SpaceX's mega rocket Starship makes a test flight from Starbase, Texas, Monday, Sept. 28, 2026. (AP Photo/Eric Gay)
റോക്കറ്റ് ബഹിരാകാശത്തേക്ക് ഉയരുന്നത് നമ്മൾ പലതവണ കണ്ടിട്ടുണ്ട്. എന്നാൽ ഭൂമിയുടെ ഭ്രമണപഥത്തിലെത്തി മണിക്കൂറുകളോളം ഭൂമിയെ വലംവയ്ക്കുക, യാത്രയ്ക്കിടെ ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് വിന്യസിക്കുക, പിന്നീട് വീണ്ടും ഭൂമിയിലേക്ക് മടങ്ങുക, ഇതെല്ലാം ഒരൊറ്റ ദൗത്യത്തിൽ പരീക്ഷിക്കുകയാണ് ഇലോൺ മസ്കിന്റെ സ്പേസ് എക്സ്. അമേരിക്കയിലെ ടെക്സസിലുള്ള സ്പേസ് എക്സിന്റെ Starbase-ൽ നിന്നാണ് സ്റ്റാർഷിപ്പ് റോക്കറ്റ് കുതിച്ചുയർന്നത്
എന്താണ് Flight 14-ന്റെ പ്രത്യേകത?
റോക്കറ്റ് ബഹിരാകാശത്ത് എത്തിക്കുക മാത്രമല്ല ഇത്തവണത്തെ ലക്ഷ്യം. ഭൂമിയുടെ ഭ്രമണപഥത്തിൽ പ്രവർത്തിക്കാൻ സ്റ്റാർഷിപ്പിന് കഴിയുമോ എന്നതാണ് പ്രധാന പരീക്ഷണം. ഏകദേശം 275 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിൽ സഞ്ചരിച്ച് ഭൂമിയെ ഏകദേശം ആറുതവണ വലംവയ്ക്കുന്ന, പത്ത് മണിക്കൂറിനടുത്ത് നീളുന്ന ദൗത്യമാണ് പദ്ധതിയിട്ടിരിക്കുന്നത്. അതിനിടെ സ്റ്റാർഷിപ്പിന്റെ വിവിധ സംവിധാനങ്ങൾ ഭ്രമണപഥത്തിൽ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിന്റെ നിർണായക വിവരങ്ങൾ സ്പേസ് എക്സിന് ലഭിക്കും.
Flight 14-ന്റെ മറ്റൊരു പ്രധാന പ്രത്യേകതയാണ് 26 പുതിയ തലമുറ Starlink V3 ഉപഗ്രഹങ്ങളുടെ വിന്യാസം.സ്റ്റാർഷിപ്പിനെ ഉപയോഗിച്ച് വലിയ തോതിൽ ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിക്കാനുള്ള സ്പേസ് എക്സിന്റെ പദ്ധതിയിലെ പ്രധാന പരീക്ഷണമാണിത്. V3 ഉപഗ്രഹങ്ങൾ സ്റ്റാർലിങ്ക് ഇന്റർനെറ്റ് ശൃംഖലയുടെ ശേഷി വലിയ തോതിൽ വർധിപ്പിക്കാൻ രൂപകൽപ്പന ചെയ്തവയാണ്. ഇതോടെ സ്റ്റാർഷിപ്പ് ഒരു പരീക്ഷണ റോക്കറ്റ് എന്ന നിലയിൽ നിന്ന് യഥാർത്ഥ ഉപഗ്രഹ ദൗത്യങ്ങൾ നിർവഹിക്കുന്ന വിക്ഷേപണ സംവിധാനത്തിലേക്കുള്ള നിർണായക ചുവടുവയ്പ്പാണ് നടത്തുന്നത്.
