ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഇസ്റോ ഏറ്റവും ഒടുവില്‍ വികസിപ്പിച്ച റോക്കറ്റ്–എസ്.എസ്.എല്‍വിയുടെ ടെക്നോളജി ട്രാന്‍സ്ഫര്‍ പൂര്‍ത്തിയായി. ബഹിരാകാശ ഗവേഷണത്തിലും റോക്കറ്റ് വിക്ഷേപണ രംഗത്തുള്ള ഇന്ത്യന്‍ കോര്‍പ്പറേറ്റുകളുമായി മത്സരിച്ച് പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള ബെംഗളൂരുവിലെ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡാണ് എസ്.എസ്.എല്‍.വി സാങ്കേതിക വിദ്യ നേടിയത്. ബെംഗളൂരുവിലെ ഇസ്റോ ആസ്ഥാനത്തു നടന്ന ചടങ്ങില്‍ എച്ച്.എ.എല്‍ സി.ഇ.ഒ എസ്.ജയകൃഷ്ണന്‍, തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്റര്‍ ഡയറക്ടര്‍ എ.രാജാറാം, ന്യൂസ്പേസ് ഇന്ത്യാ ലിമിറ്റഡ് സി.എം.ഡി എം.മോഹന്‍, ഇന്‍–സ്പേസ് ഇന്ത്യ ലിമിറ്റഡ് ടെക്നിക്കല്‍ ഡയറക്ടര്‍ രജീവ് ജ്യോതി എന്നിവരുടെ സാന്നിധ്യത്തില്‍ ഇസ്റോ ചെയര്‍മാന്‍ വി.നാരായണന്‍, ഇന്‍–സ്പേസ് ഇന്ത്യ ലിമിറ്റഡ് ചെയര്‍മാന്‍ പവന്‍ കുമാര്‍ ഗോയങ്കെ, എച്ച്.എ.എല്‍ സി.എം.ഡി. ഡോ. ഡി.കെ.സുനില്‍ എന്നിവര്‍ ബഹുകക്ഷി കരാര്‍ ഒപ്പിട്ടു.
വന്‍ മത്സരം; അനുഭവ പരിചയം കരുത്താക്കി എച്ച്.എ.എല്‍
ഭൂമിയില്‍ നിന്ന് 400 കിലോമീറ്റര്‍ അകലയെുള്ള ലോവര്‍ എര്‍ത്ത് ഓര്‍ബിറ്റിലേക്ക് വാര്‍ത്താ വിനിമയ ഉപഗ്രഹങ്ങളടക്കമുള്ളവ എത്തിക്കാനായാണു എസ്.എസ്.എല്‍.വി വികസിപ്പിച്ചത്. വികസനത്തിന്റെ എല്ലാ ഘട്ടങ്ങളും പൂര്‍ത്തിയാക്കി പരീക്ഷണ വിക്ഷേപണങ്ങളും പൂര്‍ത്തിയാക്കിയാണു വാണിജ്യ നിര്‍മാണത്തിനായി ഇസ്റോ പങ്കാളികളെ തേടിയത്. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ വിക്ഷേപണരംഗം സ്വകാര്യ മേഖലയ്ക്കായി തുറന്നു നല്‍കിയതിനുശേഷമുള്ള പ്രധാന ടെക്നോളജി ട്രാന്‍സ്ഫറില്‍ ഈ രംഗത്തു മുതല്‍ മുടക്കുള്ള വമ്പന്‍ കമ്പനികള്‍ മത്സരരംഗത്തുണ്ടായിരുന്നു. എച്ച്.എ.എല്ലിനു പുറമെ രണ്ടു കണ്‍സോര്‍ഷ്യം കമ്പനികളും ടെക്നിക്കല്‍ യോഗ്യത നേടി അവസാന റൗണ്ടിലെത്തി. ബെംഗളുരു ആസ്ഥാനമായുള്ള ആല്‍ഫാ ഡിസൈന്‍ െടക്നോളജീസും ഹൈദരാബാദിലെ ഭാരത് ഡൈനാമിക്സ് ലിമിറ്റഡുമാണ് ടെക്നിക്കല്‍ യോഗ്യത നേടിയത്. രാജ്യത്തെ ആദ്യത്തെ ബഹിരാകാശ സ്റ്റാര്‍ട്ടപ്പായ അഗ്നികുല്‍ കോസ്മോസും വാള്‍ചന്ദ് ഇന്‍ഡസ്ട്രീസും ചേര്‍ന്നുള്ള കണ്‍സോര്‍ഷ്യമാണ് ആല്‍ഫാ ഡിസൈന്‍. മിസൈലടക്കമുള്ള ആയുധ നിര്‍മാതാക്കളായ ഹൈദരാബാദിലെ ഭാരത് ഡൈനാമിക്സ് മറ്റൊരു സ്പേസ് സ്റ്റാര്‍ട്ടപ്പായ സ്കൈ റൂട്ട് എയറോ സ്പേസും പൊതുമേഖല സ്ഥാപനങ്ങളായ ഭാരത് ഹെവി ഇലക്ട്രിക്കല്‍സും കെല്‍ട്രോണുമായി കൂട്ടായ്മ രൂപീകരിച്ചാണു കരാറിനായി രംഗത്തുണ്ടായിരുന്നത്. ഉയര്‍ന്ന തുകയായ 511 കോടി വാഗ്ദാനം ചെയ്ത എച്ച്.എ.എല്‍ കരാര്‍ നേടി. കൂടാതെ ഇസ്റോയ്ക്കായി റോക്കറ്റുകളുടെ വിവിധ ഭാഗങ്ങള്‍ നിര്‍മിച്ചു നല്‍കിയും പി.പി.പി മോഡലില്‍ പി.എസ്.എല്‍.വി നിര്‍മിക്കുന്നതിന്റെയും അനുഭവ പരിചയവും എച്ച്.എ.എല്ലിനെ തുണച്ചു.
