* ചൊവ്വയുടെ ഉപരിതല താപനിലയില്‍ അതിശക്തമായ വ്യതിയാനം സംഭവിക്കുന്നു
* നേര്‍ത്ത അന്തരീക്ഷം താപനില മാറ്റത്തിന് പ്രധാന കാരണം
* ഭാവിയിലെ ചൊവ്വാ ദൗത്യങ്ങള്‍ക്ക് കണ്ടെത്തല്‍ നിര്‍ണായകം
ചൊവ്വ... ദൂരെ നിന്ന് നോക്കുമ്പോൾ ചുവന്ന നിറത്തിൽ നിശ്ചലമായി കിടക്കുന്ന ഒരു തണുത്ത ഗ്രഹം. പക്ഷേ ആ നിശ്ചലതയ്ക്കുള്ളിൽ വലിയ മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്. ചിലപ്പോൾ കൊടുംതണുപ്പ്... ചിലപ്പോൾ താരതമ്യേന ചൂട്... ഒപ്പം അന്തരീക്ഷത്തിൽ തുടർച്ചയായ ചലനങ്ങളും. ചുരുക്കിപ്പറഞ്ഞാൽ, ചൊവ്വയ്ക്കുമുണ്ട് ഒരു 'ശ്വാസതാളം'. ആ താളത്തിന്റെ രഹസ്യങ്ങളിലേക്കാണ് ഇപ്പോൾ ഇന്ത്യൻ ശാസ്ത്രജ്ഞർ കൂടുതൽ വെളിച്ചം വീശിയിരിക്കുന്നത്.
അഹമ്മദാബാദിലെ ഫിസിക്കൽ റിസർച്ച് ലബോറട്ടറി, അഥവാ PRL-ലെ ഗവേഷകരാണ് ചൊവ്വയുടെ കാലാവസ്ഥയിലെ മാറ്റങ്ങൾ വിശദമായി പഠിച്ചത്. ഇതിനായി യുഎഇയുടെ ഹോപ്പ് മാർസ് മിഷനിൽ നിന്നുള്ള വിവരങ്ങളാണ് ഉപയോഗിച്ചത്. ഹോപ്പ് പേടകത്തിലെ EMIRS എന്ന ഇൻഫ്രാറെഡ് ഉപകരണം ശേഖരിച്ച ഡേറ്റ ഉപയോഗിച്ച് ചൊവ്വയുടെ ഉപരിതലത്തിലെ താപനില മാറ്റങ്ങളാണ് ഗവേഷകർ പരിശോധിച്ചത്.
പ്രധാനമായും ഹെല്ലാസ്, ആർഗയർ എന്നീ രണ്ട് വലിയ ഗർത്തപ്രദേശങ്ങളിലായിരുന്നു പഠനം. ചൊവ്വയിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ ഭൂപ്രദേശങ്ങളാണ് ഇവ.ഇവിടെ കണ്ടെത്തിയ താപനില വ്യത്യാസം വളരെ വലുതാണ്. പഠനത്തിൽ പരിശോധിച്ച സാഹചര്യങ്ങളിൽ ഏകദേശം മൈനസ് 123 ഡിഗ്രി സെല്‍സ്യസ് മുതൽ 22 ഡിഗ്രി സെൽസ്യസ് വരെയുള്ള ഉപരിതല താപനില രേഖപ്പെടുത്തി.
ഇത്ര വേഗത്തിൽ താപനില മാറുന്നത് എന്തുകൊണ്ട്?
