chadrayan-4

TOPICS COVERED

ഇന്ത്യയുടെ അടുത്ത ചാന്ദ്രപരിവേഷണ ദൗത്യം ചന്ദ്രയാന്‍ 4 2027ലെന്ന് സ്ഥിരീകരിച്ച് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്. ചന്ദ്രനിൽനിന്ന് മണ്ണും പാറയും ശേഖരിച്ച് ഭൂമിയിലെത്തിക്കുകയാണ് ചന്ദ്രയാൻ-4ന്‍റെ ലക്ഷ്യം. വാർത്താ ഏജൻസിയായ പി.ടി.ഐ.ക്ക് നൽകിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ഐ.എസ്.ആർ.ഒ.യുടെ ഏറ്റവും ശക്തിയേറിയ വിക്ഷേപണവാഹനമായ എൽ.വി.എം.-3 റോക്കറ്റുപയോഗിച്ച് രണ്ടുഘട്ടമായാകും ദൗത്യത്തിനാവശ്യമായ ഉപകരണങ്ങളും മറ്റും ഭ്രമണപഥത്തിലെത്തിക്കുക. തുടർന്ന് ഭ്രമണപഥത്തിൽവെച്ച് കൂട്ടിയോജിപ്പിച്ചാകും ദൗത്യം പൂർത്തിയാക്കുകയെന്നും മന്ത്രി വ്യക്തമാക്കി. ഇന്ത്യൻ ബഹിരാകാശ യാത്രികരെ ഭ്രമണപഥത്തിലെത്തിച്ചശേഷം അവരെ സുരക്ഷിതമായി തിരിച്ചെത്തിക്കാനുള്ള ഗഗൻയാൻ ദൗത്യവും, സമുദ്രോപരിതലത്തിൽനിന്ന് 6000 മീറ്റർ താഴ്ചയിൽ ആളെയെത്തിച്ചുള്ള സമുദ്രപര്യവേഷണദൗത്യം സമുദ്രയാനും അടുത്തവർഷമുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.

ഗഗൻയാൻ ദൗത്യത്തിന്‍റെ ആദ്യഘട്ടമായി ‘വ്യോമമിത്ര’യെന്ന റോബോട്ടിനെ ഈ വർഷംതന്നെ ബഹിരാകാശത്തേക്ക് അയച്ച് തിരിച്ചെത്തിക്കുമെന്നും മന്ത്രി പറഞ്ഞു.

നിലവിൽ 8 ബില്യൺ ഡോളർ മൂല്യമുള്ള ഇന്ത്യയുടെ ബഹിരാകാശ സമ്പദ്‌വ്യവസ്ഥ അടുത്ത ദശകത്തിൽ 44 ബില്യൺ ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു. സ്വകാര്യ കമ്പനികൾക്കായി ബഹിരാകാശ മേഖല തുറന്ന് കൊടുത്തതുള്‍പ്പെടെയുള്ള പരിഷ്‌കാരങ്ങൾ, വലിയ നവീകരണത്തിനും നിക്ഷേപത്തിനും അന്താരാഷ്ട്ര സഹകരണത്തിനും കാരണമായിയെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്ത് ആദ്യമായി വലിയ റോക്കറ്റുകൾക്കായി ശ്രീഹരിക്കോട്ടയിൽ പുതിയ വിക്ഷേപണത്തറ സജ്ജമാക്കുമെന്നും ഭാരംകുറഞ്ഞ ഉപഗ്രഹഹങ്ങൾ വിക്ഷേപിക്കാനായി തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ വിക്ഷേപണകേന്ദ്രം സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.

ENGLISH SUMMARY:

India's next lunar mission, Chandrayaan-4, has been confirmed for 2027, as announced by Union Minister Jitendra Singh. The mission aims to collect lunar soil and rock samples and bring them back to Earth. He revealed this information in an interview with the news agency PTI.