kannur-farming-technology

നെൽവയലുകളിൽ വരമ്പ് നിർമ്മാണത്തിന് ഇനി കർഷകർ വിയർപ്പൊഴുക്കേണ്ടതില്ല. വരമ്പ് നിർമ്മാണം എളുപ്പമാക്കാൻ പുതിയ യന്ത്രവുമായി കണ്ണൂരിലെ ചെറുതാഴം ഗ്രാമപഞ്ചായത്ത്. എന്താണ് ആ പുതിയ സാങ്കേതിക വിദ്യ എന്ന് നോക്കാം. കണ്ണൂരിന്റെ നെല്ലറയായ ചെറുതാഴത്ത് ഇനി വരമ്പ് നിർമ്മാണത്തിന്  യന്ത്രസഹായം ഉണ്ടാവും. 

ട്രാക്ടറിൽ ഘടിപ്പിച്ച് പ്രവർത്തിപ്പിക്കാവുന്ന റിഡ്ജ് പ്ലാസ്റ്റർ യന്ത്രമാണ് കൃഷിയിടങ്ങളിൽ എത്തിച്ചത്. ചെറുതാഴത്തെ 13 പാടശേഖരങ്ങളിലായി വ്യാപിച്ചുകിടക്കുന്ന അഞ്ഞൂറോളം ഏക്കർ നെൽകൃഷിക്ക് ഇത് സഹായകമാകും. വരമ്പ് നിർമ്മാണത്തിലെ അധ്വാനവും തൊഴിലാളി ക്ഷാമവും പരിഹരിക്കുകയാണ് ലക്ഷ്യം.അറത്തിൽ പാടശേഖരത്തിൽ നടന്ന പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സനുപ് മോഹൻ നിർവഹിച്ചു.

അറത്തിൽ പാടശേഖര സമിതി ഭാരവാഹി ടി.വി. സദാനന്ദനാണ് പുതിയ യന്ത്രം വയലിലിറക്കിയത്. കൃഷിഭവന്റെ പിന്തുണയോടെ നടത്തിയ പരീക്ഷണം വിജയമായി. ആണിതോട് നിർമ്മാണത്തിനും ഉപയോഗിക്കാവുന്ന രീതിയിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാണ് യന്ത്രം പ്രവർത്തിപ്പിക്കുന്നത്. സ്മാം പദ്ധതി വഴി യന്ത്രം വാങ്ങാൻ വ്യക്തികൾക്ക് 50 ശതമാനവും ഗ്രൂപ്പുകൾക്ക് 80 ശതമാനവും സബ്സിഡിയും ലഭിക്കും.

പുതിയ സാങ്കേതിക വിദ്യയിലൂടെ നെൽകൃഷിയിലെ അധ്വാനം കുറയ്ക്കുന്നതിനൊപ്പം സമയവും ലാഭിക്കാമെന്നതും കർഷകർക്ക് ആശ്വാസം നൽകുന്നു. കൂടുതൽ പാടശേഖരങ്ങളിലേക്ക് സാങ്കേതികവിദ്യ എത്തുമെന്ന പ്രതീക്ഷയിലാണ് കർഷകർ.

ENGLISH SUMMARY:

Malayala Manorama Online News reports that Cheruthazham grama panchayat in Kannur has introduced a new tractor-mounted ridge plaster machine to simplify bund construction and ease labor shortages in paddy fields. This innovative agricultural technology aims to save time and reduce manual effort for farmers, supported by government subsidies.