FILE PHOTO: A SpaceX Falcon 9 rocket launches carrying Firefly Aerospace's Blue Ghost lunar lander as the primary payload and Japan-based ispace's Resilience lander as a secondary payload, from Kennedy Space Center in Cape Canaveral, Florida, U.S., January 15, 2025. REUTERS/Steve Nesius/File Photo
നിയന്ത്രണം നഷ്ടപ്പെട്ട സ്പേസ് എക്സ് റോക്കറ്റിന്റെ ഭാഗം ചന്ദ്രനിൽ ഇടിച്ചതായി റിപ്പോർട്ട്. 4,000 കിലോഗ്രാം ഭാരമുള്ള പേടകം മൂന്ന് ടൺ ടിഎൻടിയുടെ ശക്തിയോടെയാണ് ചന്ദ്രന്റെ ഉപരിതലത്തിൽ പതിച്ചത്. ഇതേ തുടര്‍ന്ന് ചന്ദ്രന്‍റെ ഉപരിതലത്തില്‍ കനത്ത പൊടിപടലങ്ങൾ ഉയരുകയും ചന്ദ്രനിൽ പുതിയൊരു ഗർത്തം സൃഷ്ടിക്കുകയും ചെയ്തു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ബ്രിട്ടീഷ് സമയം രാവിലെ 7:35-ഓടെ (ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 2:05ന്) റോക്കറ്റ് ചന്ദ്രനിൽ പതിക്കുമെന്നാണ് ഗവേഷകർ പ്രവചിച്ചിരുന്നത്. കൂട്ടിയിടിയെ തുടർന്ന് ചെറിയൊരു പ്രകാശവലയം ദൃശ്യമാകുമെന്ന് ശാസ്ത്രജ്ഞർ കരുതിയിരുന്നെങ്കിലും, ഭൂമിയിൽ നിന്നും ടെലിസ്‌കോപ്പിലൂടെ നിരീക്ഷിച്ച ശാസ്ത്രജ്ഞർക്ക് ഇടിയുടെ ദൃശ്യങ്ങൾ നേരിട്ട് കാണാൻ സാധിച്ചില്ല. അമേരിക്കയിലെ ഗ്രൗണ്ട് ടെലിസ്‌കോപ്പുകൾ സ്ഫോടനത്തിന്‍റെ അടയാളങ്ങൾക്കായി നിരീക്ഷണം തുടരുന്നുണ്ട്. അതേസമയം, ചിത്രങ്ങൾ പുറത്തുവരാൻ ദിവസങ്ങളെടുക്കുമെന്നാണ് വിലയിരുത്തൽ. കൂടാതെ, ചന്ദ്രനെ ഭ്രമണം ചെയ്യുന്ന പേടകങ്ങളും വരും ദിവസങ്ങളിൽ ഇതുവഴി കടന്നുപോകുമ്പോൾ ഇടിച്ചിറങ്ങിയ സ്ഥലത്തിന്‍റെ ദൃശ്യങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ.
2025 ജനുവരിയിൽ ചന്ദ്രനിലേക്ക് ലാൻഡറുമായി വിക്ഷേപിച്ച ഫാൽക്കൺ 9 റോക്കറ്റിന്‍റെ ഭാഗമാണ് നിയന്ത്രണം വിട്ട് ചന്ദ്രനിൽ പതിച്ചത്. സാധാരണയായി സ്പേസ് എക്സിന്റെ റോക്കറ്റ് ഭാഗങ്ങൾ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് തിരികെ പ്രവേശിച്ച് കത്തി തീരുകയോ സമുദ്രത്തിൽ പതിക്കുകയോ ആണ് പതിവ്. എന്നാൽ ഈ റോക്കറ്റിന്‍റെ ഉപരിഭാഗം (Upper stage) ബഹിരാകാശത്ത് ഒരു വർഷത്തിലേറെയായി ഭ്രമണപഥത്തിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഈ റോക്കറ്റ് ചന്ദ്രനിൽ ഇടിച്ചിറക്കണമെന്ന് സ്പേസ് എക്സ് ഒരിക്കലും ഉദ്ദേശിച്ചിരുന്നില്ല. ദിശ മാറ്റാൻ സാധിച്ചിരുന്നില്ലെന്നും, ഈവർഷം ആദ്യം നടത്തിയ നിരീക്ഷണങ്ങളിലാണ് ഇത് ചന്ദ്രന്റെ ഉപരിതലത്തിലേക്ക് പതിക്കുന്ന പാതയിലാണെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തിയതെന്നുമാണ് സ്പേസ് എക്സ് പറയുന്നത്.
സൗരയൂഥത്തിലെ പ്രവർത്തനങ്ങളും ചന്ദ്രന്‍റെ ഗുരുത്വാകർഷണ ബലവും ചേർന്നാണ് ഇതിനെ ചന്ദ്രനിലേക്ക് എത്തിച്ചതെന്ന് സ്പേസ് എക്സിന്‍റെ നാസ സയൻസ് ആൻഡ് ഡ്രാഗൺ പ്രോഗ്രാം ഡയറക്ടർ ജൂലിയാന ഷീമാൻ വ്യക്തമാക്കി. ഈ ഇടിച്ചിറങ്ങല്‍, ഭൂമിക്ക് യാതൊരുവിധ ഭീഷണിയുമില്ലെന്ന് നാസ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. സാധാരണയായി ബഹിരാകാശത്തെ പ്രകൃതിദത്ത വസ്തുക്കൾ ചന്ദ്രനിൽ പതിക്കാറുണ്ട്. എന്നാല്‍ അവയുടെ ആഘാതം കൃത്യമായി മുൻകൂട്ടി കണ്ട് പഠിക്കാൻ ബുദ്ധിമുട്ടാണ്. എന്നാൽ ഈ സംഭവം ചന്ദ്രന്‍റെ ഉപരിതലത്തിലുണ്ടാകുന്ന മാറ്റങ്ങളെയും ഭാവിയിലെ ചാന്ദ്രദൗത്യങ്ങള്‍ക്കുള്ള സുരക്ഷാ ഭീഷണികളെയും കുറിച്ച് പഠിക്കാന്‍ സഹായകമാകുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ.
അതേസമയം, ബഹിരാകാശത്ത് റോക്കറ്റ് വിക്ഷേപണങ്ങൾ വഴി മാലിന്യങ്ങള്‍ വർദ്ധിച്ചുവരുന്നത് ഭാവിയിൽ പ്രധാനപ്പെട്ട ഉപഗ്രഹങ്ങൾക്കും ദൗത്യങ്ങള്‍ക്കും ഭീഷണിയാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇത്തരം അവശിഷ്ടങ്ങൾ ചന്ദ്രനിൽ പതിക്കുന്നത് വളരെ അപൂർവ്വമായ സംഭവമാണ്. എന്നാല്‍ 2022 മാർച്ചിൽ ഒരു ചൈനീസ് റോക്കറ്റ് ഭാഗവും ചന്ദ്രനിൽ തകർന്നു വീണിരുന്നു. കൂടാതെ 2009-ൽ ചന്ദ്രനിൽ നിന്നുള്ള അവശിഷ്ടങ്ങളെക്കുറിച്ച് പഠിക്കാൻ നാസ ബോധപൂർവ്വം ഒരു റോക്കറ്റ് ഘട്ടം ചന്ദ്രനിലിടിപ്പിക്കുകയും ചെയ്തിരുന്നു.