Image: Reuters
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിനു പുറത്ത് നാസ ഇന്നു നടത്താന്‍ നിശ്ചയിച്ചിരുന്ന ബഹിരാകാശനടത്തം മാറ്റിവച്ചു. ഒരു ക്രൂ അംഗത്തിന് ഇന്നലെ ഉച്ചതിരിഞ്ഞ് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായതിനെത്തുടര്‍ന്നാണ് തീരുമാനം. മറ്റു സാഹചര്യങ്ങളെല്ലാം അനുകൂലമാണെങ്കിലും ക്രൂ അംഗങ്ങളുടെ സുരക്ഷയ്ക്കാണ് ഏജന്‍സി പ്രഥമപരിഗണന നല്‍കുന്നതെന്നും യാത്രികന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചും ബഹിരാകാശ നടത്തത്തിന്റെ പുതിയ തിയതിയെക്കുറിച്ചുമുള്ള വിവരങ്ങള്‍ പിന്നീട് അറിയിക്കാമെന്നും ഏജന്‍സി വ്യക്തമാക്കി.
മെഡിക്കല്‍ സ്വകാര്യതാ നിയമം നിലവിലുള്ളതിനാലാണ് ക്രൂ അംഗത്തിന്റെ ആരോഗ്യവിവരം കൂടുതലായി പുറത്തുവിടാത്തതെന്നും നാസ പറയുന്നു. യാത്രികരായ മൈക്ക് ഫിങ്കെ, സെന കാർഡ്‌മാൻ എന്നിവർ യുഎസ് സ്പേസ് വാക്ക് 94 നടത്താനാണ് തയ്യാറായിരുന്നത്. 6.5 മണിക്കൂർ നീണ്ടുനിൽക്കുന്ന ഈ ദൗത്യം രാവിലെ 8:00 മണിക്ക് ആരംഭിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. ബഹിരാകാശ നിലയത്തിന്റെ പ്രവർത്തനങ്ങള്‍ക്കായി ആവശ്യമായ ഊർജ്ജം വർദ്ധിപ്പിക്കുന്നതിനായി റോൾ-ഔട്ട് സോളാർ അറേകളുടെ അവസാന ജോഡി സ്ഥാപിക്കുകയെന്നതായിരുന്നു അവരുടെ പ്രധാന ദൗത്യം.
കൂടാതെ മലിനീകരണ സാധ്യതകളെക്കുറിച്ച് പഠിക്കുന്നതിനായി ക്വസ്റ്റ് എയർലോക്കിന് സമീപമുള്ള അഞ്ച് സ്ഥലങ്ങളിൽ നിന്ന് മൈക്രോബിയൽ സാമ്പിളുകൾ ശേഖരിക്കാനും സംഘം പദ്ധതിയിട്ടിരുന്നു. ജനുവരിയിൽ നടത്താന്‍ തീരുമാനിച്ച രണ്ട് ബഹിരാകാശ നടത്തങ്ങളിൽ ആദ്യത്തേതാണിത്. ജനുവരി 15-ന് നിശ്ചയിച്ചിട്ടുള്ള യുഎസ് സ്പേസ് വാക്ക് 95-ൽ ക്യാമറ മാറ്റിവയ്ക്കൽ, നാവിഗേഷണൽ എയ്ഡ് സ്ഥാപിക്കൽ എന്നിവയാണ് ഉൾപ്പെടുന്നത്.
ബഹിരാകാശത്തെ ആരോഗ്യപ്രശ്നങ്ങൾ വിരളമാണെങ്കിലും, ചില സാഹചര്യങ്ങളില്‍ ഫ്ലൂയിഡ് ഷിഫ്റ്റുകൾ, രക്തം കട്ടപിടിക്കൽ എന്നീ അവസ്ഥകള്‍ ക്രൂ അംഗങ്ങള്‍ക്ക് വെല്ലുവിളിയാവാറുണ്ട്. ജനുവരി 21-ന് സ്പേസ് എക്സിന്റെ സിആര്‍എസ്-33 ഡ്രാഗണും ജനുവരി 28-ന് ജപ്പാന്റെ എച്ച്ടിവി-എക്സും പുറപ്പെടുന്നതിനാൽ, അറ്റകുറ്റപ്പണികൾക്കുള്ള സമയം കുറഞ്ഞുവരികയാണ്. ബഹിരാകാശ നിലയത്തിലെ മെഡിക്കൽ സൗകര്യങ്ങൾ മികച്ചതാണെന്നും കൃത്യമായി നിരീക്ഷിച്ചു വരികയാണെന്നും നാസ അറിയിച്ചു.