വ്യക്തികളുടെ സ്വകാര്യത ലംഘിച്ചുള്ള മെറ്റയുടെ നടപടിയില്‍ സഹസ്രകോടികള്‍ പിഴയീടാക്കി ഇറ്റലി. 887 മില്യണ്‍ യുഎസ് ഡോളര്‍ (ഏകദേശം 8360 കോടി രൂപ)യാണ് പിഴ. ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉപയോക്താക്കളുടെ ഫോണിലെ ഫോട്ടോ, വിഡിയോ മറ്റ് ഡേറ്റ എന്നിവ അവരുടെ അനുവാദമില്ലാതെ എടുത്തതിലാണ് നടപടി. മെറ്റയുടെ നടപടി രാജ്യത്തെ 20 മില്യണ്‍ ഉപഭോക്താക്കളെ ബാധിച്ചുവെന്നും റഗുലേറ്റര്‍ ചൂണ്ടിക്കാട്ടി. ഇത്തരത്തില്‍ ഫോട്ടോയും വിഡിയോയും ആക്സസ് ചെയ്യാനുള്ള ഫീച്ചര്‍ മാറ്റാന്‍ മെറ്റയ്ക്ക് 60 ദിവസം അനുവദിച്ചിട്ടുണ്ട്. വ്യക്തികളുടെ കൃത്യമായ സമ്മതത്തോട് കൂടി മാത്രമേ ചിത്രങ്ങളിലേക്കും ഫോണില്‍ സൂക്ഷിച്ചിരിക്കുന്ന വിവരങ്ങളിലേക്കും കടക്കാവൂ എന്നും റഗുലേറ്റര്‍ വ്യക്തമാക്കി.
ആപ്പ് ഉപയോഗിക്കുന്നവരോട് ഫോണിന്‍റെ ഗാലറിയുടെ ആക്സസ് തങ്ങള്‍ക്കുണ്ടാകുമെന്ന് കൃത്യമായി അറിയിക്കണമെന്നും ആ ഫീച്ചര്‍ എങ്ങനെ ഓഫാക്കാമെന്ന് അറിയിക്കണമെന്നും റഗുലേറ്റര്‍ നിര്‍ദേശിച്ചു. അതേസമയം, ഇക്കാര്യത്തില്‍ മെറ്റ ഇതുവരേക്കും പ്രതികരിച്ചിട്ടില്ല. 2023 മുതലാണ് ഫെയ്സ്ബുക്ക് ആപ്പ് ഇത്തരത്തില്‍ ഫോണിലെ ഗാലറിയുടെ ആക്സസ് ഉപയോക്താക്കളുടെ അനുവാദമില്ലാതെ എടുക്കാന്‍ തുടങ്ങിയത്. ഫോട്ടോയും വിഡിയോയും ഫോണിലെ ഗാലറിയില്‍ നിന്ന് ഫെയ്സ്ബുക്കിലേക്ക് എളുപ്പത്തില്‍ പോസ്റ്റ് ചെയ്യാന്‍ കഴിയുമെന്നായിരുന്നു ഫീച്ചര്‍ അവതരിപ്പിച്ച് മെറ്റ അന്ന് അവകാശപ്പെട്ടത്. ആപ്പ് ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ ആകെ ഒരിക്കല്‍ മാത്രമാണ് ഉപയോക്താവിനോട് പെര്‍മിഷന്‍ ചോദിക്കുന്നത്. ഇതോടെ ഇക്കാര്യം അറിയാതെ പലരും അനുമതി നല്‍കിപ്പോവുകയാണ് പതിവ്.
2023 മുതല്‍ ഇതുവരെയുള്ള കാലയളവും ഇതിനാല്‍ ബാധിക്കപ്പെട്ടവരുടെ എണ്ണവും മെറ്റയുടെ നിസ്സഹകരണവും കണക്കിലെടുത്താണ് ഭീമമായ തുക പിഴ വിധിച്ചത്. നേരത്തെ തന്നെ ഈ അപാകത ചൂണ്ടിക്കാട്ടിയിരുന്നുവെങ്കിലും ഉപയോക്താക്കള്‍ക്ക് വേണ്ട നിര്‍ദേശം നല്‍കാന്‍ മെറ്റ തയാറായില്ലെന്നും റഗുലേറ്റര്‍ പറയുന്നു. 2025ലാണ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചത്.
ഉപയോക്താക്കളുടെ ഫോണില്‍ നിന്ന് ചോര്‍ത്തിയ ഫോട്ടോകളും വിഡിയോകളും എഐ മോഡലുകളുടെ പരിശീലനത്തിന് ഉപയോഗിച്ചിട്ടുണ്ടോ എന്നതില്‍ വ്യക്തതയില്ല. മെറ്റ ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്. എന്നാല്‍ ഫോണ്‍ ഗാലറിയില്‍ നിന്ന് ശേഖരിക്കുന്ന ചിത്രങ്ങള്‍ വിദൂര സെര്‍വറുകളില്‍ പ്രോസസ് ചെയ്യുന്നതായി റഗുലേറ്റര്‍ കണ്ടെത്തിയിരുന്നു.