ആദ്യ രണ്ടുകൊല്ലം ഇസ്റോ പഠിപ്പിക്കും, പിന്നെ എച്ച്.എ.എല്‍ പറപ്പിക്കും
കരാറിലെ വ്യവസ്ഥകള്‍ പ്രകാരം ആദ്യ രണ്ടു വര്‍ഷത്തിനുള്ളില്‍ എച്ച്.എ.എല്‍ രണ്ടു എസ്.എസ്.എല്‍.വികള്‍ നിര്‍മിക്കണം. എച്ച്.എ.എല്ലിലെ ജീവനക്കാരെ പരിശീലിപ്പിക്കുന്നതും നിര്‍മാണ മേല്‍നോട്ടവും ഇസ്റോ നേരിട്ടു നടത്തും. പലഘട്ടങ്ങളായാണു സാങ്കേതിക വിദ്യ കൈമാറുക. ഇതിനനുസരിച്ച് എച്ച്.എ.എല്‍ 511 കോടി രൂപ ഘട്ടങ്ങളായി ഇസ്റോയ്ക്ക് നല്‍കും. രണ്ടു വര്‍ഷത്തിനുശേഷം റോക്കറ്റിന്റെ നിര്‍മാണവും വിതരണവും ആവശ്യക്കാരെ കണ്ടെത്തുന്നതുമെല്ലാം എച്ച്.എ.എല്‍ സ്വന്തമായി നിര്‍വഹിക്കണം. വിക്ഷേപണം ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററിലോ നിര്‍മാണ ഘട്ടത്തിലുള്ള തമിഴ്നാട് തൂത്തുകുടി കുലശേഖരപട്ടണത്തെ സ്പേസ് പോര്‍ട്ടിലോ ആയിരിക്കും. ചെരിഞ്ഞ ഭ്രമണപഥത്തിലേക്കു( ഇന്‍ക്ലൈന്‍ഡ് ഓര്‍ബിറ്റ്) ശ്രീഹരികോട്ടയില്‍ നിന്നും താഴ്ന്ന ഭ്രമണപഥങ്ങളിലേക്കു കുലശേഖരപട്ടണത്തു നിന്നും എസ്.എസ്.എല്‍.വി വിക്ഷേപിക്കാനാണു നിലവില്‍ ഇസ്റോയുടെ പദ്ധതി.
എസ്.എസ്.എല്‍.വി ഇന്ത്യയുടെ കുഞ്ഞന്‍, ആവശ്യക്കാരേറെ
രാജ്യാന്തര തലത്തില്‍ പണം വാങ്ങി ഉപഗ്രഹ വിക്ഷേപണം നടത്തിക്കൊടുക്കുന്ന കേന്ദ്രമായി ഇന്ത്യ ഇതിനകം മാറികഴിഞ്ഞിട്ടുണ്ട്. ഇസ്റോയുടെ പി.എസ്.എല്‍.വി, എല്‍.വി.എം റോക്കറ്റുകളുടെ സ്ഥിരത, കുറഞ്ഞ ചെലവ് തുടങ്ങിയ ഘടകങ്ങളാണു ലോകത്തെ ഇന്ത്യയിലേക്കെത്തിക്കുന്നത്. താഴ്ന്ന ഭ്രമണപഥങ്ങളിലേക്ക് വരും കാലങ്ങളില്‍ നിരന്തരം ഉപഗ്രഹ വിക്ഷേപണമുണ്ടാകുമെന്ന കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിലാണ് പി.എസ്.എല്‍.വിക്കു താഴെയായി സ്മാള്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ എന്ന റോക്കറ്റ് നിര്‍മിച്ചത്. 2015ല്‍ ആലോചന തുടങ്ങിയ പ്രൊജക്ട് 2022 ഓഗസ്റ്റ് 7നാണു പ്രഥമ പരീക്ഷണ വിക്ഷേപണം നടത്തിയത്. എസ്.എസ്.എല്‍.വി–ഡി1 എന്ന പരീക്ഷണം ഉപഗ്രഹത്തെ നിര്‍ണിത ഭ്രമണപഥത്തിലെത്തിക്കാന്‍ കഴിയാതെ പരാജയപെട്ടു. തുടര്‍ന്നു 2023 ഫെബ്രുവരി പത്തിന് രണ്ടാം പരീക്ഷണ വിക്ഷേപണം(എസ്.എസ്.എല്‍.വി–ഡി2) ഇന്ത്യയുടെ ഭൗമനീരീക്ഷണ ഉപഗ്രഹ ശ്രേണിയിലെ ഇ.ഒ.എസ്–07 ഭ്രമണപഥത്തിലെത്തിച്ചു. തുടര്‍ന്നു 2024 ഓഗസ്റ്റ് 24 നു ഇ.ഒ.എസ് –08 ഭ്രണപഥത്തിലെത്തിച്ചു സ്ഥിരതയാര്‍ന്ന റോക്കറ്റാണന്ന് എസ്.എസ്.എല്‍വിയെന്ന് തെളിയിച്ചു. തുടര്‍ന്നാണ് ടി.ഒ.ടി(ടെക്നോളജി ട്രാന്‍സ്ഫര്‍) ഘട്ടത്തിലേക്ക് ഇസ്റോ കടന്നത്.
