Image Credit: instagram/grace.jamisonn

Image Credit: instagram/grace.jamisonn

കണ്ണട വയ്ക്കുന്നതിലെ അസൗകര്യം ഒഴിവാക്കാനും കാഴ്ചയുടെ ഭംഗിക്കായും പലരും കോണ്‍ടാക്ട് ലെന്‍സുകളെ ആശ്രയിക്കാറുണ്ട്. എന്നാല്‍ അവ സൂക്ഷ്മതയോടെ കൈകാര്യം ചെയ്തില്ലെങ്കിലുണ്ടാകുന്ന  പ്രശ്നങ്ങള്‍  പലപ്പോഴും പരിഹരിക്കാന്‍ കഴിയണമെന്നില്ല. അമേരിക്കക്കാരി ഗ്രേസ് ജാമിസന്‍ (20) ആണ് കോണ്‍ടാക്ട് ലെന്‍സ് ശ്രദ്ധയില്ലാതെ ഉപയോഗിച്ചതിലൂടെ തനിക്ക് കാഴ്ച പൂര്‍ണമായും നഷ്ടമായെന്ന് തുറന്ന് പറയുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഗ്രേസിന്‍റെ വെളിപ്പെടുത്തല്‍. 

അവധിയാഘോഷിക്കാനായി ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ പോയതായിരുന്നു ഗ്രേസ്. കുളിക്കാന്‍ നേരം കോണ്‍ടാക്ട് ലെന്‍സുകള്‍ മാറ്റാന്‍ മറന്നു. കുളിക്കുന്നതിനിടെ വെള്ളത്തിലുള്ള അതിസൂക്ഷ്മ ജീവിയായ അകാന്തമീബ കണ്ണില്‍ കടന്നു. അവധി കഴിഞ്ഞ് യുഎസിലേക്ക് ഗ്രേസ് മടങ്ങിയെത്തിയതിന് പിന്നാലെ കണ്ണില്‍ അണുബാധയുമുണ്ടായി. സാധാരണ അസ്വസ്ഥതയായിരിക്കുമെന്ന് ധരിച്ച ആശുപത്രി അധികൃതര്‍ കണ്ണിലൊഴിക്കാന്‍ സ്റ്റിറോയ്ഡ് അടങ്ങിയ തുള്ളികളും നല്‍കി. ഇതോടെ സ്ഥിതി വഷളായി. 

ഒരാഴ്ച കഴിഞ്ഞതോടെ ഗ്രേസിന്‍റെ കാഴ്ച പൂര്‍ണമായും നശിച്ചു. അകാന്തമീബ കേരറ്റൈറ്റിസിനെ തുടര്‍ന്നാണ് കാഴ്ച നശിച്ചത്. രണ്ട് മാസത്തോളം പൂര്‍ണമായി അന്ധയായിരുന്നുവെന്നും തുടര്‍ന്ന് വിദഗ്ധ ചികില്‍സ ലഭിച്ചതിന് ശേഷമാണ് സ്ഥിതി മെച്ചപ്പെടാന്‍ തുടങ്ങിയതെന്നും ഗ്രേസ് പറയുന്നു. അണുബാധയോട് ശരീരത്തിലെ ഇന്‍ഫ്ലമേറ്ററി സംവിധാനം തീവ്രമായി പ്രതികരിച്ചതാണ് താല്‍കാലികമായി പൂര്‍ണമായും കാഴ്ച ഇല്ലാതെയാകുന്ന സ്ഥിതിയുണ്ടാക്കിയതെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഈ സംഭവത്തിന് ശേഷം ഗ്രേസ് തന്‍റെ ദൈനംദിന കാര്യങ്ങള്‍ സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കാന്‍ തുടങ്ങി. ഇപ്പോഴും ഗ്രേസിന്‍റെ വലതുകണ്ണിന് ഒട്ടും കാഴ്ചയില്ല. ലൈറ്റുകള്‍ കാണുമ്പോള്‍ മേഘം പോലെ വെളുത്ത എന്തോ ആയിട്ടാണ് അനുഭവപ്പെടാറുള്ളതെന്നും യുവതി പറയുന്നു. ഒന്നും പഴയത് പോലെ ആയില്ലെങ്കിലും ഇടത്തേ കണ്ണിന്‍റെ കാഴ്ച കുറച്ചെങ്കിലും വീണ്ടെടുക്കാനായി എന്നും കാഴ്ചശക്തി മെച്ചപ്പെടുത്താന്‍ സര്‍ജറി നടത്തേണ്ടതുണ്ടെന്നും യുവതി പറയുന്നു.

കോണ്‍ടാക്ട് ലെന്‍സ് അപകടമുണ്ടാക്കുമോ? കുളിക്കുമ്പോഴും നീന്തുമ്പോഴും വെള്ളവുമായി നേരിട്ട് ബന്ധം വരുന്ന സാഹചര്യങ്ങളിലെല്ലാം കോണ്‍ടാക്ട് ലെന്‍സുകള്‍ ഒഴിവാക്കുന്നതാണ് നല്ലത്. പ്രത്യേകിച്ചും പൂളിലെയും കുളങ്ങള്‍, നദികള്‍ തുടങ്ങിയ പ്രകൃതി സ്രോതസുകളിലും അപകടകാരികളായ സൂക്ഷ്മാണുക്കള്‍ ഉണ്ടാകാം. ഇവ ലെന്‍സില്‍ പറ്റിപ്പിടിക്കുകയും കണ്ണില്‍ അണുബാധയ്ക്ക് കാരണമാകുകയും  ചെയ്യാം. കോണ്‍ടാക്ട് ലെന്‍സുകള്‍ എപ്പോഴും ലെന്‍സ് സൊലൂഷനില്‍ തന്നെ നിര്‍ബന്ധമായും സൂക്ഷിക്കുക. നിരന്തരം വൃത്തിയായി സൂക്ഷിക്കുക. ലെന്‍സ് കൈകാര്യം ചെയ്യുമ്പോള്‍ ശുചിത്വം ഉറപ്പാക്കുക, ഉറങ്ങുമ്പോള്‍ കോണ്‍ടാക്ട് ലെന്‍സുകള്‍ ഒഴിവാക്കുക എന്നിവയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍. 

ENGLISH SUMMARY:

Grace Jamison, a 20-year-old American woman, lost her vision after accidentally showering with her contact lenses on during a vacation in the Dominican Republic. An ultra-microscopic organism called Acanthamoeba, found in water, entered her eye through the lens, causing a severe infection known as Acanthamoeba Keratitis. Despite initial treatment with steroid drops, her condition worsened, leading to total blindness for two months. While she has partially regained vision in one eye after intensive treatment, she remains blind in her right eye. Health experts warn contact lens users to remove them before swimming or showering to avoid permanent eye damage.