സാധാരണയായി നാം രുചി അറിയുന്നത് നാവിലൂടെയാണ്. നാവിലെ രുചിമുകുളങ്ങള്‍ ഭക്ഷണപാനീയങ്ങളിലെ രാസപദാര്‍ഥങ്ങളെ തിരിച്ചറിഞ്ഞാണ് നമുക്ക് രുചി അനുഭവവേദ്യമാക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ത്വക്കിലൂടെയും രുചി അറിയാന്‍ കഴിയുമെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. കയ്പ് തിരിച്ചറിയാന്‍ സഹായിക്കുന്ന കോശങ്ങള്‍ നമ്മുടെ ത്വക്കിലുമുണ്ടെന്നാണ് കണ്ടെത്തല്‍.
ഒകയാമ യൂണിവേഴ്സിറ്റി ഓഫ് സയൻസിലെ ഗവേഷകരാണ് ഈ പഠനം നടത്തിയത്. ശരീരത്തിന് ഹാനികരമായിട്ടുള്ളതൊന്നും ഉള്ളിലേക്ക് കടക്കാതിരിക്കാനാണ് ഇത്തരത്തിലൊരു സംവിധാനം. കയ്പ് ചവര്‍പ്പ് തുടങ്ങിയ രുചികളെ നാവിന് അറിയാന്‍ സഹായിക്കുന്ന കോശങ്ങളാണ് ടൈപ്പ്-2 റിസപ്‌റ്റേഴ്‌സ്. ഇവയാണ് ത്വക്കിലും ഉള്ളത്. എന്നാല്‍ ഇവ ത്വക്കിലും നാവിലും മാത്രമല്ല വൻകുടൽ, ആമാശയം, ശ്വാസനാളങ്ങൾ എന്നിവയിലെല്ലാം കാണപ്പെടുന്നുണ്ട്.
ടൈപ്പ്-2 റിസപ്‌റ്റേഴ്‌സ് ചര്‍മ്മകോശങ്ങളില്‍ പ്രവര്‍ത്തിക്കുന്നു എന്ന് 2015 ല്‍ തന്നെ ഗവേഷകര്‍ കണ്ടെത്തിയിരുന്നു. ഫിനൈല്‍തയോകാര്‍ബാമൈഡ് എന്ന രാസവസ്തു ഉപയോഗിച്ചാണ് ത്വക്കിലുള്ള പരീക്ഷണം നടത്തിയത് ഇത് ചര്‍മ്മ കോശത്തിലെത്തിയപ്പോള്‍ തന്നെ അതിനെ പുറന്തള്ളാനുള്ള സംയുക്തങ്ങള്‍ ഉല്‍പാതിപ്പിക്കുന്നു എന്ന് കണ്ടെത്തി. ദോഷകരമായ വസ്തുക്കളിൽ നിന്ന് കോശങ്ങളെ സംരക്ഷിക്കാൻ ടൈപ്പ്-2 റിസപ്‌റ്റേഴ്‌സ് സഹായിക്കുന്നു എന്നാണ് പഠനത്തില്‍ പറയുന്നത്.