നിര്‍ണായകമായ സ്പേസ് വാക് നടത്തി ബഹിരാകാശ നിലയത്തിലെത്തിയ ആദ്യ മലയാളി അനില്‍ മേനോന്‍. ആറുമണിക്കൂറും 27 മിനിട്ടും നീണ്ടുനിന്ന ഈ ബഹിരാകാശ നടത്തത്തിനിടെ പുതിയ സൗരോര്‍ജ പാനലുകള്‍ സജ്ജമാക്കുന്നത് അടക്കമുള്ള പ്രധാന ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കി.  ബഹിരാകാശനടത്തില്‍ പരിചയ സമ്പന്നയായ ജെസീക്ക യു.മെയറും അനിലിന് ഒപ്പമുണ്ടായിരുന്നു.

ഇന്നലെ വൈകിട്ട് ആറുമണിയോടെ ആരംഭിച്ച ബഹാരാകാശ നടത്തം പുലര്‍ച്ചെ പന്ത്രണ്ടരയോടെ അവസാനിച്ചു. ഇരുവരും നിലയത്തിനുള്ളില്‍ തിരിച്ചുകയറി. അനിലിനൊപ്പം ബഹിരാകാശ നടത്തത്തിനുണ്ടായിരുന്ന  ജെസീക്ക യു.മെയറിന്‍റേത് ഇത് ആറാമത്തെ ബഹിരാകാശ നടത്തമാണ്. ഈ ബഹിരാകാശ നടത്തത്തിനിടെ പുതിയ സൗരോര്‍ജ പാനലുകള്‍ സജ്ജമാക്കുന്നത് അടക്കമുള്ള പ്രധാന ലക്ഷ്യങ്ങള്‍ ഇരുവരും പൂര്‍ത്തിയാക്കി. ഭ്രമണപഥത്തിലുള്ള രാജ്യാന്തരബഹിരാകാശ നിലയത്തിന്‍റെ  ഊര്‍ജോല്‍പാദനം ഗണ്യമായി വര്‍ധിപ്പിക്കാന്‍ ശേഷിയുള്ളവയാണ് ഈ സോളര്‍ പാനലുകള്‍. ഇത് നിലയത്തിന്‍റെ കാലാവധി കഴിയും വരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജം നല്‍കും. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ നിലയത്തെ സുരക്ഷിതമായി ഭ്രമണപഥത്തില്‍നിന്ന് ഇറക്കാനും സഹായിക്കും. 

ബഹിരാകാശ നിലയത്തിന്‍റെ നിര്‍മാണം, പരിപാലനം, നവീകരണം എന്നിവയുടെ ഭാഗമായുള്ള 281–ാമത് ബഹിരാകാശ നടത്തമായിരുന്നു ഇതെന്ന് നാസ അറിയിച്ചു. ഒരു ചെറിയ പിഴവിന് പോലും വലിയ വില നല്‍കേണ്ടിവരുന്നതാണ് ബഹിരാകാശ സഞ്ചാരികളെ സംബന്ധിച്ചിടത്തോളം ബഹിരാകാശത്തെ നടത്തം. ഭൂമിയില്‍ വച്ച് തന്നെ ഇതിനായി കൃത്യമായ പരിശീലനം നല്‍കും. യുഎസിലെ ഹൂസ്റ്റണിലെ ജോണ്‍സണ്‍ സ്പേസ് സെന്‍ററില്‍ വച്ചാണ് അനില്‍ മേനോന്‍ പരിശീലനം നടത്തിയത്. ഭൂമിയില്‍ തന്നെ ബഹിരാകാശത്തിന്‍റെ അവസ്ഥ കഴിയുന്നത്ര കൃത്യമായി അനുകരിച്ചാണ് പരിശീലനം.

ENGLISH SUMMARY:

Anil Menon became the first Malayali to perform a crucial spacewalk at the International Space Station, successfully completing key objectives including new solar panel installations during his six-hour and 27-minute mission. This significant achievement marks a new milestone in space exploration for Kerala and highlights the advancements in astronaut capabilities.