പടക്കുതിരയായ പി.എസ്.എല്‍.വി.റോക്കറ്റിന്റെ അപ്രതീക്ഷിത പരാജയത്തിന്റെ ഞെട്ടലിലാണ് ഇസ്റോ. 34 വര്‍ഷത്തെ പി.എസ്.എല്‍.വി.ചരിത്രത്തില്‍ മൂന്നാമത്തെ പരാജയമായിരുന്നു കഴിഞ്ഞ ഞായറാഴ്ച രാവിലെയുണ്ടായത്.എന്നാല്‍ പരാജയത്തിനു മുന്നില്‍ പകച്ചു നില്‍ക്കാന്‍ ഈവര്‍ഷം ഇസ്റോയ്ക്ക് അധിക സമയമില്ല.നേരത്തെ ഷെഡ്യൂള്‍ ചെയ്ത നിരവധി വിക്ഷേപണങ്ങള്‍ ഇപ്പോള്‍ തന്നെ വൈകിയാണോടുന്നത്.അതില്‍ ഏറെ നിര്‍ണായകമായ വര്‍ഷാവസാനം നടത്താനുദേശിക്കുന്ന ഗഗന്‍യാന്റെ ആളില്ലാ പരീക്ഷണമടക്കമുണ്ട്.
ജൂണ്‍ ചരിത്ര ദൗത്യങ്ങളുടെ സമയം
ഇസ്റോയെ സംബന്ധിച്ച ജൂണ്‍ മാസത്തിനു പ്രത്യേകതയേറെയാണ്.ശ്രീഹരിക്കോട്ട ഉള്‍പെടുന്ന ഇന്ത്യയുടെ കിഴക്കന്‍ തീരമേഖലയില്‍ മഴയെത്തുന്നതിനു തൊട്ടുമുന്‍പുള്ള മാസമെന്നതിനപ്പുറം ചരിത്രപരമായ ദൗത്യങ്ങളാണ് ഈമാസത്തിലേക്ക് മാറ്റിവച്ചിരിക്കുന്നത്.ഒന്ന് നാലു പതിറ്റാണ്ടിനുശേഷം ഒരിന്ത്യക്കാരന്‍ ബഹിരാകാശത്തേക്ക് പോകുന്നു ആക്സിം–4,രണ്ട് ഏറെ കാലമായി നീണ്ടുപോയിക്കൊണ്ടിരിക്കുന്ന ലോകത്തിലെ ഏറ്റവും ചെലവ് കൂടി സിവിലിയന്‍ എയര്‍ത്ത് ഇമേജിങ് സാറ്റലൈറ്റായ നാസ –ഇസ്റോ സിന്തറ്റിക് അപേച്ചര്‍ റഡാര്‍ സാറ്റലൈറ്റിന്റെ(നൈസാര്‍)വിക്ഷേപണമാണ്.
ജൂണ്‍–നാസ –ഇസ്റോ ബന്ധം കൂടുതല്‍ മുറുകുന്ന മാസം
ജൂണില്‍ നടക്കാനിരിക്കുന്ന രണ്ടു വമ്പന്‍ പദ്ധതികളും അമേരിക്കയുടെ നാസയും ഇസ്റോയും സഹകരിച്ചു നടത്തുന്നതാണ്.ഇതില്‍ ഏറെ പ്രധാനപെട്ടതാണ് ലോകത്തിലെ ഏറ്റവും ചെലവ് കൂടി ഭൂമിയുടെ ചിത്രങ്ങള്‍ പകര്‍ത്താനുള്ള സിന്തറ്റിക് അപേച്ചര്‍ റഡാര്‍ സാറ്റലൈറ്റായ നൈസാര്‍. റഡാർ ചിത്രങ്ങളുപയോഗിച്ച് ഭൂമിയിലെ കരയുടെയും മഞ്ഞിന്റെയും കടലിന്റെയും ഉയരം മാസത്തിൽ നാലു മുതൽ ആറ് തവണ വരെ 5മുതൽ10 മീറ്റർ വരെ റെസല്യൂഷനിൽ ഈ ഉപഗ്രഹം പകര്‍ത്തും.ആവാസവ്യവസ്ഥയിലെ മാറ്റങ്ങള്‍,ഐസ് പാളികളുടെ തകർച്ച,ഭൂകമ്പങ്ങൾ,സുനാമികൾ,അഗ്നിപർവ്വതങ്ങൾ,മണ്ണിടിച്ചിൽ തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾ ഉൾപ്പെടെയുള്ള പ്രകൃതിയുടെ ചലങ്ങള്‍ നിരീക്ഷിക്കാനും അളക്കാനുമാണു നൈസര്‍ .ഇരട്ട ഫ്രീക്കന്‍സി റഡാറുകളുള്ള ഉപഗ്രഹത്തിന് ഒരേസമയം ഭൂമിയുടെ രണ്ടു ഭാഗങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്താനുമാവും.നാസയും ഇസ്റോയും തമ്മിലുണ്ടാക്കിയ കരാര്‍ പ്രകാരം നാസ എൽ-ബാൻഡ് സിന്തറ്റിക് അപ്പേച്ചർ റഡാർ, ജിപിഎസ് റിസീവറുകൾക്കായുള്ള ഉയർന്ന നിരക്കിലുള്ള ടെലികമ്മ്യൂണിക്കേഷൻ സബ്സിസ്റ്റം, സോളിഡ്-സ്റ്റേറ്റ് റെക്കോർഡർ, പേലോഡ് ഡാറ്റ സബ്സിസ്റ്റം എന്നിവ നിര്‍മിച്ചു സാറ്റലൈറ്റ് ബസ്,എസ്-ബാൻഡ് സിന്തറ്റിക് അപ്പർച്ചർറഡാർ(എസ്എആർ),വിക്ഷേപണ വാഹനം,അനുബന്ധ വിക്ഷേപണ സേവനങ്ങൾ എന്നിവ ഇസ്രോയാണ് നല്‍കേണ്ടത്.
