Image Credit: Tim Fogg

TOPICS COVERED

പ്രശസ്ത അമേരിക്കന്‍ സീരീസ് വാക്കിങ് ഡെഡ് കണ്ടിട്ടുണ്ടോ? പേര് സൂചിപ്പിക്കും പോലെ ‘മരിച്ചിട്ടും നടക്കുന്നവര്‍’! മരണ ശേഷം മനുഷ്യന്‍റെ ശരീരത്തിന്‍റെയും തലച്ചോറിന്‍റെയും നിയന്ത്രണം ഏറ്റെടുക്കുന്ന വൈറസുകള്‍! ‘സോംബി’ സിനിമകള്‍ നമുക്ക് ഒരു സയന്‍സ് ഫിക്ഷന്‍ മാത്രമാണ്. എന്നാല്‍ ഒടുവില്‍ അതും യാഥാര്‍ഥ്യമാകുകയാണോ? ഗുഹാ ചിലന്തികളെ ‘സോംബികളാക്കി’ മാറ്റുന്ന ഒരു തരം ഫംഗസിനെ തിരിച്ചറിഞ്ഞിരിക്കുകയാണ് യൂറോപ്പിലെ ശാസ്ത്രജ്ഞർ. ചിലന്തികളെ ബാധിക്കുന്ന ഈ വൈറസ്, അവയെ അകാലമരണത്തിലേക്ക് തള്ളിവിടുകയും മരണ ശേഷം ചിലന്തികളുടെ ശവശരീരങ്ങൾ തങ്ങള്‍ക്ക് വേണ്ടരീതിയിൽ പ്രവർത്തിപ്പിക്കുകയുമാണ് ചെയ്യുന്നത്. 

പുതുതായി കണ്ടെത്തിയ ജിബെല്ലുലാ അറ്റൻബെറോഗി (Gibellula attenboroughii) എന്ന ഈ ഫംഗസ് മുന്‍പു കണ്ടെത്തിയ സോംബി ആന്‍റ് ഫംഗസിനെപ്പോലെയാണ് പ്രവർത്തിക്കുന്നത്. എന്നാല്‍ എങ്ങിനെയാണ് ചിലന്തികളുടെ തലച്ചോറിനെ ഫംഗസ് എങ്ങനെ ബാധിക്കുന്നു എന്നത് ഇപ്പോഴും തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. കൂടാതെ ഫംഗസിന്റെ പരിണാമങ്ങളെ കുറിച്ചും പാരിസ്ഥിതിക ആഘാതങ്ങളെ കുറിച്ചും ഉത്തരമില്ലാതെ അനവധി ചോദ്യങ്ങള്‍ അവശേഷിക്കുന്നുണ്ട്.

ബ്രസീലിലെ നിത്യഹരിതവനങ്ങളിലെ ഉറുമ്പുകളെ ഇത്തരത്തിൽ ബാധിക്കുന്ന ഒരുതരം ഫംഗസിനെ മുൻപും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ കടന്നലുകളെ ബാധിക്കുന്നവയുമുണ്ട്. എന്നാല്‍ ചിലന്തികളെ ബാധിക്കുന്ന ഈ ഇനത്തെ ആദ്യമായാണ് തിരിച്ചറിയുന്നത്. ഒരു വലിയ ഫംഗസ് കുടുംബത്തിന്‍റെ ഭാഗമാകാം ഈ ഫംഗസുകള്‍ എന്നാണ് കരുതുന്നത്. ജനുവരി 24-ന് ഫംഗൽ സിസ്റ്റമാറ്റിക്സ് ആൻഡ് എവല്യൂഷൻ ജേണലില്‍ ഇതു സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരുന്നു. 

