Image: NASA
വർഷങ്ങളായി ചൊവ്വയിലെ പര്യവേഷണങ്ങളില്‍ പലതരത്തിലുള്ള വിചിത്ര ഘടനകളും കണ്ടെത്തിയിട്ടുണ്ട്. ഓരോ പുതിയ കണ്ടെത്തലുകള്‍ക്കും പിന്നാലെ അന്യഗ്രഹ ജീവികളെ കുറിച്ചുള്ള സിദ്ധാന്തങ്ങള്‍ക്കും ജീവന്‍ വയ്ക്കും. അത്തരത്തില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത് ചൊവ്വയിലെ ഒരു നിഗൂഢ ‘പിരമിഡ്’ ആണ്.
ഈജിപ്തിലേതിന് സമാനമായി കാണപ്പെടുന്ന പിരമിഡ് ആകൃതിയിലുള്ള ഒരു ഘടനയുടെ ചിത്രങ്ങളാണ് നിലവില്‍ അന്യഗ്രഹജീവികളെക്കുറിച്ചുള്ള വന്യമായ സിദ്ധാന്തങ്ങൾക്ക് വീണ്ടും തിരികൊളുത്തിയിരിക്കുന്നത്. 2001-ൽ ഇമേജിങ് സ്പെഷലിസ്റ്റ് കീത്ത് ലാനിയാണ് നാസയുടെ ഫൂട്ടേജുകളിൽ ഈ വിചിത്രമായ പിരമിഡ് ഘടന നിരീക്ഷിക്കുന്നത്. ചൊവ്വയുടെ പടിഞ്ഞാറൻ മേഖലയിലെ കാൻഡർ ചാസ്മ എന്നറിയപ്പെടുന്ന പ്രദേശത്താണ് ഈ ഘടനയുള്ളത്. എന്നാല്‍ ഇപ്പോള്‍ ബ്രയാൻ കോറി ഡോബ്സ് എന്ന ഒരു ഡോക്യുമെന്ററി നിർമ്മാതാവാണ് ചിത്രം വീണ്ടും വൈറലാക്കിയത്.
എക്സിലൂടെയാണ് ബ്രയാന്‍ ഈ ഘടനയുടെ ചിത്രങ്ങള്‍ വീണ്ടും പങ്കിട്ടത്. അന്യഗ്രഹജീവികളെ കുറിച്ചും ബ്രയാന്‍ പോസ്റ്റില്‍ പറയുന്നുണ്ട്. ‘ഇതുപോലുള്ള മൂന്ന് വശങ്ങളുള്ള ഒരു പിരമിഡ് ഘടന സൃഷ്ടിക്കുന്നത് ഏത് ഭൂമിശാസ്ത്ര പ്രക്രിയയാണ്?’ അദ്ദേഹം പോസ്റ്റില്‍ ചോദിക്കുന്നു. ഇത് പരിശോധിച്ച്, ആളുകള്‍ അവിടെ ഒന്നുമില്ലെന്ന് പറയുന്നത് തന്നെ അമ്പരപ്പിക്കുന്നുവെന്നും അദ്ദേഹം പറയുന്നു. ‘അന്യഗ്രഹ ജീവി സിദ്ധാന്തങ്ങള്‍ ഉയരുമ്പോളും അത് സ്ഥിരീകരിക്കാനോ തള്ളിക്കളയാനോ നമുക്ക് സാധിക്കാത്തത് എന്താണ്? കൂടുതൽ അന്വേഷണങ്ങൾ നടക്കാത്തത് എന്തുകൊണ്ടാണ്?’ അദ്ദേഹം ചോദിക്കുന്നു.
അതേസമയം, പിരമിഡിന്റെ ആകൃതിയിലുള്ള ഈ ഘടന അന്യഗ്രഹജീവികളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന ആശയം ശാസ്ത്രലോകം തള്ളികളയുകയാണ് ചെയ്യുന്നത്. ഇത് സ്ഥിതി ചെയ്യുന്ന പ്രദേശത്തെ ചുറ്റുമുള്ള മലയിടുക്കുകളിൽ ഒന്നാണ് ഈ ഘടനയെന്നും കനത്ത തോതിൽ മണ്ണൊലിപ്പുണ്ടായ പ്രദേശമാണിതെന്നും ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു. സമീപത്തുള്ള ഘടനകളെയും ഇത്തരത്തില്‍ ആളുകള്‍ പലതുമായും വ്യാഖ്യാനിച്ചിട്ടുണ്ട് അതെല്ലാം മനുഷ്യന്‍റെ ഭാവനയുടെ ഉല്‍പന്നം മാത്രമാണെന്നാണ് യൂറോപ്യന്‍ സ്പേസ് ഏജന്‍സി പറയുന്നത്.
മുന്‍പ് ഈജിപ്തിലെ പിരമിഡുകളെ സംഭവിച്ചും അന്യഗ്രഹ ജീവി സിദ്ധാന്തങ്ങള്‍ പുറത്തുവന്നിരുന്നു. പിരമിഡുകൾ പണിതത് അന്യഗ്രഹജീവികളാണെന്ന് പലരും വിശ്വസിച്ചിരുന്നു. 70 ടൺവരെ ഭാരമുള്ള ലക്ഷക്കണക്കിന് കല്ലുകൾ എങ്ങനെ ഇത്തരത്തിൽ കൃത്യമായി അടുക്കി? ക്രെയ്ൻ പോലുള്ള സാങ്കേതിക വിദ്യയുള്ളപ്പോൾപോലും മാസങ്ങളും വർഷങ്ങളും നിർമാണത്തിനെടുക്കുമ്പോള്‍ ഇത്തരം നിർമിതികൾ ചുരുങ്ങിയ കാലത്തിനുള്ളിൽ നിർമിച്ചതെങ്ങനെ? ആരാണ് ഇതിന് പിന്നില്‍? എന്നിങ്ങനെയുള്ള ചോദ്യങ്ങളായിരുന്നു അന്യഗ്രഹ ജീവി സിദ്ധാന്തങ്ങള്‍ക്ക് കാരണമായത്. അന്നത്തെ കാലത്ത് ഇത്തരം നിർമിതികൾ പൂർത്തീകരിക്കാൻ മനുഷ്യര്‍ക്കു സാധ്യമല്ലായിരുന്നെന്നും അന്യഗ്രഹജീവികളാണ് പിരമിഡുകൾ നിർമിച്ചതെന്നുമാണ് ഈ സിദ്ധാന്തക്കാർ പറയുന്നത്.