ഇത്തവണ ജി.എസ്.എല്‍.വി
ഇസ്റോയുടെ നോട്ടിബോയ് എന്നറിയപ്പെടുന്ന ജി.എസ്.എല്‍.വി.ഉപയോഗിച്ചാണു നൈസാറിനെ ഭൂമിയില്‍ നിന്നും800 കിലോമീറ്റര്‍ അകലെയുളഅള സണ്‍സിക്രോണസ് ഭ്രമണപഥത്തിലെത്തിക്കുന്നത്.ജി.എസ്.എല്‍.വി.എഫ്–16റോക്കറ്റാണ് വിക്ഷേപണത്തിന് ഉപയോഗിക്കുക.പി,എസ്.എല്‍.വി.സി–61വിക്ഷേപണത്തിനു മുന്‍പേ ജി.എസ്.എല്‍.വിക്കായുള്ള നോട്ടാം(നോട്ടീസ് ടു എയര്‍മെന്‍)പുറത്തിറക്കിയിരുന്നു.ജൂണ്‍18മുല്‍ ജൂലൈ 17വരെയുള്ള കാലയളവില്‍ ശ്രീഹരിക്കോട്ടയില്‍ നിന്നും ഉപഗ്രഹ വിക്ഷേപണമുണ്ടാകുമെന്നാണ് നോട്ടീസിലുള്ളത്.സാധാരണ നോട്ടാമിന്റെ ആദ്യദിനങ്ങളില്‍ തന്നെ വിക്ഷേപണുണ്ടാവാറുണ്ട്.ഇതനുസരിച്ചാണങ്കില്‍ ജൂണ്‍ 18ന് ഇസ്റോയും നാസയും സംയുക്കതമായി നിര്‍മിച്ച ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കും.ഏതാണ്ട്1.5 മില്യണ്‍ ഡോളറാണ് നൈസാറിന്റെ നിര്‍മാണചിലവ് അതായത് 12കോടി75 ലക്ഷം രൂപയിലധികം.
ആക്സിയം–4 –രാജ്യത്തിന് ചരിത്ര നിമിഷങ്ങള്‍
രാജ്യാന്തര ബഹിരാകാശ നിലയത്തിലെ തിരക്കിനെ തുടര്‍ന്നു മാറ്റിവച്ച ഐ.എസ്.എസിലേക്കുള്ള വാണിജ്യ ദൗത്യമായ ആക്സിയം–4ന് ജൂണ്‍8നാണ്.നിലവിലെ അറിയിപ്പനുസരിച്ച് ജൂണ്‍ എട്ടിന് വൈകീട്ട് 6.41നാകും ആക്സിയം –4ഇന്ത്യക്കാരനായ ശുഭാന്‍ശു ശുക്ലയടക്കം നാലു ബഹിരാകാശ യാത്രികരെയും വഹിച്ച് ഫ്ലോറിഡയിലെ ലോഞ്ച് കോംപ്ലക്സില്‍ നിന്നും സ്പേസ് എക്സിന്റെ ഫാല്‍ക്കണ്‍ റോക്കറ്റില്‍ കുതിച്ചുയരുക.രാകേശ് ശര്‍മയ്ക്ക് ശേഷം ഇതാദ്യമായാണ് ഒരിന്ത്യക്കാരന്‍ ബഹിരാകാശ യാത്ര നടത്താനൊരുങ്ങുന്നത്.ഗഗന്‍യാന്‍ ദൗത്യത്തിലെ നാലംഗ ടീമില്‍ ഉള്‍പെട്ട വ്യോമസേനാ ടെസ്റ്റ് പൈലറ്റാണു ശുഭാന്‍ശു ശുക്ല.പരിശീലനങ്ങളെല്ലാം പൂര്‍ത്തിയാക്കിയ ശുഭാന്‍ശു യാത്രക്കായി അമേരിക്കയില്‍ തുടരുകയാണ്.നേരത്തെ അടുത്ത ചൊവ്വാഴ്ച(മേയ് 29നു)നടത്താനാണ് തീരുമാനിച്ചിരുന്നത്.ഇന്ത്യക്കാരന്‍ രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കു പോകുന്നതും ആദ്യമാണ്.ഇതോടെ നാസയുമായുള്ള ഇസ്റോയുടെ സഹകരണം പുതിയ തലത്തിലെത്തുമെന്നാണ് കരുതപ്പെടുന്നത്.
