എഐ നിര്‍മ്മിത ചിത്രം

ഏതാനും മാസങ്ങൾക്ക് മുന്‍പാണ് മൈക്രോസോഫ്റ്റ് തങ്ങളുടെ വിഡിയോ കോളിങ് പ്ലാറ്റ്‌ഫോം ‘സ്കൈപ്പി’ന്‍റെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിക്കുന്നത്. ഇപ്പോളിതാ ഒടുവില്‍ ആ അവസാന തിയ്യതിയും പുറത്തുവന്നിരിക്കുകയാണ്. മെയ് അഞ്ചോടെ സ്കൈപ്പ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതയാണ് മൈക്രോസോഫ്റ്റ് പ്രഖ്യാച്ചിരിക്കുന്നത്. 2003 ലാണ് മൈക്രോസോഫ്റ്റ് സ്കൈപ്പ് ആരംഭിക്കുന്നത്. അക്കാലത്ത് ഏറ്റവും ജനപ്രിയമായ വിഡിയോ കോളിങ് പ്ലാറ്റ്‌ഫോമുകളിൽ ഒന്നായിരുന്നു സ്കൈപ്പ്. രണ്ട് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന ആധിപത്യം. എന്നാല്‍ പില്‍ക്കാലത്ത് വന്ന മറ്റ് വിഡിയോ കോളിങ് പ്ലാറ്റ്ഫോമുകളോട് സ്കൈപ്പ് പിടിച്ചുനില്‍ക്കാന്‍ പാടുപെടുകയായിരുന്നു. ഒടുവില്‍ മടക്കം.

അതേസമയം, നിലവില്‍ തങ്ങളുടെ ആശയവിനിമയ പ്ലാറ്റ്‌ഫോമുകൾ ആധുനിക കാലത്തിനനുസരിച്ച് ഏകീകരിക്കുന്നതിലാണ് മൈക്രോസോഫ്റ്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വികസിച്ചുകൊണ്ടിരിക്കുന്ന ഉപയോക്തൃ ആവശ്യങ്ങൾക്കനുസരിച്ച് മികച്ച ഉപഭോക്ത്യ അനുഭവം നല്‍കാനായി തങ്ങളുടെ എല്ലാ ആശയവിനിമയ സാങ്കേതികവിദ്യകളും ഒരു കുടക്കീഴിലാക്കാനാണ് മൈക്രോസോഫ്റ്റിന്‍റെ ശ്രമം. ഇതിന്‍റെ ഭാഗമാണ് സ്കൈപ്പും നിര്‍ത്തലാക്കുന്നത്. തങ്ങളുടെ ആധുനിക ആശയവിനിമയ സംവിധാനമായ മൈക്രോസോഫ്റ്റ് ടീംസില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി സ്കൈപ്പ് നിര്‍ത്തലാക്കുന്നു എന്നാണ് മൈക്രോസോഫ്റ്റ് അറിയിച്ചിരിക്കുന്നത്. സ്കൈപ്പ് ഉപയോക്താക്കളോട് മൈക്രോസോഫ്റ്റ് ടീംസിലേക്ക് മാറാനും മൈക്രോസോഫ്റ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനായി 2025 മെയ് 5 വരെ സ്കൈപ്പ് പ്രവർത്തനക്ഷമമായി തുടരുമെന്നും കമ്പനി ഉറപ്പു നല്‍കിയിട്ടുണ്ട്. സ്കൈപ്പില്‍ നിന്ന് മൈക്രോസോഫ്റ്റ് ടീമിലേക്ക് സുഗമമായി മൈഗ്രേറ്റ് ചെയ്യാൻ എല്ലാ പിന്തുണയുമുണ്ടാകുമെന്നും മൈക്രോസോഫ്റ്റ് അറിയിച്ചു. 

