പുനരുപയോഗിക്കാവുന്ന റോക്കറ്റ് സാങ്കേതികവിദ്യയിൽ പുതിയ നേട്ടം കൈവരിച്ച് ബഹിരാകാശ രംഗത്ത് വീണ്ടും ശ്രദ്ധ നേടി ചൈന. വിക്ഷേപണത്തിന് ശേഷം റോക്കറ്റിന്റെ ആദ്യഘട്ട ബൂസ്റ്റർ വിജയകരമായി തിരിച്ചുപിടിച്ചിരിക്കുകയാണ് ചൈന. അമേരിക്കയ്ക്ക് ശേഷം ഓർബിറ്റൽ ക്ലാസ് റോക്കറ്റിന്റെ ബൂസ്റ്റർ വിജയകരമായി വീണ്ടെടുക്കുന്ന രാജ്യമായി ചൈന. ലോക ബഹിരാകാശ മത്സരത്തിൽ നിർണായക വഴിത്തിരിവായാണ് ഈ നേട്ടത്തെ വിദഗ്ധർ കാണുന്നത്.

ഹൈനാൻ കൊമേഴ്സ്യൽ സ്പേസ് ലോഞ്ച് സൈറ്റിൽ നിന്നാണ് ചൈനയുടെ ലോങ് മാർച്ച്–10ബി റോക്കറ്റിന്റെ ആദ്യ പരീക്ഷണ വിക്ഷേപണം നടത്തിയത്. ഭൂമിക്ക് സമീപമുള്ള ഭ്രമണപഥത്തിലേക്ക് ഉപഗ്രഹത്തെ വിജയകരമായി എത്തിച്ചശേഷം, റോക്കറ്റിന്റെ ആദ്യഘട്ട ബൂസ്റ്റർ നിയന്ത്രിതമായി ഭൂമിയിലേക്ക് മടങ്ങി. സാധാരണ റോക്കറ്റുകളുടെ ആദ്യഘട്ടം കടലിൽ പതിച്ച് നശിക്കുകയാണ് പതിവ്. എന്നാൽ ഈ ബൂസ്റ്റർ സ്വന്തം എൻജിനുകൾ വീണ്ടും പ്രവർത്തിപ്പിച്ച് വേഗം കുറയ്ക്കുകയും കൃത്യമായ പാതയിലൂടെ കടലിലെ റിക്കവറി പ്ലാറ്റ്‌ഫോമിലേക്ക് തിരിച്ചെത്തുകയും ചെയ്തു.

സ്പേസ്‌ എക്‌സിന്റെ ഫാൽക്കൺ-9 പോലെ കരയിൽ ലാൻഡ് ചെയ്യുന്നതിനുപകരം, കടലിൽ ഒരുക്കിയ പ്രത്യേക റിക്കവറി പ്ലാറ്റ്‌ഫോമിലാണ് ബൂസ്റ്റർ സുരക്ഷിതമായി വീണ്ടെടുത്തത്. വലിയ വലയും പ്രത്യേക ലാൻഡിംഗ് സംവിധാനവും ഉപയോഗിച്ചാണ് ഈ തിരിച്ചുപിടുത്തം നടത്തിയത്. നാല് പ്രത്യേക ലാൻഡിംഗ് ഹുക്കുകൾ ഉപയോഗിച്ച് ബൂസ്റ്റർ വലയിൽ സുരക്ഷിതമായി കുടുങ്ങുന്ന രീതിയാണ് ഈ സംവിധാനത്തിന്റെ പ്രത്യേകത. ഇതിലൂടെ റോക്കറ്റിന്റെ ഭാരം കുറയ്ക്കാനും കൂടുതൽ പേലോഡ് ബഹിരാകാശത്തേക്ക് കൊണ്ടുപോകാനുമാകും.

ഏകദേശം 16 ടൺ വരെ ഭാരം ഭൂമിക്ക് സമീപമുള്ള ഭ്രമണപഥത്തിലെത്തിക്കാൻ ശേഷിയുള്ള റോക്കറ്റാണ് ലോങ് മാർച്ച്–10ബി. ഈ ബൂസ്റ്റർ നവീകരണത്തിന് ശേഷം ഈ വർഷം തന്നെ വീണ്ടും വിക്ഷേപണത്തിന് ഉപയോഗിക്കാനാണ് ലക്ഷ്യം. പുനരുപയോഗിക്കാവുന്ന റോക്കറ്റ് സാങ്കേതികവിദ്യ ബഹിരാകാശ ദൗത്യങ്ങളുടെ ചെലവ് ഗണ്യമായി കുറയ്ക്കുകയും കൂടുതൽ വിക്ഷേപണങ്ങൾ വേഗത്തിൽ നടത്താനും സഹായിക്കുകയും ചെയ്യും. ഓരോ ദൗത്യത്തിനും പുതിയ റോക്കറ്റ് നിർമ്മിക്കേണ്ട സാഹചര്യം ഒഴിവാകുന്നതിനാൽ ഉപഗ്രഹ വിക്ഷേപണങ്ങൾ കൂടുതൽ വേഗത്തിലും കുറഞ്ഞ ചെലവിലും നടത്താനാകും. ഇതോടൊപ്പം, 2030-നുമുമ്പ് മനുഷ്യനെ ചന്ദ്രനിലെത്തിക്കാനുള്ള ചൈനയുടെ പദ്ധതികൾക്കും ഈ സാങ്കേതികവിദ്യ നിർണായകമാകുമെന്നാണ് വിലയിരുത്തൽ.

പുനരുപയോഗിക്കാവുന്ന റോക്കറ്റ് രംഗത്ത് നിലവിൽ സ്പേസ്‌എക്‌സ് മുൻനിരയിലാണ്. നൂറുകണക്കിന് വിജയകരമായ ബൂസ്റ്റർ റിക്കവറികളിലൂടെ ആധിപത്യം സ്ഥാപിച്ച കമ്പനിക്ക് പിന്നാലെ അതിവേഗത്തിൽ മുന്നേറുകയാണ് ചൈന. ബഹിരാകാശ രംഗത്തെ ആഗോള മത്സരം ഇനി കൂടുതൽ ശക്തമാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

ENGLISH SUMMARY:

China has achieved a significant milestone in reusable rocket technology by successfully recovering the first stage booster of its Long March-10B rocket after a test launch. This achievement positions China as the second nation, after the United States, to recover an orbital-class rocket booster, marking a crucial development in the global space race.