സോഷ്യല്‍ മീഡിയകളില്‍ കൂടുതലായി വരുന്ന ഒന്നാണ് ഭക്ഷണങ്ങളുടെ ചിത്രങ്ങളും വീഡിയോകളും ഫുഡ് വ്ളോഗുകളുമെല്ലാം. അവ കാണുംമ്പോള്‍ അതൊന്ന് രുചിച്ച് നോക്കണമെന്ന് തോന്നാറില്ലേ. എന്നാല്‍ ഇനി അങ്ങിനെയൊന്ന് സാധ്യമാണ്. ഇതിനായി ഇ–ടേസ്റ്റ് എന്നൊരു സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തിരിക്കുകയാണ് ശാസ്ത്രലോകം.
വിഡിയോ ഗെയിമുകള്‍ പോലുള്ള പല കാര്യങ്ങളിലും നമ്മള്‍ ഇതിനോടകം തന്നെ വെര്‍ച്വല്‍റിയാലിറ്റി ഉപയോഗിച്ചു കഴിഞ്ഞു. എന്നാല്‍ ശാസ്ത്ര ലോകം ഇപ്പോള്‍ ഒരു പടികൂടി മുന്നോട്ട് കടന്നിരിക്കുകയാണ്. ഇനി വെര്‍ച്വല്‍ ഭക്ഷണവും നമുക്കാസ്വദിക്കാം. ഭക്ഷണത്തിന്‍റെയും പാനീയത്തിന്‍റെയും രുചികൾ പുനർനിർമ്മിക്കുന്നതിനുള്ള ഉപകരണം ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്തിട്ടുണ്ട്.
ഇ ടേസ്റ്റ് എന്ന ഉപകരണത്തിലൂടെ കേക്ക് പോലുള്ള ഭക്ഷ്യ വസ്തുക്കളുടെ രുചികള്‍ ഡിജിറ്റലായി ആസ്വദിക്കാന്‍ കഴിയും. ഭക്ഷണം അനുഭവിച്ചറിയാന്‍ കഴിയുന്ന രീതിയാണിത്. വിഡിയോ ഗെയിമുകള്‍, ഓണ്‍ലൈന്‍ ഷോപ്പിങ്, ആരോഗ്യരംഗം തുടങ്ങിയ മേഖലകളിലെല്ലാം ഇ–ടേസ്റ്റ് ഉപയോഗിക്കാം. ഇത് അഞ്ച് പ്രാഥമിക രുചി വിഭാഗങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മധുരം, പുളി, ഉപ്പ്, കയ്പ്പ്, ഉമാമി എന്നീ രുചികളെ തിരിച്ചറിയാന്‍ കഴിയുന്നു. എന്നാല്‍ എരിവിനെ ഇതില്‍ ചേര്‍ക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.