വോയ്സ് അസിസ്റ്റന്‍റായ സിരി സമ്മതമില്ലാതെ ഉപഭോക്താക്കളുടെ ശബ്ദം റെക്കോഡ് ചെയ്തെന്ന കേസില്‍ ഒത്തുതീര്‍പ്പിന് 95 മില്യണ്‍ ഡോളര്‍ (810 കോടി) പിഴ കെട്ടിവയ്ക്കാനൊരുങ്ങി ആപ്പിള്‍. കേസില്‍ ഉന്നയിച്ച ആരോപണങ്ങള്‍ ആപ്പിള്‍ നിഷേധിരുന്നു. തങ്ങള്‍ നിയമപരമല്ലാത്തതോ ഉചിതമല്ലാത്തതോ ഒന്നും ചെയ്തിട്ടില്ല എന്ന് ആപ്പിള്‍ തങ്ങളുടെ സെറ്റില്‍മെന്‍റ് വെബ്സൈറ്റില്‍ പറയുന്നുണ്ട്.
2014 സെപ്തംബര്‍ 17 മുതല്‍ 2024 ഡിസംബര്‍ 31നും ഇടയില്‍ സിരി സജ്ജമായ ആപ്പിള്‍ ഉപകരണങ്ങള്‍ വാങ്ങിയതോ സ്വന്തമാക്കിയതോ ആയ യുഎസിലെ ഉപഭോക്താക്കള്‍ക്ക് ഒരു മുന്നറിയിപ്പുമില്ലാതെ സിരി ആക്റ്റിവേറ്റായി എന്ന് അനുഭവപ്പെട്ടിട്ടുണ്ടെങ്കില്‍ നഷ്ടപരിഹാരം നേടാന്‍ അര്‍ഹതയുണ്ടായേക്കാം.
ഐഫോണുകൾ, ഐപാഡുകൾ, ആപ്പിൾ വാച്ചുകൾ, മാക്ബുക്കുകൾ, ഐമാക്സ് ആപ്പിൾ ടിവികൾ, ഹോംപോഡുകൾ, ഐപോഡ് ടച്ചുകൾ എന്നീ ഉപകരണങ്ങള്‍ ഉപയോഗിച്ചവര്‍ക്കാണ് നഷ്ടപരിഹാരം ലഭിച്ചേക്കുക.
ഒരാള്‍ക്ക് പരമാവധി 20 ഡോളര്‍ ആണ് നഷ്ടപരിഹാരമായി ലഭിക്കുക. 5 ഉപകരണങ്ങള്‍ ഉള്ളവര്‍ക്ക് 100 ഡോളര്‍ വരെ ലഭിക്കും. നഷ്ടപരിഹാര ക്ലെയിമുകള്‍ സമര്‍പ്പിക്കുന്നതിനനുസരിച്ചാണ് തുക ലഭിക്കുക.
ഒത്തുതീര്‍പ്പിന്‍റെ അവസാനവാദം ഓഗസ്റ്റിനാണെന്നിരിക്കെ പിഴയൊടുക്കല്‍ വൈകിപ്പിക്കാന്‍ ആപ്പിള്‍ അപ്പീല്‍ നല്‍കുമെന്നും ഔദ്യോഗിക വെബ്സൈറ്റില്‍ കുറിച്ചിട്ടുണ്ട്.
എങ്ങനെ നഷ്ടപരിഹാരം നേടാം
ആപ്പിളിന്‍റെ ഔദ്യോഗിക ലോപ്പസ് വോയ്സ് അസിസ്റ്റന്‍റ് സെറ്റില്‍മെന്‍റ് വെബ്സൈറ്റ് വഴി നഷ്ടപരിഹാരത്തിന് അവകാശം സമര്‍പ്പിക്കാവുന്നതാണ്. ഇ–മെയില്‍ വഴിയും പോസ്റ്റ് കാര്‍ഡ് വഴിയുമാണ് മറ്റു രീതികളില്‍ ക്ലെയിം ചെയ്യാനാകുക. അവസാന തിയതി ജൂലൈ 2 ആണ്. ഗൂഗിളിനെതിരെയും സമാനമായ കേസ് നിലനില്‍ക്കുന്നുണ്ട്.
ഹേയ്, സിരി എന്നി വാക്കുകള്‍ പറഞ്ഞാല്‍ മാത്രമെ വോയിസ് അസിസ്റ്റന്‍റ് സിസ്റ്റം പ്രവര്‍ത്തിക്കുകയുള്ളൂ എന്നാണ് ആപ്പിള്‍ അവകാശപ്പെട്ടിരുന്നത്. വോയ്‌സ് അസിസ്റ്റൻ്റായ സിരി ഉപഭോക്താക്കളുടെ അറിവോടെയല്ലാതെ സംഭാഷണങ്ങള്‍ റെക്കോഡ് ചെയ്യുകയും പരസ്യക്കാര്‍ക്ക് വിവരങ്ങള്‍ നല്‍കുകയും ചെയ്തു എന്നായിരുന്നു പരാതി.
സിരി ലഭ്യമായ ആപ്പിള്‍ ഉപകരണങ്ങളുടെ സാന്നിധ്യത്തില്‍ എയര്‍ ജോര്‍ഡന്‍, സ്‌നീക്കേഴ്‌സ്, ഒലിവ് ഗാര്‍ഡന്‍ റസ്‌റ്റോറന്‍റ് എന്നിങ്ങനെ പറഞ്ഞ സമയത്ത് ഇവയുടെ പരസ്യം വരുന്നു എന്ന് പരാതിക്കാര്‍ പറയുന്നു. ഡോക്ടറുമായി സര്‍ജിക്കല്‍ ചികിത്സാ ബ്രാന്‍ഡിനെ പറ്റി സംസാരിച്ചപ്പോള്‍ അതിന്‍റെ പരസ്യം കാണാനിടവന്നു എന്നാണ് മറ്റൊരു പരാതി.