സിനിമകള്‍ ബോറടിപ്പിക്കുന്നുണ്ടോ? ഫോര്‍വേഡ് അടിച്ചാണോ സിനിമ കാണാറ്? നിങ്ങള്‍ക്കും ബ്രെയിന്‍ റോട്ട് ആയേക്കാം. പെട്ടെന്ന് ശ്രദ്ധ നഷ്ടപ്പെടുക, സ്ലോ പേസിലുള്ള വീഡിയോകള്‍ കാണുമ്പോള്‍ അരോചകം,ഡോക്യുമെന്‍ററി പോലുള്ള കണ്ടെന്‍റുകളോട് മൊത്തത്തില്‍ മടുപ്പ് എന്നീ ലക്ഷണങ്ങള്‍ ബ്രെയിന്‍ റോട്ടുള്ളവരില്‍ സ്ഥിരം കണ്ടുവരുന്നു. ഈ അവസ്ഥയിലൂടെ കടന്നുപോകുന്നവര്‍ എല്ലാം പെട്ടെന്ന് കണ്ടും കേട്ടും തീര്‍ക്കാന്‍ ഇഷ്ടപ്പെടുന്നവരായിരിക്കും. ഇത് റീല്‍സ് കൂടുതല്‍ കാണുന്നതുകൊണ്ട് മാത്രം സംഭവിക്കുന്ന ഒന്നല്ല. ഒരു കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവ് കുറഞ്ഞുവരുന്നതാണ് ബ്രെയിന്‍ റോട്ടിലേക്ക് നയിക്കുന്നത്. നമ്മുടെ തലച്ചോറിന് വേണ്ടതിലും അധികം കണ്ടെന്‍റുകള്‍ ഓണ്‍ലൈനിലൂടെ നമ്മള്‍ പ്രോസസ് ചെയ്തുകൊണ്ടേയിരിക്കുന്നു എന്നതാണ് ബ്രെയിന്‍ റോട്ട് വരാനുള്ള പ്രധാന കാരണം. നമ്മുടെ ഇന്‍സ്റ്റഗ്രാം ഫീഡില്‍ വരുന്ന അനാവശ്യ കണ്ടെന്‍റുകളെക്കുറിച്ചുതന്നെയാണ് പറയുന്നത്. ഇത്തരം കണ്ടെന്‍റുകള്‍ കാണുമ്പോള്‍ ശരീരത്തില്‍ ഡോപ്പമിന്‍ റിലീസ് ആവുകയും നമ്മെ സന്തോഷിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇതാണ് പിന്നീട് അഡിക്ഷനായി മാറുന്നത്.
എന്നാല്‍ പിന്നീട് എന്താണ് കണ്ടതെന്നോ ഏറ്റവും അവസാനം കണ്ട റീല്‍സ് ഏതാണെന്നോ കൂടെ ഓര്‍മയുണ്ടാവില്ല. തുടര്‍ച്ചയായി ഇതുതന്നെ സംഭവിക്കുമ്പോള്‍ അങ്ങേയറ്റം ആശയക്കുഴപ്പത്തിലാകുന്നു. കുറച്ചധികം സമയം കൊടുക്കേണ്ട കാര്യങ്ങള്‍ കാണാനായി സമയം ചിലവഴിക്കേണ്ടിവരുമ്പോള്‍ നമ്മള്‍ അത് സ്കിപ്പ് ചെയ്യുന്നു. ഒന്നിലധികം കാര്യങ്ങൾ ഒരേസമയം ചെയ്യുന്നത് അഥവാ മള്‍ട്ടി ടാസ്കിങും ബ്രയിന്‍ റോട്ടിന് കാരണമാകും. പ്രൊഡക്ടിവിറ്റി കുറയുന്നതും നെഗറ്റീവ് ആറ്റിറ്റ്യൂട് വരുന്നതും ബ്രെയിന്‍ റോട്ടിന്‍റെ ലക്ഷണങ്ങളാണ്. ഫോണ്‍ ഉപയോഗിക്കാതെ ഒരു മണിക്കൂറെങ്കിലും ഇരിക്കാന്‍ കഴിയുമോ? കേള്‍ക്കുമ്പോള്‍ നിസാരമെന്ന് തോന്നുമെങ്കിലും ഇന്നത് പലര്‍ക്കും ആസാധ്യമാണെന്ന് കൂടെ ഓര്‍ക്കണം.
ബ്രെയിന്‍ റോട്ട് പെട്ടെന്ന് സംഭവിക്കുന്ന ഒന്നല്ല, പതിയെ ജീവിതത്തെ ബാധിക്കുന്ന ഒരു പ്രശ്നമാണ്. ഇത് ശ്രദ്ധ കുറയ്ക്കുകയും ദീർഘകാലം ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവ് ഇല്ലാതാക്കുകയും ചെയ്യും. ഓർമ്മശക്തിയും ആശയവിനിമയ ശേഷിയേയും ബാധിക്കാം. അതിനാൽ, നിങ്ങളുടെ ഫോൺ ഉപയോഗം നിയന്ത്രിച്ച് നേരത്തെ തന്നെ മാറ്റം കൊണ്ടുവരുക. വേഗത കുറഞ്ഞ ഉള്ളടക്കങ്ങള്‍ കാണാൻ ശ്രമിക്കുക, നേരത്തെ കണ്ടത് ഓർമ്മിക്കാനുള്ള ശ്രമം ചെയ്യുക, കൂടാതെ ഫോണിന് പകരം യഥാർത്ഥ ലോകത്ത് കൂടുതൽ സമയം ചെലവഴിക്കൂ. മനസ്സിന് വിശ്രമം നൽകുന്നത് അത്യാവശ്യമാണ്!