്നു. അതല്ല, എല്‍ നിനോയും ലാ നിനയുമാണ് ഇതിന് കാരണക്കാരെന്ന് വിശ്വസിക്കുന്നവരുമുണ്ട്.
എന്നാല്‍ ഇത് രണ്ടുമല്ല, ചന്ദ്രനാണ് കറക്കത്തിന്റെ വേഗത കൂട്ടുന്നതെന്നാണ് മറ്റൊരു വാദം. 2025ലെ മൂന്ന് ദിവസങ്ങളില്‍ ഭൂമധ്യരേഖയില്‍ നിന്ന് ചന്ദ്രന് ഏറ്റവുമകലെയാകുന്ന ദിവസങ്ങളിലാണ് ഇത് സംഭവിക്കുന്നതെന്നാണ് പഠനം പറയുന്നത്. കാര്യമെന്തായാലും ഇടയ്ക്കിടെയുള്ള ഈ സ്പീഡ് കൂട്ടലിന്റെ കാരണം കണ്ടെത്താന്‍ ശാസ്ത്രലോകം ഗൗരവമായി ശ്രമിക്കുകയാണ്.