microsoft-voultary-retirement

സെര്‍വറുകള്‍ ഡൗണായതോടെ മൈക്രോസോഫ്റ്റിന്റെ പ്രവര്‍ത്തനം ആഗോളതലത്തില്‍ താറുമാറായി. പത്തുമണിക്കൂര്‍ പിന്നിട്ടിട്ടും തകരാര്‍ പരിഹരിക്കാനായില്ല. സോഫ്റ്റ് വെയര്‍ പ്ലാറ്റ് ഫോം ഔട്ട്‌ലുക്ക്, വർക്ക് പ്ലേസ് മെസേജിങ് ആപ്പായ ടീംസ് എന്നിവയിലാണ് പ്രധാനമായും ത‍ടസം നേരിട്ടത്. ഓപ്പണ്‍ എ.ഐ, ആന്ത്രോപിക് എന്നിവയുടെ എ.ഐ സേവനങ്ങളുമായി ബന്ധപ്പെട്ട മേഖലയിലും   തടസമുണ്ടായി. തകരാറിലായ സെർവറുകൾ പുനഃസ്ഥാപിക്കാൻ ശ്രമം തുടരുകയാണെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചു. ട്രാഫിക് വർധിച്ചതുകൊണ്ടല്ല സെര്‍വറുകള്‍  തകരാറിലായതാണ് കാരണം. പുതിയ സെര്‍വറുകള്‍ പ്രവര്‍ത്തനക്ഷമമാകുന്നതോടെ പ്രശ്നം പരിഹാരമാകുമെന്ന് കമ്പനി വ്യക്തമാക്കി

ഔട്ട്‌ലുക്ക് ഉൾപ്പെടെയുള്ള സേവനങ്ങൾ തടസ്സപ്പെട്ടതോടെ നിരവധി ഉപയോക്താക്കൾക്ക് ഇമെയിൽ അക്കൗണ്ടുകൾ ഉപയോഗിക്കാനും മറ്റ് ആപ്പുകൾ പ്രവർത്തിപ്പിക്കാനും സാധിച്ചില്ല.

റിപ്പോർട്ടുകളുടെ എണ്ണം കുറഞ്ഞെങ്കിലും ഇമെയിലുകൾ അയയ്ക്കാനോ സ്വീകരിക്കാനോ കഴിയുന്നില്ലെന്നും ഇൻബോക്സ് തുറക്കാൻ പോലും സാധിക്കുന്നില്ലെന്നും നിരവധി പേർ പരാതിപ്പെട്ടു.

സേവനങ്ങളിലുണ്ടായ തടസ്സങ്ങൾ പരിശോധിച്ചുവരികയാണെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചു. പ്രത്യേകിച്ച് ഇമെയിൽ, ടീംസ് ആപ്പുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചത്.

അമേരിക്കൻ ഭൂഖണ്ഡത്തിലെ വിവിധ മേഖലകളിൽ ഒന്നിലധികം കണക്ഷൻ രീതികളിലൂടെ എക്സ്ചേഞ്ച് ഓൺലൈൻ (Exchange Online) മെയിൽബോക്സുകൾ ആക്സസ് ചെയ്യാൻ ഉപയോക്താക്കൾക്ക് തടസ്സം നേരിടുന്നതായി വാഷിങ്ടണിലെ റെഡ്മണ്ട് ആസ്ഥാനമായ മൈക്രോസോഫ്റ്റ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.

കമ്പനിയുടെ അടിസ്ഥാന സൗകര്യങ്ങളിലെ ഒരു വിഭാഗത്തിൽ അമിതമായ ലോഡ് അനുഭവപ്പെട്ടതാണ് കണക്റ്റിവിറ്റി പ്രശ്നങ്ങൾക്ക് കാരണമായതെന്നാണ് മൈക്രോസോഫ്റ്റിന്റെ പ്രാഥമിക വിലയിരുത്തൽ. ഓട്ടോമാറ്റിക് പരിശോധനയ്ക്കിടെ ഉണ്ടായ തകരാറിനെ തുടർന്ന് ചില സെർവറുകൾ അപ്രതീക്ഷിതമായി ലഭ്യമല്ലാതായെന്നും കമ്പനി വ്യക്തമാക്കി.

സെർവറുകളുടെ തകരാറിന് പിന്നിലെ കൃത്യമായ കാരണം മൈക്രോസോഫ്റ്റ് വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ പ്രശ്നം പരിഹരിക്കുന്നതിനുള്ള നടപടികൾ പരീക്ഷിച്ചുവരികയാണെന്ന് അറിയിച്ചു. പ്രശ്നത്തിന്റെ ആഘാതം കുറയ്ക്കുന്നതിനുള്ള എല്ലാ സാധ്യതകളും ശക്തമായി പരിശോധിച്ചുവരികയാണ്- മൈക്രോസോഫ്റ്റ് 365 സ്റ്റാറ്റസ് അക്കൗണ്ട് എക്സിൽ (X) കുറിച്ചു. 

അതേസമയം, വടക്കേ അമേരിക്കയിൽ മൈക്രോസോഫ്റ്റ് ടീംസുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ വിജയകരമായി പരിഹരിച്ചതായി നേരത്തെ കമ്പനി അറിയിച്ചിരുന്നു. എന്നാൽ ഇതിന് ശേഷവും ചില ഉപയോക്താക്കൾ കണക്റ്റിവിറ്റി പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

ENGLISH SUMMARY:

Microsoft's operations suffered a major global outage after its servers went down, disrupting essential services like Outlook and Microsoft Teams for over ten hours. The technical failure also impacted artificial intelligence services linked to OpenAI and Anthropic. Microsoft stated that the disruption was not caused by increased traffic and confirmed that efforts are underway to restore the affected servers.