People watch a visualization of the sperm race
സ്പേം റേസിങ്, അഥവാ ബീജങ്ങളുടെ ഓട്ടമല്‍സരം... ലോസ് ഏഞ്ചൽസിലെ ഈ ഓട്ടമല്‍സരം ലോകത്ത് ആകമാനം ചര്‍ച്ചയായിരുന്നു. യഥാര്‍ഥത്തില്‍ ഈ ഓട്ടമല്‍സരം ഒരു തമാശ ആയിരുന്നില്ല. പുരുഷ വന്ധ്യതയിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നതിനായാണ് ഒരു മില്യൺ ഡോളറിലധികം സമാഹരിച്ച് പരിപാടി നടത്തിയത്. ഹൈസ്കൂള്‍ വിദ്യാര്‍ഥിയായ 17 വയസുകാരന്‍ എറിക് ഷുവാണ് ഇതിന് പിന്നിലെന്നും ശ്രദ്ധേയമാണ്. കഴിഞ്ഞ 50 വർഷത്തിനിടെ പുരുഷന്‍മാരില്‍ ശരാശരി ബീജങ്ങളുടെ എണ്ണം പകുതിയായി കുറഞ്ഞുവെന്ന് അവകാശപ്പെടുന്ന സമൂഹമാധ്യമങ്ങളില്‍ പങ്കിട്ട ചില പോസ്റ്റുകളാണ് ഇത്തരമൊരു മല്‍സരത്തിന് തനിക്ക് പ്രചോദനമായതെന്ന് എറിക് പറഞ്ഞിരുന്നു. ആർക്കും കുഞ്ഞുങ്ങളെ ജനിപ്പിക്കാൻ കഴിയാത്ത ഒരു ഡിസ്റ്റോപ്പിയൻ ഭാവി ഉണ്ടാകുമെന്ന ഭയത്തില്‍ നിന്ന് പ്രത്യുൽപാദന ആരോഗ്യത്തിന്റെ പ്രാധാന്യം എടുത്തുകാണിക്കാനായിരുന്നു മല്‍സരം,
മല്‍സരം സംഘടിപ്പിച്ച എറിക് ഷു
വെള്ളിയാഴ്ച രാത്രി ലോസ് ഏഞ്ചൽസിലായിരുന്നു മല്‍സരം നടന്നത്. വേദിയില്‍ ഒരു ലാബ് ടെക്നീഷ്യന്‍ മത്സരാർത്ഥികളിൽ നിന്ന് മുൻകൂട്ടി ശേഖരിച്ച ബീജ സാമ്പിളുകൾ രണ്ട് മില്ലിമീറ്റർ നീളമുള്ള ചെറിയ "ട്രാക്കുകളിൽ നിക്ഷേപിച്ചു. മൈക്രോസ്കോപ്പ് ഉപയോഗിച്ച് 100 തവണ വലുതാക്കി തുടര്‍ന്ന് ക്യാമറ ഉപയോഗിച്ച് മല്‍സരം ചിത്രീകരിച്ചു. ഒരു 3D ആനിമേഷൻ സോഫ്റ്റ്‌വെയറിലേക്ക് കൂടി മാറ്റിയാണ് മല്‍സരത്തിന്‍റെ വിഡിയോ പ്രേക്ഷകർക്ക് പ്രക്ഷേപണം ചെയ്തത്. യൂണിവേഴ്സിറ്റി ഓഫ് സതേണ്‍ കാലിഫോര്‍ണിയയിലെ ട്രിസ്റ്റൻ എന്ന വിദ്യാര്‍ഥിയുടേയും ലോസ് ആഞ്ചലസിലെ കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയിലെ ആഷറിന്‍റെയും ബീജ സാമ്പിളുകളാണ് മല്‍സരത്തിന് ഉപയോഗിച്ചത്. ഓട്ടത്തിന്റെ അവസാനം ആഷർ പ്രോഗറിന്‍റെ ബീജത്തെ കടത്തിവെട്ടി ട്രിസ്റ്റന്‍റെ ബീജം വിജയിക്കുകയും ചെയ്തു.
