Representative Image : AFP
ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ തട്ടിക്കൊണ്ടുപോയ അഞ്ച് ഇന്ത്യക്കാരുടെ മോചനത്തിനായി ശ്രമം തുടങ്ങിയതായി ഇന്ത്യന്‍ എംബസി. മാലി ഉദ്യോഗസ്ഥരുമായും ബന്ധപ്പെട്ട കമ്പനി അധികൃതരുമായും ആശയവിനിമയം നടത്തുന്നുണ്ട്. എത്രയും വേഗം അവരെ സുരക്ഷിതമായി മോചിപ്പിക്കാനാണ് ശ്രമമെന്നും മാലിയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.
പടിഞ്ഞാറന്‍ മാലിയിലെ കോബ്രിയില്‍ വൈദ്യുതി കമ്പനിയുടെ ജോലി ചെയ്തിരുന്ന അഞ്ച് ഇന്ത്യക്കാരെ വ്യാഴാഴ്ചയാണ് സായുധ സംഘം തട്ടിക്കൊണ്ടുപോയത്. അല്‍ ക്വയ്ദ– ഐ.എസ്.ഐ.എസ് ശക്തികേന്ദ്രമാണിത്. ആരും ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. കമ്പനിയിലെ മറ്റ് ഇന്ത്യക്കാരെ ഉടന്‍ തന്നെ തലസ്ഥാനമായ ബാമകോവിലേക്ക് മാറ്റിയെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ മാലിയില്‍ നിലവില്‍ സൈനികഭരണമാണ്.
വിദേശികളെ തട്ടിക്കൊണ്ട് പോകുന്നതും അവരെ വച്ച് വിലപേശുന്നതും 2012 മുതല്‍ മാലിയില്‍ പതിവാണ്. സെപ്റ്റംബറില്‍ രണ്ട് എമിറാത്തി പൗരന്‍മാരെയും ഒരു ഇറാന്‍ പൗരനെയും തീവ്രവാദി സംഘടനകള്‍ തട്ടിക്കൊണ്ടുപോയിരുന്നു. 50 മില്യന്‍ ഡോളര്‍ മോചനദ്രവ്യമായി നല്‍കിയതിനെ തുടര്‍ന്നാണ് ഇവരെ കഴിഞ്ഞയാഴ്ച വിട്ടയച്ചത്. ജനുവരിയില്‍ തട്ടിക്കൊണ്ടു പോയ മൊറോക്കന്‍ ട്രക്ക് ഡ്രൈവര്‍മാരെ വന്‍തുക മോചനദ്രവ്യമായി ഈടാക്കിയ ശേഷം ഓഗസ്റ്റിലാണ് ഐഎസ് സംഘം വിട്ടയച്ചത്.