ആവശ്യത്തിന് പണം സമ്പാദിച്ചാല്‍ ഒന്നു വിശ്രമിക്കാമെന്ന് കരുതുന്നവരാണ് എല്ലാ കോടീശ്വരന്മാരും. എന്നാല്‍ ബില്‍ ഗേറ്റ്സിന്‍റെ കാര്യം അങ്ങനെയായിരുന്നില്ല. വന്‍ സമ്പന്നനായശേഷവും താന്‍ ആഴ്ചയില്‍ 80 മണിക്കൂറിലേറെ സമയം ജോലി ചെയ്തിരുന്നുവെന്നാണ് മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്സ് പറയുന്നത്. 1998ല്‍ തനിക്ക് വിജയിക്കുകയാണെന്ന് തോന്നിയിരുന്നില്ല. മൈക്രോസോഫ്റ്റ് മുന്നേറിയപ്പോള്‍ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരനായി അദ്ദേഹം മാറി . CNBC മേക്ക് ഇറ്റിന് നല്‍കിയ അഭിമുഖത്തിലാണ് ബില്‍ഗേറ്റ്സ് മനസുതുറന്നത്.
' ഞങ്ങള്‍ വിജയിച്ചതായുള്ള ആത്മവിശ്വാസം 1998വരെ എനിക്കുണ്ടായിരുന്നില്ല. അന്ന് ഞാന്‍ പിന്നോട്ടുനോക്കി. ശരി നല്ല നിലയിലെത്തിക്കഴിഞ്ഞു.എന്തുകൊണ്ട് എതിരാളികള്‍ എനിക്കെതിരെ തിരിയുന്നുവെന്നും ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ സഹായം തേടുന്നതെന്തിനെന്നും ചിന്തിച്ചു.'1990കളില്‍ മൈക്രോസോഫ്റ്റ് നേരിട്ട എതിര്‍പ്പിനെക്കുറിച്ചുള്ള ചോദ്യത്തിന് ഗേറ്റ്സിന്‍റെ പ്രതികരണം ഇങ്ങനെയായിരുന്നു. മൈക്രോസോഫ്റ്റ് കുത്തകയായി രജിസ്റ്റര്‍ ചെയ്തതിന് യു.എസ് സ്ഥാപനങ്ങള്‍ ഉള്‍പ്പടെ നിരവധി സ്ഥാപനങ്ങള്‍ നിയമനടപടി സ്വീകരിച്ചിരുന്നു.
സോഴ്സ് കോഡെന്ന തന്‍റെ ആത്മകഥയില്‍ ഗേറ്റ്സ് തന്‍റെ കഠിനാധ്വന ശീലത്തെക്കുറിച്ച് വ്യക്തമായി വിശദീകരിക്കുന്നുണ്ട്.ചെറിയ തെറ്റുകള്‍ പോലും മൈക്രോസോഫ്റ്റിന്‍റെ ആധിപത്യം ലോകത്ത് നഷ്ടപ്പെടുത്തുമോയെന്ന് അദ്ദേഹം ഭയന്നിരുന്നു. എന്നാല്‍ അക്കാലത്ത് മൈക്രോസോഫ്റ്റ് ലോകത്തിലെ ഏറ്റവും മൂല്യമേറിയ പൊതുമേഖലാ കമ്പനിയായിരുന്നുവെന്ന് ഓര്‍ക്കണം. ഗേറ്റ്സ് ഫോര്‍ബ്സ് റിച്ച് ലിസ്റ്റില്‍ ഒന്നാം നമ്പറുകാരനും. മൈക്രോസോഫ്റ്റിന്‍റെ വളര്‍ച്ച നിലനില്‍ക്കുമെന്ന ആത്മവിശ്വാസം 1990 കളുടെ അവസാനം മാത്രമാണ് ലഭിച്ചതെന്ന് അദ്ദേഹം സമ്മതിക്കുന്നുണ്ട്. ഒരു ചെറിയ തെറ്റുവരെ വലിയ അപകടം ഉണ്ടാക്കിയേക്കാം എന്ന ബോധത്തിലായിരുന്നു ആ ഭയം ഉടലെടുത്തത്.അദ്ദേഹത്തിന്‍റെ ആ ഭയം വിജയത്തിലേക്ക് നയിച്ചെന്നതില്‍ യാതൊരു സംശയവുമില്ല. ഇതിനുമുന്‍പ് ജീവനക്കാര്‍ ആഴ്ചയില്‍ 90 മണിക്കൂറെങ്കിലും ജോലി ചെയ്യണമെന്ന് എല്‍ ആന്‍ഡി ടി ചെയര്‍മാന്‍ എസ്.എന്‍.സുബ്രഹ്‌മണ്യന്‍ നടത്തിയ പരാമര്‍ശം വലിയ വിവാദമായിരുന്നു.