മനുഷ്യരിലെ ബീജങ്ങളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് അനുഭവപ്പെട്ടിട്ടുണ്ടെന്ന് തരത്തിലുള്ള പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ ശാസ്ത്രജ്ഞരോ ഗവേഷകരോ ഇതുവരെ പ്രതികരിച്ചിട്ടില്ല. പല പഠനങ്ങൾ പരസ്പരവിരുദ്ധമായ ഫലങ്ങൾ കാണിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. അതേസമയം കൂടുതല്‍ കുട്ടികളെ ജനിപ്പിക്കുന്നത് പ്രോല്‍സാഹിപ്പിക്കുന്ന പ്രൊനറ്റലിസത്തിന്‍റെ വക്താവല്ല താനെന്നും ഇതുമായി തനിക്ക് ഒരു ബന്ധമില്ലെന്നും എറിക് ഷു പറയുന്നു. ‘ഭൂമിയിലെ ജനസംഖ്യ വര്‍ധിപ്പിക്കാന്‍ ആഗ്രഹിക്കുന്ന ഇലോൺ മസ്‌കിനെപ്പോലെയല്ല ഞാൻ’ അദ്ദേഹം എഎഫ്‌പിയോട് പറഞ്ഞു. അതേസമയം ബീജത്തിന്റെ ഗുണനിലവാരം മൊത്തത്തിലുള്ള ആരോഗ്യവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതിനെക്കുറിച്ച് അവബോധം വളർത്തുക മാത്രമാണ് തന്‍റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Tristan Mykel of USC holds a golden sperm trophy after winning the Sperm Racing competition championship
നിങ്ങളുടെ ജീവിതരീതി നിങ്ങളുടെ ഇഷ്ടമാണ്. പക്ഷേ ഇവയെല്ലാം നിങ്ങളുടെ ബീജത്തിന്‍റെ ആരോഗ്യത്തില്‍, ചലന ശേഷിയില്‍ കാര്യമായ പങ്കുവഹിക്കുന്നുണ്ടെന്ന് പറഞ്ഞ എറിക്, ഹോർമോണൽ ആക്റ്റീവ് കെമിക്കലുകൾ എന്ന രാസവസ്തുവിന്റെ വ്യാപനം മനുഷ്യന്റെ പ്രത്യുൽപാദനക്ഷമതയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്ന മൗണ്ട് സിനായിലെ ഇക്കാൻ സ്കൂൾ ഓഫ് മെഡിസിനിലെ പ്രത്യുൽപാദന എപ്പിഡെമിയോളജിസ്റ്റായ ഷന്ന സ്വാനിന്‍റെ പഠനത്തെയും ഉദ്ധരിച്ചു.
പെട്ടെന്ന് കേള്‍ക്കുമ്പോള്‍ ഈ ബീജങ്ങളുടെ ഓട്ട മത്സരം കൗമാരക്കാരുടെ തമാശയെന്നോ വൈറൽ സ്റ്റണ്ടെന്നോ തോന്നിയേക്കാം. അത്തരത്തില്‍ മാത്രം മല്‍സരത്തെ ഉള്‍ക്കൊണ്ട് പുരുഷ ജനനേന്ദ്രിയത്തോട് സാമ്യമുള്ള വസ്ത്രങ്ങൾ ധരിച്ചെത്തിയവരും അശ്ലീല തമാശകള്‍ പറഞ്ഞവരും ഈ ഓട്ടമല്‍സരം കാണാനെത്തിയിരുന്നെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു ലക്ഷത്തിലധികം പേരാണ് പരിപാടിയുടെ യൂട്യൂബ് ലൈവ് തല്‍സമയം കണ്ടത്.