എഐ നിര്‍മ്മിത പ്രതീകാത്മക ചിത്രം
കൂരിരുട്ടിലും ആളുകളെ കാണാന്‍ സഹായിക്കുന്ന ഇൻഫ്രാറെഡ് കോൺടാക്റ്റ് ലെൻസുകൾ വികസിപ്പിച്ചതായി ശാസ്ത്രജ്ഞര്‍. ചൈനയിലെ സയൻസ് ആൻഡ് ടെക്നോളജി സർവകലാശാലയിലെ ഗവേഷകരാണ് ഇതിനുപിന്നില്‍. ഇരുട്ടില്‍ കാണാം എന്നതിനപ്പുറം കണ്ണടച്ചുപോലും കാണാൻ കഴിയുമെന്നാണ് ശാസ്ത്രജ്ഞരുടെ അവകാശവാദം.
പരമ്പരാഗത കോൺടാക്റ്റ് ലെൻസുകളിലെ ഫ്ലെക്സിബിൾ പോളിമറുകൾ നാനോകണങ്ങളുമായി സംയോജിപ്പിച്ചാണ് അതിശയിപ്പിക്കുന്ന ഈ കോണ്‍ടാക്ട് ലെന്‍സ് വികസിപ്പിച്ചത്. പരമ്പരാഗത നൈറ്റ് വിഷൻ ഗ്ലാസുകളിൽ നിന്ന് വ്യത്യസ്തമായി ഈ ലെൻസുകൾക്ക് ഊര്‍ജ സ്രോതസ്സ് ആവശ്യമില്ല. വ്യാഴാഴ്ച സെൽ ജേണലിൽ ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചു. ഈ സാങ്കേതികവിദ്യയില്‍ നാനോകണങ്ങൾ ഇൻഫ്രാറെഡ് പ്രകാശത്തെ ആഗിരണം ചെയ്യുകയും സസ്തനികളുടെ കണ്ണുകൾക്ക് തിരിച്ചറിയാന്‍ കഴിയുന്ന തരംഗദൈർഘ്യങ്ങളാക്കി മാറ്റുകയുമാണ് ചെയ്യുന്നത്. ഇൻഫ്രാറെഡ് പ്രകാശത്തിന് കണ്‍പോളയ്ക്കുള്ളിലൂടെ പ്രവേശിക്കാൻ കഴിയുമെന്നതിനാല്‍ കണ്ണച്ചാലും കാണാം.
കാഴ്ചയുടെ ഗുണനിലവാരം വര്‍ധിപ്പിക്കാന്‍ മാത്രമല്ല മറ്റ് പല കാര്യങ്ങളിലും ഈ സാങ്കേതികവിദ്യ സഹായകമാകും. ദൂരക്കാഴ്ച കൂടുതൽ വ്യക്തവും അനായാസവുമാകും. വര്‍ണാന്ധതയുള്ളവര്‍ക്ക് മെച്ചപ്പെട്ട കാഴ്ച ഉറപ്പാക്കാം. അപകടസാഹചര്യങ്ങളിൽ കണ്ണച്ചുപോയാലും ചുറ്റുപാടുകൾ വ്യക്തമായി കാണാം. മൂടൽമഞ്ഞോ പൊടി നിറഞ്ഞതോ ആയ സാഹചര്യങ്ങളിലും കാഴ്ച സാധ്യമാക്കുന്നു. ചിന്തിക്കാവുന്നതിലും അധികമാണ് ഈ ലെന്‍സുകളുടെ വിപ്ലവകരമായ ലക്ഷ്യങ്ങള്‍.
ആളുകൾക്ക് സൂപ്പർ വിഷൻ നൽകുന്ന, എളുപ്പത്തില്‍ ധരിക്കാവുന്ന ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള സാധ്യതകളാണ് തുറന്നുവരുന്നതെന്ന് ചൈനയിലെ സയൻസ് ആൻഡ് ടെക്നോളജി സർവകലാശാലയിലെ ന്യൂറോ സയന്റിസ്റ്റ് ടിയാൻ സൂ പറഞ്ഞു. സയൻസ് ഫിക്ഷൻ സിനിമ പോലെ തോന്നുമെങ്കിലും മനുഷ്യന്‍റെ കാഴ്ചാനുഭവത്തെ മാറ്റിമറിക്കാന്‍ സാധിക്കുന്ന ഈ കണ്ടുപിടുത്തം ഭാവിയിൽ സാധാരണ കണ്ണടകൾ പോലെ വ്യാപകമായേക്കാമെന്നും ജീവിതനിലവാരം തന്നെ മാറ്റിമറിച്ചേക്കാമെന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.