TOPICS COVERED

ടെലികോം കമ്പനികള്‍ വീണ്ടുമൊരു നിരക്ക് വര്‍ധനവിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. അടിസ്ഥാന റീചാര്‍ജ് പ്ലാനുകള്‍ പിന്‍വലിച്ച ജിയോയുടെയും എയര്‍ടെലിന്‍റെയും തീരുമാനം ഇതിന്‍റെ ഭാഗമായാണെന്നാണ് വിലയിരുത്തല്‍. 2025 ഒക്ടോബര്‍ – 2026 ജനുവരിക്കിടയില്‍ നിരക്ക് വര്‍ധനവ് ഉണ്ടായേക്കാം എന്നാണ് റിപ്പോര്‍ട്ട്. 

ഈയിടെയാണ് റിലയന്‍സ് ജിയോയും എയര്‍ടെലും പ്രതിദിനം ഒരു ജിബി ഡാറ്റ നല്‍കുന്ന അടിസ്ഥാന റിചാര്‍ജ് പ്ലാനുകള്‍ പിന്‍വലിച്ചത്. ഒരു ജിബി പ്രതിദിനം ഡാറ്റ നല്‍കുന്ന 209 രൂപയുടെ 22 ദിവസത്തെ പ്ലാനും 249 രൂപയുടെ 28 ദിവസത്തെ പ്ലാനുമാണ് ജിയോ പിന്‍വലിച്ചത്. എയര്‍ടെല്‍ ഒരു ജിബി ‍ഡാറ്റ നല്‍കിയിരുന്ന 249 രൂപയുടെ 24 ദിവസത്തെ റീചാര്‍ജ് പാക്ക് നേരത്തെ പിന്‍വലിച്ചിരുന്നു. ഇതോടെ മുന്‍ നിര കമ്പനികളുടെ ഏറ്റവും കുറഞ്ഞ റിചാര്‍ജ് പ്ലാന്‍ 299 രൂപയായി. 

299 രൂപയ്ക്ക് 1.5 ജിബി പ്രതിദിനം ലഭിക്കുന്ന 28 ദിവസത്തെ പ്ലാനാണ് ജിയോയിലെ ഏറ്റവും ചെലവ് ചുരുങ്ങിയ റീചാര്‍ജ്. എയര്‍ടെല്‍, വോഡാഫോണ്‍ ഐഡിയ എന്നിവരുടെ എന്‍ട്രി ലെവല്‍ പ്ലാന്‍ ആരംഭിക്കുന്നതും 299 രൂപയിലാണ്. എയര്‍ടെല്‍, വിഐ എന്നിവ 299 രൂപയ്ക്ക് 28 ദിവസത്തേക്ക് ഒരു ജിബി ഡാറ്റയാണ് നല്‍കുന്നത്. 1.50 ജിബി ഡാറ്റ നല്‍കുന്നതിനാല്‍ ജിയോയ്ക്ക് ഇക്കാര്യത്തില്‍ മേല്‍കൈ ലഭിക്കും. 1ജിബി പ്ലാനുകള്‍ ഓണ്‍ലൈനില്‍ ലഭ്യമാകില്ലെങ്കിലും ജിയോ ഔട്ട്‍ലെറ്റുകളിലൂടെ സ്വന്തമാക്കാം. 

അടിസ്ഥാന പ്ലാനുകളില്‍ മാറ്റം വരുത്തിയത് വരാനിക്കുന്ന വില വര്‍ധനവിന്‍റെ ഭാഗമാണെന്നാണ് വിലയിരുത്തല്‍. ഡാറ്റ ഉപയോഗം വര്‍ധിപ്പിക്കുക വഴി ഉപഭോക്താവില്‍ നിന്നുമുള്ള ശരാശരി വരുമാനം (എആര്‍പിയു) വര്‍ധിപ്പിക്കുകയാണ് ടെലികോം കമ്പനികള്‍ ലക്ഷ്യമിടുന്നത്. 2025 ഒക്ടോബര്‍ – 2026 ജനുവരിക്കിടയില്‍ നിരക്ക് വര്‍ധനവ് ഉണ്ടായേക്കാം. കഴിഞ്ഞ വര്‍ഷത്തേ അപേക്ഷിച്ച് 15-20 ശതമാനം നിരക്ക് വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്. 2024 ല്‍ കമ്പനികള്‍ 19-21 ശതമാനം നിരക്ക് വര്‍ധനവ് നടത്തിയിരുന്നു. നിരക്ക് വര്‍ധനവുണ്ടായാല്‍ ഇന്‍ഡസ്ട്രി എആര്‍പിയു 2026 സാമ്പത്തിക വര്‍ഷത്തിലെ  220 രൂപയിലേക്ക് എത്തും എന്നാണ് കണക്കുകൂട്ടല്‍. 

ENGLISH SUMMARY:

Telecom rate hike is expected between October 2025 and January 2026. This potential increase follows the withdrawal of basic recharge plans by Jio and Airtel, aiming to boost average revenue per user (ARPU).