പ്രതിമാസം 450 കോടി സജീവ ഉപയോക്താക്കളെ (MAU) സ്വന്തമാക്കി ഗൂഗിളിന്‍റെ ജെമിനി ആപ്പ്. എഐ ചാറ്റ്ബോട്ട് ആപ്പിന്‍റെ പ്രതിദിന ഉപയോഗം 50 ശതമാനത്തിലധികമാണ് വർദ്ധിച്ചത്. ഗൂഗിൾ ഇന്ത്യയുടെ മാർക്കറ്റിംഗ് വൈസ് പ്രസിഡന്‍റും സൈറ്റ് ലീഡറുമായ ശേഖർ ഖോസ്‌ലയാണ് ലിങ്ക്ഡ്ഇനില്‍ ഈ കണക്കുകൾ വെളിപ്പെടുത്തിയത്.
18ഉം അതിനുമുകളിലും പ്രായമുള്ള ഇന്ത്യൻ വിദ്യാർത്ഥികൾക്ക് മറ്റ് പ്രോലിജിയൻ പ്ലാൻ സൗജന്യമായി ലഭിക്കുമെന്ന് ഗൂഗിൾ പ്രഖ്യാപിച്ചതിന് ആഴ്ചകൾക്ക് ശേഷമാണ് ജെമിനി ആപ്പിന്‍റെ പ്രതിമാസ ഉപഭോക്താക്കളുടെ എണ്ണത്തിൽ വർദ്ധനയുണ്ടായത്. പ്രതിദിനം 19,500 രൂപ നിരക്കുള്ള പ്ലാന്‍ ആണിത്. സബ്‌സ്‌ക്രിപ്‌ഷൻ പാക്കേജിന്‍റെ ഭാഗമായി, ജെമിനി 2.5 പ്രോ, ഡീപ് റിസർച്ച്, എഐ വിഡിയോ ജനറേറ്റർ, വിയോ 3 എന്നിവയിലേക്കെല്ലാം ഉപയോക്താക്കൾക്ക് ആക്‌സസ് ലഭിക്കും. ഫ്‌ളോ, നോട്ട്ബുക്ക് എല്‍എം പോലുള്ള എഐ ടൂളുകളും ഉപയോഗിക്കാന്‍ കഴിയും. ഈ പ്ലാന്‍ പ്രഖ്യാപനം ഉപയോക്താക്കളുടെ എണ്ണത്തില്‍ വന്‍ മുന്നേറ്റമുണ്ടാക്കാന്‍ കമ്പനിക്ക് ഗുണം ചെയ്തിട്ടുണ്ട്. 2025 സെപ്റ്റംബർ 15 വരെയാണ് വിദ്യാർഥി ഓഫറിന് സാധുതയുള്ളത്.
ജെമിനിയുടെ മുഖ്യ എതിരാളിയായ ചാറ്റ് ജിപിടിക്ക് 60കോടി പ്രതിമാസ സജീവ ഉപയോക്താക്കള്‍ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ചാറ്റ് ജിപിടിയെ മറികടക്കണമെങ്കില്‍ ജെമിനിക്ക് ഇനിയും കടമ്പകള്‍ കടക്കേണ്ടതുണ്ട്. എന്നാൽ അതിലേക്കുള്ള ദൂരം ജെമിനി അതിവേഗം പിന്നിടുകയാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ മെയ് മാസത്തെ വാർഷിക ഐ/ഒ ഡെവലപ്പർ കോൺഫറൻസില്‍ ജെമിനി എഐ ആപ്പിന് 400 ദശലക്ഷത്തിലധികം ഉപയോക്താക്കളുണ്ടെന്ന് സിഇഒ സുന്ദർ പിച്ചൈ വെളിപ്പെടുത്തിയിരുന്നു. ജൂലൈ ആയപ്പോഴേക്കുമാണ് അത് 45 കോടി കടന്നത്.
ആപ്പ് സ്‌പെയ്‌സിലെ ചാറ്റ്‌ജിപിടിയിൽ നിന്ന് ജെമിനി ഉപയോക്താക്കളെ അകറ്റുന്നുണ്ടെങ്കിലും ഒരു സേര്‍ച്ച് എന്‍ജിന്‍ ആയ ഗൂഗിളിന് ചാറ്റ് ജിപിടി കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ചാറ്റ് ജിപിടിയില്‍ ദിവസേന 2.5 ബില്യൺ പ്രോംറ്റുകള്‍ ലഭിക്കുന്നുണ്ടെന്നാണ് ഓപ്പണ്‍ എഐയുടെ വെളിപ്പെടുത്തല്‍. ഇതില്‍ 30 കോടിയിലധികം യുഎസില്‍ നിന്നാണ്. അതേസമയം പെര്‍പ്ലെക്‌സിറ്റിയും സെര്‍ച്ച് വിപണിയില്‍ ഗൂഗിളിന് വെല്ലുവിളിയായിക്കൊണ്ടിരിക്കുകയാണ്. കോമറ്റ് എന്ന പേരില്‍ എഐ സെര്‍ച്ച് എഞ്ചിന്‍ അവതരിപ്പിച്ച പെര്‍പ്ലെക്‌സിറ്റി അടുത്തിടെയാണ് അതേ പേരില്‍ വെബ് ബ്രൗസര്‍ അവതരിപ്പിച്ചത്.
ഇന്ത്യയിലെ ജെമിനി ഉപയോക്താക്കളുടെ വളർച്ചയ്ക്ക് ഒന്നിലധികം ഘടകങ്ങൾ കാരണമായിട്ടുണ്ട്. ഇന്ത്യൻ വിപണിയിൽ എഐ സംരംഭങ്ങൾ ക്രമീകരിക്കുന്നതിൽ ഗൂഗിള്‍ പ്രത്യേകശ്രദ്ധയാണ് നല്‍കുന്നത്. സ്മാര്‍ട്ട് ഫോണുകളുടെ വ്യാപനം , ഡേറ്റ താരിഫിലുണ്ടായ കുറവ് , എഐ ഉണ്ടാക്കുന്ന ഉല്‍പാദനക്ഷമത, പഠനാവശ്യങ്ങള്‍ക്കായി എഐ ഉപയോഗിക്കുന്നത് വര്‍ധിച്ചതുമെല്ലാം ജെമിനിയ്ക്ക് ഡിമാന്‍ഡ് വര്‍ധിപ്പിച്ചിട്ടുണ്ട് പിക്സൽ ഡിവൈസുകള്‍, ക്രോം, ഗൂഗിൾ മെസേജുകൾ എന്നിവയിൽ ജെമിനിയെ ഗൂഗിൾ എംബഡ് ചെയ്തിട്ടുണ്ട്, ഇതും ദൈനംദിന ഉപയോക്താക്കൾക്ക് കൂടുതൽ ആക്‌സസ് ലഭിക്കാന്‍ ഇടയാക്കുന്നുണ്ട്.