പി.എസ്.എല്‍.വി.പരാജയം തിരിച്ചടിയോ?
ഇസ്റോയുടെ പടക്കുതിരയെന്നാണ് പി.എസ്.എല്‍.വി അറിയപ്പെടുന്നത്.മൂന്നര പതിറ്റാണ്ടായി ഇസ്റോയുടെ ഭാഗമായ പി.എസ്.എല്‍.വിയുടെ മൂന്നാമത്തെ പരാജയമായിരുന്നു ഞയറാഴ്ചയുണ്ടായത്.റോക്കറ്റ് വിക്ഷേപണം പരാജയപെട്ടാല്‍ കാരണങ്ങള്‍ കണ്ടെത്താന്‍ ഇസ്റോയ്ക്ക് വ്യക്തമായ നടപടിക്രമങ്ങളുണ്ട്.അതിന്റെ ഭാഗമായിട്ടുള്ള നാഷണല്‍ ഫെയിലിയര്‍ അനാലിസിസ് കമ്മിറ്റി രൂപീകരിച്ചു.രാജ്യത്തെ പ്രമുഖ ശാസ്ത്ര,സാങ്കേതകി സ്ഥാപനങ്ങളായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്,ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജികള്‍ എന്നിവയില്‍ നിന്നുള്ള വിദഗ്ധര്‍ അടങ്ങിയ കമ്മിറ്റിയാണ് പഠനം നടത്തുക.പി.എസ്.എല്‍.വി.വിക്ഷേപണ സമയത്ത് ലഭിച്ച ഡേറ്റകള്‍ ഇതിനകം കമ്മിറ്റിക്ക് കൈമാറി കഴിഞ്ഞു.അടുത്തമാസം പകുതിയോടെ കമ്മിറ്റി വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.മൂന്നാം ഘട്ടത്തില്‍ ഉപയോഗിക്കുന്ന ഖര ഇന്ധന എന്‍ജിന്‍റെ പ്രവര്‍ത്തനത്തിലുണ്ടായ തകരാറാണു വിക്ഷേപണം കഴിഞ്ഞ്5.59 മിനിറ്റ് പിന്നിട്ടപ്പോള്‍ ദൗത്യം പരാജയപെടാന്‍ കാരണമായതെന്നാണു പ്രാഥമിക നിഗമനം.ഈ എന്‍ജിന്‍റെ ഇഗ്നീഷന്‍ കഴിഞ്ഞു ഏതാണ്ട്100 സെക്കന്‍ഡ് വരെ പ്രവര്‍ത്തിച്ചതിനു ശേഷമാണു തകരാറുണ്ടായതെന്നത് ഇസ്റോയെ ഭയപ്പെടുത്തുന്നുണ്ട്.ഇതിന്റെ കാരണം കണ്ടെത്തിയാലോ അടുത്ത പി.എസ്.എല്‍.വി ദൗത്യങ്ങളിലേക്ക് കടക്കാനാവൂ.ഖര ഇന്ധന എന്‍ജിന്‍ പ്രവര്‍ത്തനം തുടങ്ങിയതിനുശേഷം റോക്കറ്റിനു മുന്നോട്ടുപോകാന്‍ ആവശ്യമായ ശക്തി( ത്രസ്റ്റ്) കിട്ടാതെ പോവുകയായിരുന്നു.എന്‍ജിന്‍ ചേമ്പറിന്റെ ഫൈബര്‍ കെയ്സിനു(ചട്ടക്കൂടിന്)വിള്ളലുണ്ടായോയെന്ന് മുന്‍ ചെയര്‍മാന്‍മാരടക്കം സംശയമുന്നയിച്ചിരുന്നു.ഇതടക്കമുള്ള വിഷയങ്ങളാണ് കമ്മിറ്റി പഠിക്കുക.