A banner covered with the signatures of NASA employees and contractors is seen on the perimeter fence of Launch Complex 39B after NASA's Artemis II Space Launch System (SLS) rocket and Orion spacecraft were rolled out to the launch pad, Sunday, Jan. 18, 2026, at NASA's Kennedy Space Center in Florida. (Joel Kowsky/NASA via AP)
ഇവിടെ ബോറടിച്ചു, വല്ല ചന്ദ്രനിലേക്കും പൊയ്ക്കളയാം എന്ന് ചിലപ്പോഴെങ്കിലും തോന്നാറില്ലേ? ചന്ദ്രനില്‍ പോകുന്നത് അത്ര സിംപിളല്ലെങ്കിലും ചന്ദ്രനിലേക്ക് നിങ്ങളുടെ പേര് കയറ്റി വിടാം. അത് എങ്ങനെയെന്നല്ലേ... സിംപിളാണ്. 54 വര്‍ഷങ്ങള്‍ക്ക് ശേഷം ചന്ദ്രനിലേക്ക് വീണ്ടും മനുഷ്യനെ എത്തിക്കാന്‍ ഒരുങ്ങുകയാണ് നാസ അര്‍ത്തമിസ് II എന്ന ദൗത്യത്തിലൂടെ. ഈ ദൗത്യത്തിലേക്ക് പൊതുജനങ്ങളുടെ ശ്രദ്ധ ആകര്‍ഷിക്കാനും പങ്കാളിത്തം ഉറപ്പാക്കുന്നതിനുമായാണ് ചന്ദ്രനിലേക്ക് പേരുകള്‍ അയയ്ക്കാനുള്ള പദ്ധതി മുന്നോട്ടുവച്ചത്. ഇതിനകം 19 ലക്ഷത്തോളം പേരുകളാണ് ചന്ദ്രനില്‍ പോകാന്‍ റെഡിയായി എസ്ഡി കാര്‍ഡിലായി ഒറിയോണ്‍ സ്‌പേസ്‌ക്രാഫ്റ്റില്‍ ഇടം പിടിച്ചത്. പേര് കയറ്റി വിടാന്‍ പ്രത്യേകിച്ച് പണച്ചെലവൊന്നും ഇല്ല. ഫ്രീയാണ്. നാസയുടെ വക ഒരു ഡിജിറ്റല്‍ ബോര്‍ഡിങ് പാസൊക്കെ കിട്ടും.
ചന്ദ്രനിലേക്ക് പോകുന്ന പേരിനൊപ്പം കൂട്ടുകാരുടെയും വീട്ടുകാരുടെയും എന്തിന് അരുമകളായ വളര്‍ത്ത് മൃഗങ്ങളുടെയും പേരുവരെ ചേര്‍ക്കാം. ഇനി എങ്ങനെ പേരു ചേര്‍ക്കണമെന്നല്ലേ, നാസയുടെ വെബ്‌സൈറ്റില്‍ കയറുക. അതില്‍ അര്‍ത്തമിസ് നെയിം സബ്മിഷന്‍ പേജിലേക്ക് പോകുക. സൈന്‍ അപ് എന്നൊരു ഓപ്ഷന്‍ കാണും. ഇതില്‍ ഫ്രീയായി റജിസ്റ്റര്‍ ചെയ്യാം. പേര്, ഇ–മെയില്‍ വിലാസം, പിന്‍കോഡ്, ഭാഷ എന്നിവ നല്‍കാം. ഇതൊന്നുമില്ലെങ്കിലും വെറുതേ പേരും പിന്‍ നമ്പറും ക്രിയേറ്റ് ചെയ്താലും മതി. ശേഷം സബ്മിറ്റ് ബട്ടനില്‍ ക്ലിക്ക് ചെയ്യുക. സെക്കന്റുകള്‍ക്കുള്ളില്‍ ഡിജിറ്റല്‍ ബോര്‍ഡിങ് പാസ് റെഡി. ഇത് സമൂഹമാധ്യമങ്ങളിലൂടെ ഷെയര്‍ ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ക്ക് അങ്ങനെയും നാസയുടെ അര്‍ത്തമിസ് II ദൗത്യത്തിന് ഒരു ചിന്ന പബ്ലിസിറ്റി കൊടുക്കാം.
ഇത് തട്ടിപ്പാണോ? സംശയം സ്വാഭാവികമാണ്. പക്ഷേ തട്ടിപ്പല്ല കേട്ടോ, ഇങ്ങനെ റജിസ്റ്റര്‍ ചെയ്യുന്ന പേരുകള്‍ ഒരു മെമ്മറി കാര്‍ഡിലാകും സ്റ്റോര്‍ ചെയ്യപ്പെടുക. ഈ മെമ്മറി കാര്‍ഡ് ഒറിയോണ്‍ സ്‌പേസ് ക്രാഫ്റ്റില്‍ ബഹിരാകാശ യാത്രികര്‍ക്കൊപ്പം ചന്ദ്രനിലേക്ക് പോകും. ദൗത്യം പൂര്‍ത്തിയാകുമ്പോള്‍ ഭൂമിയിലേക്ക് തിരിച്ചെത്തുകയും ചെയ്യും. അപ്പോള്‍ നാസയിലേക്ക് പേര് കയറ്റി വിടാന്‍ തയാറുള്ളവര്‍ വേഗം റജിസ്റ്റര്‍ ചെയ്‌തോളൂ. ജനുവരി 21 വരെയാണ് നാസ സമയം അനുവദിച്ചിരിക്കുന്നത്.