ആഫ്രിക്കയ്ക്ക് താഴെ ഭൂമിയില്‍ അസാധാരണമായ സ്പന്ദനം കണ്ടെത്തി സതാംപ്ടൺ സർവകലാശാലയിലെ ഗവേഷകർ. മൂന്ന് ടെക്റ്റോണിക് പ്ലേറ്റുകൾ കൂടിച്ചേരുന്ന എത്യോപ്യയിലെ അഫാർ മേഖലയുടെ അടിയിലാണ് മനുഷ്യരിലെ ഹൃദയമിടിപ്പെന്ന പോലെയുള്ള താളാത്മകമായ സ്പന്ദനം ഗവേഷകര്‍ കണ്ടെത്തിയത്. ഉരുകിയ മാഗ്മ ഭൂമിയുടെ പുറംതോടിനെ താഴെ നിന്ന് തള്ളുന്നതാണ് ഈ പ്രതിഭാസത്തിന് കാരണം. ഇത് ക്രമേണ ഭൂഖണ്ഡത്തെ പിളര്‍ത്തി ഒരു പുതിയ സമുദ്രം രൂപപ്പെടുത്തിയേക്കാം എന്നും ഗവേഷകര്‍ പറയുന്നത്.
അഫാർ മേഖലയിലും മെയിൻ എത്യോപ്യൻ റിഫ്റ്റിലും നിന്നുമായി 130 ലധികം അഗ്നിപർവ്വത പാറകളുടെ സാമ്പിളുകൾ ശേഖരിച്ചായിരുന്നു പഠനം. പാറകളിലെ രാസ വരകൾ സൂചിപ്പിക്കുന്നത് ഹൃദയമിടിപ്പ് പോലെ പ്ലൂം സ്പന്ദിക്കുന്നുണ്ടെന്നാണ്. ഇതില്‍ നിന്നാണ് അഫാറിന് താഴെയുള്ള ആവരണം നിശ്ചലമല്ലെന്നും സ്പന്ദിക്കുന്നെന്നുമുള്ള അനുമാനത്തില്‍ ഗവേഷകര്‍ എത്തിയത്. റിഫ്റ്റ് പ്ലേറ്റുകളാണ് ഭാഗികമായി ഉരുകിയ മാന്റിലിന്റെ ഈ സ്പന്ദനങ്ങള്‍ക്ക് കാരണമാകുന്നതെന്നും ഗവേഷകര്‍ പറയുന്നു. ഇത് ടെക്റ്റോണിക് പ്ലേറ്റുകൾ മാന്റിലിൽ നിന്നുള്ള ചൂടുള്ള വസ്തുക്കളുടെ മുകളിലേക്കുള്ള ഒഴുക്കിനെ എങ്ങനെ സ്വാധീനിക്കുന്നുവെന്നതില്‍ പുതിയ വെളിച്ചം വീശുന്നു.
അതേസമയം ഈ പ്രതിഭാസം ക്രമേണ ഭൂഖണ്ഡത്തെ വേര്‍പെടുത്തുകയും ഒരു പുതിയ സമുദ്രം രൂപപ്പെടുത്തുകയും ചെയ്യുമെന്ന് ഗവേഷകര്‍ പറയുന്നു. ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ കൊണ്ട് സമുദ്രത്തിന്റെ അടിത്തട്ടും കടൽത്തീരവുമുണ്ടാകുമെന്നും പഠനം പറയുന്നു. മാന്റിലിൽ നിന്നുള്ള ചൂടുള്ള വസ്തുക്കളുടെ പ്രവാഹങ്ങളുടെ പരിണാമം ഫലകങ്ങളുടെ ചലനവുമായി അടുത്ത് ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് ഗവേഷകര്‍ അനുമാനിക്കുന്നത്. അഗ്‌നിപര്‍വ്വത പ്രവര്‍ത്തനങ്ങള്‍, ഭൂകമ്പം, ഭൂഖണ്ഡം വേര്‍പെടുന്ന പ്രക്രിയ എന്നിവയ്ക്ക് ആഴത്തിലുള്ള പ്രത്യാഘാതങ്ങളുണ്ടെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. ജൂൺ 25ന് നേച്ചർ ജിയോസയൻസ് ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.