അത്ര കുഞ്ഞനല്ല എസ്.എസ്.എല്‍.വി
ഇസ്റോുടെ കൈവശമുള്ള റോക്കറ്റുകളില്‍ ഏറ്റവും കുറവ് ദൂരം സഞ്ചരിക്കാന്‍ കഴിയുന്നതും കുറവ് ഭാരം വഹിക്കാന്‍ കഴിയുന്നതുമാണ് എസ്.എസ്.എല്‍.വി. ഈ അര്‍ഥത്തിലാണു കുഞ്ഞന്‍ റോക്കറ്റെന്നു വിളിക്കുന്നത്. താഴ്ന്ന ഭ്രമണപഥത്തിലേക്ക് 500 കിലോയും തൊട്ടുമുകളിലായിട്ടുള്ള സണ്‍ സിക്രോണസ് ഭ്രമണപഥത്തിലേക്കു 300 കിലോയും വഹിക്കാന്‍ കഴിയുന്ന മൂന്നു ഘട്ട എന്‍ജിനുകളുള്ള റോക്കറ്റാണ് എസ്.എസ്.എല്‍.വി. മൂന്നൂഘട്ടങ്ങളിലും ഖര ഇന്ധനമാണ് ഉപയോഗിക്കുന്നത്. ഒരൊറ്റ വിക്ഷേപണത്തില്‍ വിവിധ ഭ്രമണപഥങ്ങളിലേക്ക് ഉപഗ്രഹങ്ങളെ എത്തിക്കാനും ഒന്നില്‍ കൂടുതല്‍ ഉപഗ്രഹങ്ങളെ വഹിക്കാനുള്ള ശേഷിയുമുണ്ട്.
വാണിജ്യ സാധ്യത ഏറെ
സാങ്കേതിക വിദ്യയിലും വാര്‍ത്താ വിനിമയ രംഗത്തുമുണ്ടായ വന്‍കുതിച്ചുചാട്ടം ഉപഗ്രഹങ്ങളെ ആശ്രയിക്കുന്നതില്‍ വന്‍കുതിച്ചു ചാട്ടമാണുണ്ടാക്കുന്നത്. താഴ്ന്ന ഭ്രമണപഥങ്ങളിലേക്ക് ഉപഗ്രഹ വിക്ഷേപണത്തിനായി ലോകരാജ്യങ്ങളും സ്വകാര്യ കമ്പനികളും കാത്തുകെട്ടി നില്‍ക്കുന്ന സാഹചര്യമാണ് നിലവില്‍. വാര്‍ത്താ വിനിമയം മുതല്‍ ഭൗമ നിരീക്ഷണത്തിനു വരെയുള്ള ഉപഗ്രഹങ്ങളാണ് ഇങ്ങനെ താഴ്ന്ന ഭ്രമണപഥങ്ങളിലേക്കെത്തിക്കുന്നത്. കുറഞ്ഞ നിരക്കില്‍ ഓണ്‍ ഡിമാന്‍ഡ് ലോഞ്ച് സര്‍വീസിനുള്ള സാധ്യതയും ഇവിടെയാണ്. കുറഞ്ഞ നിരക്കില്‍ സമയ ബന്ധിതമായി വിക്ഷേപണം നടത്തികൊടുക്കാന്‍ എസ്.എസ്.എല്‍.വി വഴി കഴിയും. ഈ സാധ്യത മുന്നില്‍ കണ്ടാണു റോക്കറ്റിന്റെ രൂപകല്‍പന പോലും. മൂന്നു ഘട്ട എന്‍ജിനുകളില്‍ ഖര ഇന്ധനം ഉപയോഗിച്ചതു പോലും സാങ്കേതിക കുരുക്കൊഴിവാക്കി വേഗത്തില്‍ നിര്‍മാണവും വിക്ഷേപണവും നടത്താനാണ്. വര്‍ഷത്തില്‍ ആറു മുതല്‍ എട്ട് വരെ വിക്ഷേപണമാണ് എച്ച്.എ.എല്‍ ലക്ഷ്യം വയ്ക്കുന്നത്.