ചാറ്റ് ജിപിടി തന്‍റെയും കുഞ്ഞിന്‍റെയും ജീവന്‍ രക്ഷിച്ചതിനെക്കുറിച്ച് സമൂഹമാധ്യമത്തില്‍ തുറന്നുപറഞ്ഞ് യുവതി. നതാലിയ ടാറിയന്‍ എന്ന വിദേശവനിതയും കുഞ്ഞുമാണ് ചാറ്റ് ജിപിടിയുടെ സഹായത്തോടെ ഇപ്പോഴും ജീവനോടെയിരിക്കുന്നത്. എട്ടുമാസം ഗര്‍ഭിണിയായിരിക്കെ തനിക്കുണ്ടായ ശാരീരിക ബുദ്ധിമുട്ടിനെക്കുറിച്ച് നതാലിയ ചാറ്റ് ജിപിടിയോട് പറഞ്ഞു.
താടിയെല്ലുകള്‍ വലിഞ്ഞു മുറുകുന്നതായി തോന്നുന്നു, എന്താണ് കാരണം? എന്ന ചോദ്യം നതാലിയ ചാറ്റ് ജിപിടിയോട് ചോദിച്ചു. രക്തസമ്മര്‍ദം പരിശോധിക്കൂ എന്ന് മറുപടി വന്നു. പരിശോധിച്ചപ്പോള്‍ രക്തസമ്മര്‍ദം കൂടുതലാണെന്ന് നതാലിയ ചാറ്റ് ജിപിടിയെ അറിയിച്ചു. ഉടന്‍ തന്നെ ആംബുലന്‍സ് വിളിക്കൂവെന്ന് ചാറ്റ് ജിപിടി പറഞ്ഞു. അതുപ്രകാരം സമയബന്ധിതമായി ആശുപത്രിയില്‍ എത്തിയതുകൊണ്ടു മാത്രമാണ് നതാലിയയും കുഞ്ഞും രക്ഷപ്പെട്ടത്. ഇതിനെക്കുറിച്ച് വിശദമായ കുറിപ്പ് നതാലിയ പങ്കുവച്ചിട്ടുണ്ട്.
നതാലിയ ടാറിയന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പിന്‍റെ പൂര്‍ണരൂപം;
ചാറ്റ് ജിപിടിയോട് ഒരു സംശയം ചോദിക്കാമെന്നോര്‍ത്തു. വെറുതെ ഇരുന്നപ്പോള്‍ ഒരു രസത്തിനു വേണ്ടി ചോദിച്ചതാണ്. എന്‍റെ താടിയെല്ലുകള്‍ വലിഞ്ഞുമുറുകുന്നതായി എനിക്ക് തോന്നുന്നുണ്ടായിരുന്നു. അക്കാര്യം തന്നെയാണ് ചോദിച്ചത്. അത്ര ഗുരുതരമല്ല, പക്ഷേ ഇങ്ങനെയൊരു ശാരീരിക അവസ്ഥ ഇപ്പോള്‍ എനിക്കുണ്ടെന്ന് ചാറ്റ് ജിപിടിയോട് പറഞ്ഞു.
രക്ത സമ്മര്‍ദം പരിശോധിക്കൂ എന്നാണ് ചാറ്റ് ജിപിടി പറഞ്ഞത്. ഞാനത് അനുസരിച്ചു. നോക്കിയപ്പോള്‍ രക്ത സമ്മര്‍ദം വളരെ കൂടുതലായിരുന്നു. പതിയെ അത് കുറയുമെന്നാണ് ഞാന്‍ കരുതിയത്. പക്ഷേ കൂടുക്കൊണ്ടേയിരുന്നു. ഇക്കാര്യം പറഞ്ഞപ്പോള്‍ ഉടന്‍ ആംബുലന്‍സ് വിളിക്കൂ എന്ന് ചാറ്റ് ജിപിടി പറഞ്ഞു. പെട്ടെന്നു തന്നെ ഞാന്‍ ആംബുലന്‍സ് വിളിച്ച് ആശുപത്രിയിലെത്തി.
ആശുപത്രിയില്‍ എത്തി പരിശോധിച്ചപ്പോള്‍ രക്ത സമ്മര്‍ദം 200/146 എന്ന അപകടനിലയിലെത്തി. ഞാന്‍ ആ സമയത്ത് എട്ടുമാസം ഗര്‍ഭിണിയായിരുന്നു. കുഞ്ഞിനെ ഉടന്‍ തന്നെ പുറത്തെടുക്കണം ഇല്ലെങ്കില്‍ രണ്ട് ജീവനും അത് അപകടമുണ്ടാക്കുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. പെട്ടെന്നു തന്നെ സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുത്തു. എന്‍റെ മകന്‍ സുരക്ഷിതനായി പുറത്തെത്തി. ഞാനും ഇപ്പോള്‍ സുഖപ്പെട്ടു കഴിഞ്ഞു.
അന്ന് ഡോക്ടര്‍ എന്നോടു പറഞ്ഞ ഒരു കാര്യമുണ്ട്, അന്ന് രാത്രി നിങ്ങള്‍ ഉറങ്ങാന്‍ കിടന്നിരുന്നുവെങ്കില്‍ ഒരുപക്ഷേ പിന്നീടൊരിക്കലും ഉണരുമായിരുന്നില്ല എന്ന്. രക്ത സമ്മര്‍ദം അത്രത്തോളം കൂടുതലായിരുന്നു. സിസേറിയന്‍ കഴിഞ്ഞ് അഞ്ചു ദിവസങ്ങളോളം നില മാറ്റമില്ലാതെ തുടര്‍ന്നു. കുറച്ചുനേരത്തേക്ക് എന്‍റെ കാഴ്ചപോലും നഷ്ടപ്പെട്ട അവസ്ഥയെത്തി. ഇപ്പോഴും അതോര്‍ക്കുമ്പോള്‍ ഞാന്‍ മരവിച്ചു പോകും. എല്ലാം തുടങ്ങിയത് ഒരു ചെറിയ അസ്വസ്തതയിലൂടെയാണ്, ഒരൊറ്റ ചോദ്യത്തിലും. ചാറ്റ് ജിപിടിക്കാണ് നന്ദി പറയേണ്ടത്. രണ്ട് ജീവനല്ലേ രക്ഷിച്ചത്.