Image Credit: Spacex/AFP
സ്റ്റാര്‍ഷിപ് റോക്കറ്റ് സംവിധാനത്തിന്‍റെ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി സ്പേസ് എക്സ്. ഇന്ത്യന്‍ സമുദ്രത്തില്‍ നടത്തിയ സ്പ്ലാഷ് ഡൗണില്‍ പക്ഷേ പേടകം തീ പിടിച്ച് കത്തിയമര്‍ന്നു. എന്‍ജിനുകളിലൊന്ന് തകരാറിലായതടക്കം സാങ്കേതിക തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്തുവെങ്കിലും ദൗത്യം വിജയകരമായിരുന്നുവെന്ന് കമ്പനി വ്യക്തമാക്കി. പ്രാദേശിക സമയം രാവിലെ 5.30ഓടെയാണ് സ്റ്റാര്‍ഷിപിന്‍റെ മൂന്നാംതലമുറ പേടകം സ്പേസ് എക്സ് വിക്ഷേപിച്ചത്.
ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയതിന് പിന്നാലെ സ്പേസ് എക്സ് ജീവനക്കാര്‍ ആഹ്ലാദപ്രകടനം നടത്തുന്നതിനിടെയാണ് ഭീമന്‍ റോക്കറ്റ് സമുദ്രത്തില്‍ പൊട്ടിത്തെറിച്ചത്. ആശങ്കപ്പെടേണ്ടതില്ലെന്നും ഹാര്‍ഡ് സ്പ്ലാഷ് ഡൗണ്‍ പ്രതീക്ഷിച്ചിരുന്നതാണെന്നും ഇത് സംഭവിച്ചത് നിശ്ചയിക്കപ്പെട്ട ലാന്‍ഡിങ് സോണിലാണെന്നുമാണ് സ്പേസ് എക്സ് പറയുന്നത്.
സൂപ്പര്‍ ഹെവി ബൂസ്റ്റര്‍ ആദ്യഘട്ടത്തില്‍ പ്രതീക്ഷിച്ചത് പോലെ വേര്‍പെട്ടുവെന്നും എന്നാല്‍ ബൂസ്റ്റ് ബാകില്‍ ഇത് പരാജയപ്പെട്ടുവെന്നും സ്പേസ് എക്സ് വക്താവ് ഡാന്‍ ഹ്യോട്ട് പറഞ്ഞു. ബൂസ്റ്റര്‍ തിരികെ ഭൂമിയിലേക്ക് നിയന്ത്രണാതീതമായി പതിക്കുകയായിരുന്നു. മെക്സികോ കടലിടുക്കിലാണ് ഇത് വീണത്. ബൂസ്റ്റര്‍ വീണ്ടെടുക്കാന്‍ ശ്രമിക്കുന്നില്ലെന്നും കമ്പനി അറിയിച്ചു.
ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് തിരികെ പ്രവേശിച്ച സ്റ്റാര്‍ഷിപ്, സമുദ്രോപരിതലത്തില്‍ പതിക്കുന്നതിന് മുന്‍പ് നിശ്ചയിക്കപ്പെട്ടിരുന്ന ലാന്‍ഡിങ് ബേണും പൂര്‍ത്തിയാക്കിയിരുന്നു. പരീക്ഷണത്തില്‍ മുന്‍പ് സംഭവിച്ച പിഴവുകള്‍ തിരുത്താന്‍ കഴിഞ്ഞിട്ടുണ്ടെന്നും സങ്കീര്‍ണ പ്രക്രിയകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയെന്നും സ്പേസ് എക്സ് വിശദീകരിക്കുന്നു. നാസയുടെ ആര്‍ട്ടമിസ് ദൗത്യത്തിലും തുടര്‍ന്നും നിര്‍ണായക പങ്കുവഹിക്കാന്‍ കഴിയുമെന്ന ശുഭാപ്തി വിശ്വാസവും കമ്പനി പങ്കുവയ്ക്കുന്നു. 'എപിക്' എന്നായിരുന്നു ദൗത്യം വിജയമെന്ന സ്പേസ് എക്സ് പ്രസ്താവനയോട് ഇലോണ്‍ മസ്ക് പ്രതികരിച്ചത്. മാനവരാശിക്കായുള്ള വലിയ ചുവടുവയ്പാണിതെന്നും മസ്ക് പ്രശംസിച്ചു.