A view of the Garhwal Himalaya range
60 മില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇന്ത്യന്‍ ഫലകവും യൂറേഷ്യന്‍ ഫലകവും കൂട്ടിയിടിച്ചാണ് ഹിമാലയം ഉണ്ടാകുന്നത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പര്‍വതനിര. എന്നാല്‍ ഈ കൂട്ടിയടി പര്‍വത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമല്ല ദക്ഷിണേഷ്യയില്‍ തുടര്‍ച്ചയായുള്ള ഭൂചലനങ്ങള്‍ക്കും പ്രകമ്പനങ്ങള്‍ക്കും കാരണമാകുന്നു. എന്നാല്‍ കാലങ്ങളായി ഇന്ത്യന്‍ ഫലകം യൂറേഷ്യന്‍ ഫലകത്തിനടിയിലേക്ക് ക്രമാനുഗതമായും സ്ഥിരമായും നീങ്ങിക്കൊണ്ടിരിക്കുകയാണെന്നാണ് ശാസ്ത്രജ്ഞര്‍ കരുതിയിരുന്നത്. ഈ ചലനം മൂലം ടിബറ്റൻ പീഠഭൂമി സാവധാനം ഉയരുകയും ക്രമേണയും പർവതങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു.
എന്നാല്‍ ഈ സിദ്ധാന്തങ്ങളെ മാറ്റിമറയ്ക്കുന്നതാണ് പുതിയ പഠനം. ഇന്ത്യന്‍ ഫലകം യുറേഷ്യൻ ഫലകത്തിനടിയിൽ തെന്നിമാറുകയല്ല മറിച്ച് ടിബറ്റിന് താഴെ ആഴത്തില്‍ രണ്ടായി പിളരുകയാണെന്ന് പുതിയ പഠനം തെളിയിക്കുന്നു. സാൻ ഫ്രാൻസിസ്കോയിൽ നടന്ന അമേരിക്കൻ ജിയോഫിസിക്കൽ യൂണിയൻ കോൺഫറൻസിലാണ് ഈ കണ്ടെത്തലുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഫലകത്തിന്‍റെ താഴ് ഭാഗം അടർന്ന് ഭൂമിയുടെ ആവരണത്തിലേക്ക് നീങ്ങുന്നു, അതേസമയം ഭാരം കുറഞ്ഞ മുകള്‍ ഭാഗം ഉപരിതലത്തിന് തൊട്ടുതാഴെയായി നീങ്ങുകയും ചെയ്യുന്നുവെന്നാണ് പഠനം. ഇത് വളരെ അപൂര്‍വമായിട്ടുള്ള പ്രക്രിയയാണ്. മാത്രമല്ല ഭൂമിക്കടിയില്‍ ലംബമായി വിള്ളല്‍ സൃഷ്ടിക്കാനും ഇത് കാരണമാകുന്നു.
ഇത് വെറും പഠനം മാത്രമല്ലെന്നും ഗവേഷകര്‍ പറയുന്നു. ഇതിന്‍റെ സൂചനകള്‍ ഭൂമിയുടെ ഉപരിതലത്തില്‍ തന്നെ പ്രകടമാണ്. ടിബറ്റൻ പീഠഭൂമിയിലുടനീളം ഭൂകമ്പങ്ങളുണ്ടാകുകയും വിള്ളലുകള്‍ രൂപപ്പെടുകയും ചെയ്യുന്നുണ്ട്. ഇത് ഭൂമിക്കടിയിൽ അസാധാരണമായ എന്തോ സംഭവിക്കുന്നതിന്റെ സൂചന നൽകുന്നതാണെന്ന് ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു. കൂടാതെ ഭൂമിയുടെ ഉള്ളിൽ സാധാരണയായി കണ്ടുവരുന്ന അപൂര്‍വ വാതകം ഹീലിയം-3 ന്റെ ഉയർന്ന അളവില്‍ ഇവിടങ്ങളിലെ നീരുറവകളില്‍ ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്.
ഭൂമിയിലെ ഏറ്റവും സജീവ ഭൂകമ്പ മേഖലകളിൽ ഒന്നാണ് ഹിമാലയൻ മേഖല. സ്റ്റാൻഫോർഡ് ജിയോഫിസിസിസ്റ്റ് സൈമൺ ക്ലെംപെറര്‍ പറയുന്നതനുസരിച്ച് ഈ പ്രക്രിയ ഭൂമിയുടെ പുറംതോടിൽ പുതിയ സമ്മർദ്ദ പോയിന്റുകൾ സൃഷ്ടിക്കുകയും ഇടയ്ക്കിടെയുള്ളതും കൂടുതൽ ശക്തമായതുമായ ഭൂകമ്പങ്ങൾക്ക് കാരണമാവുകയും ചെയ്യും. ഈ വിള്ളലിനടുത്തുള്ള പ്രദേശങ്ങൾ വരും വർഷങ്ങളിൽ വലിയ ഭൂചലനങ്ങളെയും നേരിടേണ്ടിവന്നേക്കാം.
ഇന്ത്യൻ ഫലകം ഭൂമിക്കടിയിൽ എങ്ങനെ പിളരുന്നു എന്ന കണ്ടെത്തല്‍ ഭൂകമ്പ പ്രവചന സാങ്കേതിക വിദ്യകള്‍ മികച്ചതാക്കാൻ കഴിയും. ഇത് ഭൂമിയുടെ ഉപരിതല പരിണാമത്തെ നന്നായി മനസ്സിലാക്കാനും കൂടുതൽ കൃത്യതയോടെ ഭൂചലനങ്ങള്‍ പ്രവചിക്കാനും സഹായിക്കുമെന്ന് ഗവേഷണ സംഘം വിശദീകരിക്കുന്നു. മാത്രമല്ല ചില പർവതനിരകൾ എങ്ങനെ, എന്തുകൊണ്ട് രൂപം കൊള്ളുന്നു എന്നതിനെക്കുറിച്ചുള്ള ദീർഘകാല ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനും ഈ കണ്ടെത്തലിന് സാധിക്കും. അമേരിക്കൻ ജിയോഫിസിക്കൽ യൂണിയനിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.