സമൂഹമാധ്യമ പ്ലാറ്റ്ഫോമായ എക്സ് ആഗോളതലത്തില്‍ പണിമുടക്കിയതായി റിപ്പോര്‍ട്ട്. ഒരു മണിക്കൂറിലേറെയായി ഉപയോക്താക്കൾക്ക് പോസ്റ്റ് ചെയ്യാനോ, മറ്റ് പോസ്റ്റുകൾ വായിക്കാനോ, ഫീഡ് റീഫ്രഷ് ചെയ്യാനോ കഴിയാത്ത സ്ഥിതിയായിരുന്നു. അതേസമയം, നിലവില്‍ പലയിടത്തും എക്സ് വീണ്ടും ലഭ്യമാകാന്‍ തുടങ്ങിയതായും റിപ്പോര്‍ട്ടുണ്ട്.
രാത്രി 8.00 മണിക്ക് ശേഷമാണ് എക്സ് നിശ്ചലമായത്. കുറച്ച് പരാതികളാണ് ആദ്യം വന്നതെങ്കില്‍ പിന്നാലെ വ്യാപകമായ പരാതികള്‍ എത്തി. ഡൗൺഡിറ്റക്ടറില്‍ മാത്രം ആഗോളതലത്തിൽ 27,000 പരാതികളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ 4,600 എണ്ണം ഇന്ത്യയിൽ നിന്നാണ്. മൊബൈൽ ആപ്ലിക്കേഷനിലും വെബ്ബിലും പ്രശ്നം നേരിട്ടിരുന്നു.
ഹോം പേജിൽ കയറാനാകുന്നില്ല, റിഫ്രെഷ് ചെയ്യുമ്പോൾ പേജ് ശൂന്യമാകുന്നു, ‘വീണ്ടും ശ്രമിക്കുക’ എന്ന തരത്തിലുള്ള ഇറര്‍ സന്ദേശം ലഭിക്കുന്നു എന്നെല്ലാമാണ് ഉപയോക്താക്കള്‍ സൂചിപ്പിച്ചത്. ഫീഡുകളും ലിങ്കുകളും ലോഡ് ആകുന്നില്ലെങ്കിലും ചില സേവനങ്ങള്‍ ഭാഗികമായി പ്രവര്‍ത്തിച്ചിരുന്നു. ഇത് ഉപയോക്താക്കളെയും ആശങ്കയിലാഴ്ത്തി. മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും ആളുകള്‍ പരാതി പങ്കുവച്ചു. ഇതിനിടെ സ്‌ക്രീൻഷോട്ടുകളും ട്രോളുകളും പ്രചരിച്ചു.
അതേസമയം സംഭവത്തില്‍ എക്സ് ഇതുവരെ പ്രതികരിച്ചിട്ടില്ല. തടസത്തിന് കാരണമെന്താണെന്നോ പരിഹരിക്കാൻ എത്ര സമയമെടുക്കുമെന്നോ കമ്പനി അറിയിച്ചിരുന്നില്ല. എങ്കിലും ഒരു മണിക്കൂറിലേറെ നീണ്ടുന്ന തടസങ്ങള്‍ക്ക് ശേഷം എക്സിന്‍റെ ആപ്പും വെബ്‌സൈറ്റും പതുക്കെ സാധാരണ നിലയിലേക്ക് മടങ്ങിയെത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.