x-adult-content-ban-india

TOPICS COVERED

രാജ്യത്ത് അഡള്‍ട്ട് ഉള്ളടക്കങ്ങളും പോണോഗ്രാഫിക് വിഡിയോകളും എക്സ് നിരോധിച്ചതായി റിപ്പോര്‍ട്ട്. പല ഉപയോക്താക്കളും അശ്ലീല ഉള്ളക്കങ്ങള്‍ തിരയുമ്പോള്‍ ‘പ്രാദേശിക നിയമങ്ങൾ കാരണം, ഈ ഉള്ളടക്കം എക്സില്‍ നിയന്ത്രിക്കപ്പെട്ടിരിക്കുന്നു’ എന്ന സന്ദേശമാണ് ലഭിക്കുക. നിരോധനം നിലവില്‍ വന്നതിന് ശേഷമാണ് ഉപയോക്താക്കളും ഇക്കാര്യം അറിഞ്ഞത്. ആദ്യഘട്ടത്തില്‍ എന്താണ് കാരണമെന്നറിയാതെ ഉപയോക്താക്കളും ഞെട്ടി. പിന്നാലെ പരാതിയുമായി ഇവര്‍‌ എത്തുകയും ചെയ്തിരുന്നു.

ഇലോൺ മസ്ക് ഏറ്റെടുത്തതിന് പിന്നാലെയാണ് ട്വിറ്റര്‍ എക്സ് എന്ന് പേരുമാറുന്നത്. പിന്നാലെ പ്ലാറ്റ്ഫോമില്‍ പോസ്റ്റ് ചെയ്യാവുന്ന ഉള്ളടക്കങ്ങളുടെ നിയന്ത്രണങ്ങൾക്ക് അയവു വന്നു. അനിയന്ത്രിതമായി അശ്ലീല കണ്ടന്‍റുകള്‍ പ്ലാറ്റ്ഫോമിലേക്ക് ഒഴുകുകയും ചെയ്തു. എക്സിന്‍റെ ജെൻ എഐ ആയ ഗ്രോക്ക് കൂടി രംഗത്തെത്തിയതോടെ കാര്യങ്ങള്‍ കൈവിട്ടുപോകുകയായിരുന്നു.

2026 ജനുവരിയിൽ പ്രോംപ്റ്റുകള്‍ അനുസരിച്ച് ലൈംഗികച്ചുവയുള്ള ഡീപ്ഫേക്ക് ചിത്രങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോക്താക്കളെ അനുവദിച്ചതിന് ഇന്ത്യയുൾപ്പെടെ ലോകമെമ്പാടും  ഗ്രോക്കിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നു. തങ്ങളുടെ സമ്മതമില്ലാതെ തങ്ങളുടെ ചിത്രങ്ങള്‍ എഡിറ്റ് ചെയ്യപ്പെട്ടുവെന്നും വസ്ത്രങ്ങള്‍ മാറ്റി ലൈംഗികച്ചുവയോടുള്ള ഡീപ് ഫെയ്ക്ക് ചിത്രങ്ങള്‍ പ്രചരിക്കാന്‍ ഗ്രോക്ക് സഹായിച്ചുവെന്നും ആരോപിച്ച് നിരവധിപേരാണ് സമൂഹമാധ്യമങ്ങളില്‍ രംഗത്തെത്തിയിരുന്നത്. പിന്നാലെ മോശം ഉള്ളടക്കം നീക്കം ചെയ്യാനും എത്രയും വേഗം കംപ്ലയൻസ് റിപ്പോർട്ട് സമർപ്പിക്കാനും സർക്കാർ എക്സ് കോർപ്പിന് അന്ത്യശാസനം നൽകുകയും ചെയ്തിരുന്നു.

അശ്ലീല ഉള്ളടക്കം നീക്കം ചെയ്യണമെന്ന സര്‍ക്കാറിന്‍റെ നിരന്തര സമ്മര്‍ദ്ദം മൂലമാണ് എക്സിന്‍റെ പുതിയ നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. മറ്റേതെങ്കിലും രാജ്യങ്ങളില്‍ ഇതേ നിയന്ത്രണങ്ങള്‍ എക്സ് കൊണ്ടുവന്നിട്ടുണ്ടോ എന്നതിലും വ്യക്തതയില്ല. അതേസമയം, ഇതുസംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും തന്നെ എക്സ് പുറപ്പെടുവിച്ചിട്ടുമില്ല. എന്നാല്‍, നിയന്ത്രണങ്ങൾ മറികടക്കാൻ ചില ഉപയോക്താക്കൾ വിപിഎന്നുകള്‍‌ ഉപയോഗിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

2000 ലെ ഇൻഫർമേഷൻ ടെക്നോളജി ആക്ട് സെക്ഷൻ 69A പ്രകാരമാണ് രാജ്യത്ത് ഇന്റർനെറ്റിലെ അശ്ലീല ഉള്ളടക്കം നിരോധിക്കുന്നത്. പിന്നീട് 2021 ല്‍ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളടക്കമുള്ളവയെ ഇതിന്‍റെ പരിധിയില്‍ കൊണ്ടുവന്നു. കഴിഞ്ഞ വർഷം, സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകള്‍ക്ക് ഐടി നിയമങ്ങൾ പാലിക്കണമെന്നും അശ്ലീല ഉള്ളടക്കം നീക്കം ചെയ്യണമെന്നും അല്ലെങ്കിൽ ഉപരോധം നേരിടേണ്ടിവരുമെന്നും ഐടി വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. എങ്കിലും എക്സ് അടക്കമുള്ള പല പ്ലാറ്റ്‌ഫോമുകളും സർക്കാർ ഉത്തരവിനോട് നിസ്സംഗത കാണിക്കുകയാണുണ്ടായത്.

ENGLISH SUMMARY:

Elon Musk's X (formerly Twitter) has officially restricted adult and pornographic content in India as of March 2026. This move follows a direct ultimatum from the Indian government under IT Act Section 69A, addressing concerns over non-consensual deepfake images generated by X's Grok AI. Users searching for explicit content are now met with a message stating, 'This content has been restricted due to local laws.' The government had previously warned social media giants about strict penalties for failing to remove harmful content. While X has not issued a formal global statement, the restriction is currently active across all Indian service providers. Stay updated on India's evolving digital safety regulations and compliance reports from X Corp.