അതിന്‍റെ പ്രധാന കാരണം ചൊവ്വയുടെ നേർത്ത അന്തരീക്ഷമാണ്. ഭൂമിയുടെ അന്തരീക്ഷം ചൂട് പിടിച്ചുനിർത്താനും ഒരു പ്രദേശത്തു നിന്ന് മറ്റൊരിടത്തേക്ക് എത്തിക്കാനും സഹായിക്കുന്നു. എന്നാൽ ചൊവ്വയുടെ അന്തരീക്ഷം ഭൂമിയുടേതിനെക്കാൾ വളരെ നേർത്തതാണ്. അതുകൊണ്ട് സൂര്യപ്രകാശം ലഭിക്കുമ്പോൾ ചൊവ്വയുടെ ഉപരിതലം വേഗത്തിൽ ചൂടാകാം. സൂര്യപ്രകാശം കുറഞ്ഞാൽ അതേ വേഗത്തിൽ ചൂട് നഷ്ടപ്പെടുകയും ചെയ്യും. സൂര്യനെ ചുറ്റുന്ന ചൊവ്വയുടെ ഭ്രമണപഥം ഭൂമിയുടേതിനേക്കാൾ കൂടുതൽ ദീർഘവൃത്താകൃതിയിലാണ്. അതുകൊണ്ട് സൂര്യനിൽ നിന്നുള്ള ദൂരത്തിൽ വലിയ മാറ്റം സംഭവിക്കുകയും അത് കാലാവസ്ഥയെ സ്വാധീനിക്കുകയും ചെയ്യുന്നു.
കൗതുകകരമായ മറ്റൊരു കണ്ടെത്തല്‍
ചൊവ്വയിലെ താപനില ഒരേ രീതിയിൽ എല്ലായിടത്തും ഉയരുകയും താഴുകയും ചെയ്യുന്നില്ല. ഗ്രഹത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ തരംഗങ്ങൾ പോലെ താപനില വ്യത്യാസങ്ങൾ സഞ്ചരിക്കുന്നതായി ഗവേഷകർ കണ്ടെത്തി. ഇവയാണ് 'സോണൽ വേവ്സ്'. ലളിതമായി പറഞ്ഞാൽ, ചൊവ്വയുടെ അന്തരീക്ഷം എങ്ങനെയാണ് സഞ്ചരിക്കുന്നത് എന്നതിന്റെ ഒരു സൂചനയാണ് ഈ താപനില തരംഗങ്ങൾ. ആർഗയർ മേഖലയിൽ പ്രധാനമായും വലിയൊരു 'വേവ്-1' പാറ്റേൺ ഗവേഷകർ തിരിച്ചറിഞ്ഞു. ഹെല്ലാസ് മേഖലയിൽ അതേസമയം ഋതുക്കൾ മാറുന്നതിനനുസരിച്ച് കൂടുതൽ സങ്കീർണമായ വേവ്-2, വേവ്-3 പാറ്റേണുകളും കണ്ടെത്തി. അതായത് ചൊവ്വയുടെ ഭൂപ്രകൃതിയും അവിടുത്തെ കാലാവസ്ഥയെ നിയന്ത്രിക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നു. കൂറ്റൻ ഗർത്തങ്ങളുടെ ആഴവും രൂപവും പോലും അന്തരീക്ഷത്തിലെ വായുസഞ്ചാരത്തെയും താപനില വിതരണത്തെയും സ്വാധീനിക്കാം.
ഭാവിയിലെ ചൊവ്വാ ദൗത്യങ്ങൾക്കും ഈ കണ്ടെത്തലുകൾ പ്രധാനമാണ്. ഒരു പേടകം എവിടെ ഇറക്കണം, അവിടുത്തെ താപനില എത്രത്തോളം മാറാം, ഉപകരണങ്ങൾ എത്രത്തോളം തണുപ്പും ചൂടും അതിജീവിക്കണം തുടങ്ങിയ കാര്യങ്ങളിൽ ചൊവ്വയുടെ കാലാവസ്ഥയെക്കുറിച്ചുള്ള കൃത്യമായ അറിവ് ആവശ്യമാണ്. ഭാവിയിൽ മനുഷ്യർ ചൊവ്വയിലെത്തുന്ന സാഹചര്യമുണ്ടായാൽ ഈ വിവരങ്ങളുടെ പ്രാധാന്യം ഇനിയും വർധിക്കും.