ഗൂഗിള്‍ ജെമിനിയുടെ നാനോ ബനാന എന്ന എഐ ഇമേജ് ജനറേറ്ററിന് പിന്നാലെയാണ് സോഷ്യല്‍ ലോകം. ത്രീഡി ഫിഗറൈനുകൾക്ക് പിന്നാലെ വിന്‍ഡേജ് ലുക്കിലുള്ള ചിത്രങ്ങളാണ് ട്രെന്‍ഡിങ്. എഐ സാരി ട്രെന്‍ഡില്‍ ചിത്രങ്ങള്‍ നിര്‍മിക്കുന്നവര്‍ക്ക് പണികിട്ടാനും സാധ്യതയുണ്ടെന്നാണ് പുതിയ വിവരം. നല്‍കാത്ത വിവരങ്ങള്‍ വരെ എഐ ചിത്രങ്ങളില്‍ ഉള്‍പ്പെടുന്നുവെന്നും ഇത് എങ്ങനെ സാധിക്കുന്നു എന്നുമാണ് ചോദ്യം.
ജാലക ഭവാനി എന്ന ഇന്‍സ്റ്റഗ്രാം യൂസറാണ് എഐ ചിത്രങ്ങളിലെ സുരക്ഷാ പ്രശ്നം ചൂണ്ടിക്കാണിച്ചത്. വിന്‍റേജ് ലുക്കില്‍ സാരി ട്രെന്‍ഡിലെ ചിത്രമുണ്ടാക്കാന്‍ യുവതി ഫുള്‍ സ്ലീവ് ഫോട്ടോയാണ് ജെമിനിയില്‍ അപ്‍ലോഡ് ചെയ്തത്. കൈ രണ്ടും മറച്ച നിലയിലുള്ളതായിരുന്നു അപ്‍ലോഡ് ചെയ്ത ചിത്രം. എഐ ജനറേറ്റ് ചെയ്ത സ്ലീവ്‍ലെസ് ബ്ലൗസിലുള്ള സാരി ഇമേജില്‍ ഇടത്തേ കയ്യുടെ മുകളിലായി കറുത്ത മറുക് കാണാനുണ്ട്.
യഥാര്‍ഥത്തില്‍ തനിക്ക് ഇടതു കയ്യില്‍ മറുകുണ്ടെന്നും അപ്‍ലോഡ് ചെയ്ത ചിത്രത്തില്‍ മറുക് ഇല്ലാതിരുന്നിട്ടും എങ്ങനെ എഐ ചിത്രത്തില്‍ ഇത് വന്നു എന്നുമാണ് യുവതിയുടെ ചോദ്യം. എന്താണ് സംഭവിച്ചതെന്ന് അറിയില്ല. എല്ലാവരും ജാഗ്രതയോടെ ഇരിക്കുക. സോഷ്യല്‍ മീഡിയയിലോ എഐയിലോ ചിത്രങ്ങള്‍ അപ്‍ലോഡ് ചെയ്യുമ്പോള്‍ സുരക്ഷിതമാണെന്ന് ഉറപ്പാക്കുക എന്നും യുവതി വിഡിയോയില്‍ പറയുന്നുണ്ട്.
ട്രെൻഡിനെ ചുറ്റിപ്പറ്റിയുള്ള നിരവധി സുരക്ഷാ ആശങ്കകള്‍ റീലിന് താഴെ കമന്‍റ് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതൊരു സാധാരണ സംഭവമാണെന്നും കാഴ്ചക്കാരെ ഉണ്ടാക്കുന്നതിനാണ് ഇത്തരം റീലുകള്‍ ഉണ്ടാക്കുന്നതെന്നുമാണ് വിമര്‍ശനം. ഇതിനോടകം 70 ലക്ഷത്തോളം പേരാണ് വിഡിയോ കണ്ടത്.