വാട്സാപ്പിന്റെ പുതിയ യൂസര്‍ നെയിം ഫീച്ചറില്‍ കേന്ദ്ര സര്‍ക്കാര്‍ ഉന്നയിച്ച ആശങ്കകള്‍ പ്രതിരോധിക്കാന്‍ വിവിധ മാര്‍ഗങ്ങളുണ്ടെന്ന് മെറ്റ. യൂസര്‍ നെയിമുകള്‍ ഉപയോഗിച്ചുള്ള തട്ടിപ്പുകൾ തടയാന്‍ സംവിധാനമുണ്ടെന്നും മെറ്റ വിശദീകരിച്ചു. ഡിജിറ്റല്‍ സുരക്ഷാ ഭീഷണിയും സൈബര്‍ തട്ടിപ്പ് ആശങ്കയും ചൂണ്ടിക്കാട്ടി കേന്ദ്രം നോട്ടീസയച്ച സാഹചര്യത്തിലാണ് മെറ്റയുടെ പ്രതികരണം.
വാട്സാപ്പില്‍ ഫോണ്‍ നമ്പര്‍ മറച്ചുവച്ച് യൂസര്‍ നെയിം മാത്രം പരസ്യപ്പെടുത്താനുള്ള പുതിയ ഫീച്ചര്‍ ഡിജിറ്റല്‍ സുരക്ഷയ്ക്ക് ഭീഷണിയെന്നാണ് കേന്ദ്ര സര്‍ക്കാരിന്‍റെ വിലയിരുത്തല്‍. വിശദീകരണം നല്‍കാനാവശ്യപ്പെട്ടും ഫീച്ചറിന് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തിയും ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം വാട്സാപ്പിന് ഇന്നലെ നോട്ടീസുമയച്ചു. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് വാട്സാപ്പിന്‍റെ പ്രതികരണം. കേന്ദ്ര സര്‍ക്കാര്‍ ഉന്നയിച്ച ആശങ്കകള്‍ പ്രതിരോധിക്കാന്‍ മാര്‍ഗങ്ങളുണ്ടെന്നും യൂസര്‍ നെയിമുകള്‍ ഉപയോഗിച്ചുള്ള തട്ടിപ്പുകൾ തടയാന്‍ ഒന്നിലധികം സംവിധാനങ്ങളുണ്ടെന്നുമാണ് വാദം.
വാട്സാപ്പ് ഉപയോഗിക്കുന്നതിന് ഇപ്പോഴും ഒരു ഫോൺ നമ്പർ ആവശ്യമാണ്. മറ്റ് ഉപയോക്താക്കൾക്ക് സന്ദേശം അയയ്ക്കാൻ യൂസര്‍ നെയിം കൃത്യമായി അറിയേണ്ടതുണ്ട്. ഒരു അക്കൗണ്ടില്‍നിന്ന് എത്ര പുതിയ ആളുകളെ ബന്ധപ്പെടാമെന്നത് പരിമിതപ്പെടുത്തും, ഒരാളുടെ യൂസര്‍ നെയിം ഊഹിക്കാൻ ആവർത്തിച്ചുള്ള ശ്രമങ്ങൾ തടയും, ആൾമാറാട്ടവും ദുരുപയോഗവും കണ്ടെത്തി നീക്കം ചെയ്യുമെന്നും വാട്സാപ്പ് വക്താവ് അറിയിച്ചു.
ആരെങ്കിലും യൂസര്‍ നെയിം വഴി ആദ്യമായി സന്ദേശം അയയ്ക്കുമ്പോള്‍ അവർ പുതിയ അക്കൗണ്ടാണോ, കോൺടാക്റ്റിലുള്ളയാളാണോ, മറ്റൊരു രാജ്യത്തുനിന്നാണോ എന്ന് കാണിക്കുമെന്നും വാട്സാപ്പ് വിശദീകരിച്ചു. വ്യാജ യൂസര്‍ നെയിമുകള്‍ ഉപയോഗിച്ച് ഓൺലൈൻ തട്ടിപ്പുകളും സൈബർ കുറ്റകൃത്യങ്ങളും വര്‍ധിക്കാനുള്ള സാധ്യതയുണ്ടെന്നാണ് കേന്ദ്രം ചൂണ്ടിക്കാട്ടുന്നത്. വിശദമായ പരിശോധനയ്ക്കുശേഷമേ യൂസര്‍ നെയിം ഫീച്ചറിന് കേന്ദ്രം അനുമതി നല്‍കു.