ഇന്ത്യൻ ടെക് ലോകത്തും സോഷ്യൽ മീഡിയയിലും ഇപ്പോൾ സജീവ ചർച്ചയാകുന്നത് സൊമാറ്റോ സഹസ്ഥാപകൻ ദീപിന്ദർ ഗോയലിന്‍റെ പുരികത്തിന് വശത്തായി കാണപ്പെട്ട ഒരു ചെറിയ ലോഹക്കഷണമാണ്. 'ഫിഗറിങ് ഔട്ട്' പോഡ്‌കാസ്റ്റിൽ ദീപിന്ദർ പ്രത്യക്ഷപ്പെട്ടതോടെയാണ് ഈ നിഗൂഢ ഉപകരണം ആളുകളുടെ ശ്രദ്ധയിൽപ്പെട്ടത്. ഒരു ച്യുവിങ് ഗം ഒട്ടിച്ചതാണോ അതോ ഫോൺ ചാർജ് ചെയ്യാനുള്ള കണക്ഷനാണോ എന്നൊക്കെയായിരുന്നു സൈബര്‍ ലോകത്ത് ഉയര്‍ന്നിരുന്ന ചോദ്യങ്ങള്‍. എന്നാല്‍ ഇത് തലച്ചോറിന്‍റെ പ്രവര്‍ത്തനം നിരീക്ഷിക്കുന്ന അത്യാധുനിക ഉപകരണമാണെന്ന് പിന്നീട് വ്യക്തമായി. ടെംപിള്‍ എന്നാണ് ഈ ഉപകരണത്തിന്‍റെ പേര്.
എന്താണ് 'ടെംപിള്‍'?
മുഖത്തിന്‍റെ പാർശ്വഭാഗത്തെ വിശേഷിപ്പിക്കുന്ന 'ടെംപിള്‍' എന്ന പേര് തന്നെയാണ് ഈ ഉപകരണത്തിനും നൽകിയിരിക്കുന്നത്. തലച്ചോറിലെ രക്തയോട്ടം തത്സമയം നിരീക്ഷിക്കുക എന്നതാണ് ഇതിന്‍റെ പ്രധാന ദൗത്യം. സൊമാറ്റോയുടെ മാതൃകമ്പനിയായ 'ഇറ്റേണലിന്‍റെ' കീഴിലുള്ള 'കണ്ടിന്യൂ റിസർച്ച്' (Continue Research) എന്ന വിഭാഗമാണ് ഇത് വികസിപ്പിച്ചെടുക്കുന്നത്. കഴിഞ്ഞ ഒരു വർഷമായി ദീപിന്ദർ ഗോയൽ ഇത് പരീക്ഷണാർഥം ധരിക്കുന്നുണ്ട്.
ഭീമാകാരമായ ബ്രെയിൻ ഇമേജിംഗ് മെഷീനുകൾക്ക് പകരം ലളിതമായി ധരിക്കാവുന്ന ഒന്നാണ് ഈ ഉപകരണം. ജോലി ചെയ്യുമ്പോഴും വിശ്രമിക്കുമ്പോഴും സമ്മർദഘട്ടങ്ങളിലും തലച്ചോറിലെ രക്തചംക്രമണത്തിൽ വരുന്ന മാറ്റങ്ങൾ ഈ ഉപകരണം വഴി അറിയാം. രക്തയോട്ടത്തിലെ വ്യതിയാനങ്ങൾ നിരീക്ഷിക്കുന്നതിലൂടെ അമിതമായ ക്ഷീണം, ശ്രദ്ധക്കുറവ്, ഓർമക്കുറവ് എന്നിവ കണ്ടെത്താൻ ഈ ഉപകരണം സഹായിക്കുന്നു. തലച്ചോറിന്‍റെ മൊത്തത്തിലുള്ള ആരോഗ്യവും പ്രായമാകുമ്പോൾ തലച്ചോറിൽ വരുന്ന മാറ്റങ്ങളും പഠിക്കാൻ ഇത് ഉപകരിക്കും.
ഭൂമിയുടെ ഗുരുത്വാകർഷണം വർഷങ്ങളോളം രക്തത്തെ താഴേക്ക് വലിക്കുന്നത് തലച്ചോറിലേക്കുള്ള രക്തയോട്ടം കുറയ്ക്കുമെന്നും, ഇത് വാര്‍ധക്യത്തിലേക്കുള്ള പ്രയാണം വേഗത്തിലാക്കുമെന്നുമുള്ള 'ഗ്രാവിറ്റി ഏജിങ് ഹൈപ്പോത്തസിസ്' എന്ന വാദമാണ് ഈ ഉപകരണത്തിന് പിന്നിലുള്ളത്. എന്നാൽ ശാസ്ത്രലോകം ഈ വാദത്തെ പൂർണ്ണമായി അംഗീകരിച്ചിട്ടില്ല. ജനിതക ഘടകങ്ങളും ജീവിതരീതിയും പ്രായമാകലിനെ സ്വാധീനിക്കുന്നുണ്ടെന്നാണ് ഗവേഷകരുടെ പക്ഷം.
എന്നാല്‍ ഈ ഉപകരണം വിപണിയിലെത്താന്‍ ഇനിയും കടമ്പകളേറെയാണ്. ഏകദേശം 25 ദശലക്ഷം ഡോളർ (ഏകദേശം 200 കോടിയിലധികം രൂപ) ചെലവിട്ടാണ് ഈ പദ്ധതി മുന്നോട്ട് പോകുന്നത്. നിലവിൽ ഇതൊരു പരീക്ഷണ ഉപകരണം മാത്രമാണ്. കൃത്യത ഉറപ്പുവരുത്തുന്നതിനും ആരോഗ്യ സുരക്ഷാ അനുമതികൾ ലഭിക്കുന്നതിനും ഇനിയും ഏറെ കടമ്പകൾ ബാക്കിയുണ്ട്. അതിനാൽ സാധാരണക്കാർക്ക് ഈ ഉപകരണം വിപണിയിൽ ലഭ്യമാകാൻ ഇനിയും കാത്തിരിക്കേണ്ടി വരും.