ഭ്രമണപഥത്തിൽ എത്തിയതോടെ പരീക്ഷണം അവസാനിക്കുന്നില്ല. ബഹിരാകാശത്തുവച്ച് Raptor എൻജിൻ വീണ്ടും പ്രവർത്തിപ്പിക്കുന്നത്, ഭ്രമണപഥത്തിൽ ആവശ്യമായ ചലനങ്ങൾ നടത്തുന്നത്, പിന്നീട് ഭൂമിയിലേക്ക് തിരിച്ചുവരാനുള്ള ഡീ ഓര്‍ബിറ്റ് മാനുവര്‍ നടത്തുന്നത് തുടങ്ങിയവയും ദൗത്യത്തിന്റെ പ്രധാന ഘടകങ്ങളാണ്. ഭ്രമണപഥത്തിലെത്തുന്നതുപോലെ തന്നെ നിർണായകമാണ് സുരക്ഷിതമായ തിരിച്ചുവരവും. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് അതിവേഗത്തിൽ പ്രവേശിക്കുമ്പോൾ സ്റ്റാർഷിപ്പ് അതിശക്തമായ ചൂടിനെ നേരിടേണ്ടിവരും. അതിനാൽ ഹീറ്റ് ഷീല്‍ഡ് സംവിധാനത്തിലെ മാറ്റങ്ങളും Flight 14-ൽ പരിശോധിക്കുന്നുണ്ട്. സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളിൽ ചിലതിലുള്ള ക്യാമറകൾ ഉപയോഗിച്ച് സ്റ്റാർഷിപ്പിന്റെ ഹീറ്റ് ഷീല്‍ഡ് നിരീക്ഷിക്കാനും പദ്ധതിയുണ്ട്. ഇതിലൂടെ തിരിച്ചുവരവിനിടെ വാഹനത്തിന്റെ പുറംഭാഗത്തിന് എന്താണ് സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കും.
സ്റ്റാർഷിപ്പിനെ ബഹിരാകാശത്തേക്ക് ഉയർത്തുന്ന Super Heavy booster വേർപെട്ടശേഷം നിയന്ത്രിതമായി തിരിച്ചിറക്കാനുള്ള പരീക്ഷണവും ദൗത്യത്തിന്റെ ഭാഗമാണ്. ഇത്തവണ ലോഞ്ച് ടവറിൽ ബൂസ്റ്ററിനെ പിടികൂടുന്നതിന് പകരം കടലിൽ നിയന്ത്രിത സ്പാഷ്ഡൗണ്‍ ആണ് പദ്ധതിയുടെ ഭാഗം. സ്റ്റാർഷിപ്പിനെ പൂർണമായും വീണ്ടും ഉപയോഗിക്കാവുന്ന ബഹിരാകാശ വാഹനമാക്കി മാറ്റുകയാണ് സ്പേസ് എക്സിന്റെ വലിയ ലക്ഷ്യം. അത് സാധ്യമായാൽ ബഹിരാകാശത്തേക്ക് വലിയ ചരക്കുകളും ഉപഗ്രഹങ്ങളും എത്തിക്കുന്നതിനുള്ള ചെലവ് കുറയ്ക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷ. ചന്ദ്രനിലേക്കുള്ള ഭാവി ദൗത്യങ്ങളിലും പിന്നീട് ചൊവ്വാ ദൗത്യങ്ങളിലും സ്റ്റാർഷിപ്പിന് വലിയ പങ്കാണ് സ്പേസ് എക്സ് ലക്ഷ്യമിടുന്നത്.
അതുകൊണ്ട് തന്നെ Flight 14 ഒരു പരീക്ഷണ പറക്കൽ മാത്രമല്ല. ഭൂമിയുടെ ഭ്രമണപഥത്തിലെത്തുകയും അവിടെ പ്രവർത്തിക്കുകയും ഉപഗ്രഹങ്ങൾ വിന്യസിക്കുകയും പിന്നീട് തിരിച്ചെത്തുകയും ചെയ്യുന്ന സമ്പൂർണ ബഹിരാകാശ ഗതാഗത സംവിധാനത്തിലേക്കുള്ള സ്റ്റാർഷിപ്പിന്റെ നിർണായക ചുവടുവയ്പ്പാണ്.