സ്കൈപ്പ് അവസാനിപ്പിക്കുന്നതിനെ തുടര്‍ന്ന് പണമടച്ചുള്ള സ്കൈപ്പ് സേവനങ്ങളും മൈക്രോസോഫ്റ്റ് നിർത്തിവച്ചിട്ടുണ്ട്. അതേസമയം നിലവിലെ സബ്‌സ്‌ക്രൈബേഴ്സിന് അടുത്ത പുതുക്കൽ സമയം ആകുന്നതുവരെ നിലവിലുള്ള ക്രെഡിറ്റും സബ്‌സ്‌ക്രിപ്‌ഷനുകളും ഉപയോഗിക്കുന്നത് തുടരാം. സ്കൈപ്പ് നിര്‍ത്തലാക്കിയാലും ശേഷിക്കുന്ന സ്കൈപ്പ് ക്രെഡിറ്റ് ലഭ്യമാകുമെന്ന് മൈക്രോസോഫ്റ്റ് വ്യക്തമാക്കി. പണമടച്ച ഉപയോക്താക്കൾക്ക് സ്കൈപ്പ് വെബ് പോർട്ടൽ വഴിയോ മൈക്രോസോഫ്റ്റ് ടീംസ് വഴിയോ സ്കൈപ്പ് ഡയൽ പാഡിലേക്കുള്ള ആക്‌സസ് നിലനിർത്തും. എന്നാൽ സബ്‌സ്‌ക്രിപ്‌ഷന്‍ അവസാനിച്ചു കഴിഞ്ഞാല്‍ സ്കൈപ്പും അപ്രത്യക്ഷമാകും. 

സ്കൈപ്പ് | മൈക്രോസോഫ്റ്റ് ടീംസ്

സ്കൈപ്പിൽ നിന്ന് മൈക്രോസോഫ്റ്റ് ടീംസിലേക്ക് എളുപ്പത്തില്‍ മൈഗ്രേറ്റ് ചെയ്യാനാകുമെന്നാണ് മൈക്രോസോഫ്റ്റ് പറയുന്നത്.  ഉപയോക്താക്കൾ അവരുടെ നിലവിലുള്ള സ്കൈപ്പ് ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് ലോഗിൻ ചെയ്യാന്‍ സാധിക്കും. സൈൻ ഇൻ ചെയ്യുമ്പോൾ, എല്ലാ കോൺടാക്റ്റുകളും സന്ദേശങ്ങളും സംഭാഷണങ്ങളും മൈക്രോസോഫ്റ്റ് ടീംസിലേക്ക് മൈഗ്രേറ്റ് ചെയ്യപ്പെടും. ചുരുക്കിപ്പറഞ്ഞാല്‍ സ്കൈപ്പില്‍ നിര്‍‌ത്തിയ ഇടത്തുനിന്ന് മൈക്രോസോഫ്റ്റ് ടീംസ് തുടരാന്‍ സാധിക്കും. രണ്ട് പ്ലാറ്റ്‌ഫോമുകളിലും വൺ-ഓൺ-വൺ, ഗ്രൂപ്പ് കോളുകൾ, മെസേജിങ്, ഫയല്‍ ഷെയറിങ് തുടങ്ങി സമാനമായ എന്നാല്‍ കൂടുതല്‍ മെച്ചപ്പെട്ട സംവിധാനങ്ങളുണ്ട്. 

ENGLISH SUMMARY:

Microsoft has announced that it will discontinue its popular video calling platform, Skype, by May 5. Launched in 2003, Skype was one of the most widely used video calling platforms, dominating the market for over two decades. However, it struggled to maintain its position against newer video calling services. As part of Microsoft's efforts to streamline its communication platforms, Skype will be replaced with Microsoft Teams, which is designed to meet the evolving needs of users with advanced communication technology. Microsoft assures that users will have seamless migration from Skype to Teams, with full support for transferring contacts, messages, and conversations. Additionally, all Skype users will be able to continue using their current subscriptions and credits until their renewal date. The transition will be made easy with users able to log into Microsoft Teams using their existing Skype credentials, ensuring a smooth shift from one platform to another. Microsoft Teams offers enhanced features, including one-on-one and group calls, messaging, and file sharing, providing users with a more robust communication experience.