2021 ല്‍ വടക്കൻ അയർലണ്ടിലെ കൗണ്ടി ഡൗണില്‍ ബി.ബി.സി.യുടെ വിന്റർവാച്ച് എന്ന പരിപാടിയുടെ ഷൂട്ടിങ് നടക്കുന്നതിനിടെയാണ് ഈ ‘സോംബി ചിലന്തികളെ’ ആദ്യമായി കണ്ടെത്തുന്നത്. ഫംഗസ് ബാധിച്ച ഗുഹാ ചിലന്തികള്‍ മരണത്തിന് മുമ്പായി  തുറസായ സ്ഥലങ്ങളിലേക്ക് എത്തുന്നു. ഇത് ഫംഗസ് ബാധിച്ചതുമൂലം സ്വഭാവത്തിലുണ്ടായ മാറ്റത്തിന്‍റെ സൂചനയാണ്. കൂടുതല്‍ ഗവേഷണത്തില്‍ ഇത്തരത്തില്‍ നിരവധി ചിലന്തികളെ കണ്ടെത്തിയിരുന്നു. ഈ ഗുഹാ ചിലന്തികളാകട്ടെ സദാസമയവും അവയുടെ വലയ്ക്കുള്ളില്‍ തുടരാന്‍ ആഗ്രഹിക്കുന്നവയാണ്.

ഒരു ഫംഗസ് മറ്റൊരു ജീവിയെ ബാധിക്കുകയും ആ ജീവിയുടെ പെരുമാറ്റത്തില്‍ മാറ്റം വരുത്തുകയും ചെയ്യുന്നത് വളരെ കൗതുകകരമായാണ് ശാസ്ത്രലോകം വീക്ഷിക്കുന്നത്. എന്നാല്‍ ഈ ഫംഗസ് ഉണ്ടാക്കുന്ന പാരിസ്ഥിതിക ആഘാതം എത്രത്തോളമായിരിക്കും എന്നതും ചോദ്യമായി തുടരുകയാണ്. അപ്പോളും ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്ന് ഗവേഷകര്‍ പറയുന്നു.

100 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ഈ ഫംഗസുകൾ പരിണമിച്ചിരിക്കാം എന്നാണ് കരുതുന്നത്. ചിലന്തികളുമായും മറ്റ് ഫംഗസുകളുമായും പ്രാണികളുമായും ഇവ സഹവർത്തിക്കുന്നു. വാസ്തവത്തിൽ, കാടിനെ സന്തുലിതമായി നിലനിർത്തുന്നതില്‍ ഇവ വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് അനുമാനിക്കാമെന്നാണ് സോംബി ഉറുമ്പ് ഫംഗസുകളെ ചൂണ്ടി ഗവേഷകര്‍ പറയുന്നത്.

സോംബി സ്പൈഡർ ഫംഗസുകള്‍ കഴിക്കുമ്പോൾ മൈക്കോപാരസൈറ്റുകളുടെ സാന്നിധ്യം നിരീക്ഷിച്ചതായും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഇത് ചിലന്തികൾ ഫംഗസുകളുടെ പ്രധാന ഭക്ഷണ സ്രോതസ്സായിരിക്കാം എന്നതിന്‍റെ സൂചനയാണ്. പുതുതായി കണ്ടെത്തിയ ഈ ഫംഗസ് ചിലന്തികളെ മാത്രമേ ബാധിക്കുകയുള്ളൂ മനുഷ്യർ പേടിക്കേണ്ടതില്ലെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നുണ്ട്. മനുഷ്യരെ ബാധിക്കണമെങ്കില്‍ നമ്മുടെ രോഗപ്രതിരോധ ശേഷിയേയും താപനിലയേയും ഇവയ്ക്ക് അതിജീവിക്കാനാകണം. അതേസമയം, പുതിയ ഫംഗസുകളെ കുറിച്ചുള്ള പഠനങ്ങള്‍ തുടരുകയാണ്.

ENGLISH SUMMARY:

European scientists have discovered a fungus, Gibellula attenboroughii, that infects cave spiders, controlling their bodies even after death—raising eerie similarities to zombie fiction.