ഓഗസ്റ്റിലെ സമ്പൂർണ്ണ സൂര്യഗ്രഹണത്തിനായി കാത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള വാനനിരീക്ഷകര്‍. എന്നാല്‍ ഇനി അധികനാളുകളില്ല, വിരലില്‍ എണ്ണാവുന്ന ദിവസങ്ങള്‍ മാത്രമേയുള്ളൂ ആകാശത്തിലെ ആ വിസ്മയകാഴ്ചയ്ക്ക്. ഓഗസ്റ്റ് 12 ബുധനാഴ്ചയാണ് സമ്പൂർണ്ണ സൂര്യഗ്രഹണം സംഭവിക്കുന്നത്. സമയമേഖലകളിലെ വ്യത്യാസം കാരണം ഇന്ത്യയിൽ ഇത് ഓഗസ്റ്റ് 13നായിരിക്കും. 4 മണിക്കൂർ, 23 മിനിറ്റ്, 42 സെക്കൻഡാണ് ഇത്തവണ ഗ്രഹണം നീണ്ടു നില്‍ക്കുക.
ഇന്ത്യയില്‍ ദൃശ്യമാകുമോ?
നാസയുടെ പറയുന്നത് പ്രകാരം ഓഗസ്റ്റ് 12 നാണ് സമ്പൂർണ്ണ സൂര്യഗ്രഹണം നടക്കുന്നത്. എന്നാൽ ഇന്ത്യൻ സമയക്രമമനുസരിച്ച് ഗ്രഹണം ആരംഭിക്കുന്നത് ഓഗസ്റ്റ് 12 രാത്രി വൈകിയും, അവസാനിക്കുന്നത് ഓഗസ്റ്റ് 13 പുലർച്ചെയുമാണ്. ഇന്ത്യന്‍ സമയം ഓഗസ്റ്റ് 12 രാത്രി 9:04:15-ന് ഭാഗിക ഗ്രഹണം ആരംഭിക്കും. രാത്രി 10:28:09-ന് സമ്പൂർണ്ണ ഗ്രഹണവും തുടങ്ങും. രാത്രി 11:16-ഓടെ ഗ്രഹണം അതിന്‍റെ പാരമ്യത്തിലെത്തും. ഓഗസ്റ്റ് 13 പുലർച്ചെ 12:04:07-ന് സമ്പൂർണ്ണ ഗ്രഹണം അവസാനിക്കും. പുലർച്ചെ 1:27:57-ന് ഭാഗിക ഗ്രഹണവും അവസാനിക്കും. അതായത്... ഓഗസ്റ്റ് 12-ന് ഇന്ത്യൻ സമയം രാത്രി 9:04 മുതൽ ഓഗസ്റ്റ് 13 പുലർച്ചെ 1:28 വരെ. അര്‍ദ്ധരാത്രി ആയതുകൊണ്ടു തന്നെ ഓഗസ്റ്റ് 12-ലെ സമ്പൂർണ്ണ സൂര്യഗ്രഹണം ഇന്ത്യയിൽ ഒരിടത്തും ദൃശ്യമാകില്ല.
എവിടെയെല്ലാം കാണാം?
വടക്കേ റഷ്യ, ഗ്രീൻലാൻഡ്, ഐസ്‌ലാൻഡ്, നോർത്ത് അറ്റ്‌ലാന്റിക്, സ്‌പെയിൻ, പോർച്ചുഗലിന്റെ ചെറിയൊരു ഭാഗം എന്നിവിടങ്ങളിലൂടെയാണ് ഗ്രഹണ പാത കടന്നുപോകുന്നത്. യൂറോപ്പിന്റെ ഭൂരിഭാഗം പ്രദേശങ്ങൾ, കാനഡ, യുഎസിന്റെ വടക്കേ ഭാഗങ്ങൾ, വടക്കുപടിഞ്ഞാറൻ ആഫ്രിക്ക എന്നിവിടങ്ങളിൽ ഭാഗിക ഗ്രഹണം ദൃശ്യമാകും. ഇന്ത്യയിലുള്ളവർക്ക് നേരിട്ട് കാണാൻ സാധിക്കില്ലെങ്കിലും ഓൺലൈൻ ലൈവ് സംപ്രേക്ഷണങ്ങളിലൂടെ ഈ വിസ്മയ കാഴ്ച ആസ്വദിക്കാവുന്നതാണ്.
അതേസമയം, ഓഗസ്റ്റ് 12 മറ്റൊരു പ്രത്യേകത കൂടിയുണ്ട്. സൂര്യഗ്രഹണത്തിന് പുറമെ വർഷം തോറും ദൃശ്യമാകുന്ന പെർസീഡ് ഉൽക്കാവർഷം അതിന്‍റെ പാരമ്യത്തിലെത്തുന്നതും അന്നാണ്. പകൽ സമയത്ത് സൂര്യഗ്രഹണവും രാത്രിയിൽ ഉൽക്കാവർഷവും ഒരേ ദിവസമെത്തുന്നു എന്നത് ആകാശ നിരീക്ഷകരെ സംബന്ധിച്ച് വലിയൊരു വിസ്മയമായിരിക്കും. അമാവാസി ദിനമായതിനാൽ ചന്ദ്രന്റെ വെളിച്ചം കുറവായിരിക്കുമെന്നത് ഉൽക്കാവർഷം വ്യക്തമായി കാണാൻ മികച്ച അന്തരീക്ഷം ഒരുക്കും.
എന്താണ് സൂര്യഗ്രഹണം?
സൂര്യനും ഭൂമിക്കും ഇടയിൽ വരുന്ന ചന്ദ്രബിംബം സൂര്യബിംബത്തെ പൂർണമായോ ഭാഗികമായോ മറയ്ക്കുന്നതാണ് സൂര്യഗ്രഹണം. സമ്പൂർണ സൂര്യഗ്രഹണസമയത്ത്, സൂര്യനും ചന്ദ്രനും ഭൂമിയും പൂർണമായി വിന്യസിക്കുകയും സൂര്യന്‍റെ മുഴുവൻ ഡിസ്കും ചന്ദ്രൻ മൂടുകയും ചെയ്യുന്നു. അതേസമയം, ഭാഗിക സൂര്യഗ്രഹണ സമയത്ത് ഇവ മൂന്നും പൂർണമായി വിന്യസിക്കപ്പെടുന്നില്ല, അതിനാൽ സൂര്യന്‍റെ ഒരു ഭാഗം മാത്രമേ ചന്ദ്രനാൽ മൂടപ്പെടുകയുള്ളൂ.