ഇടത്: Weatherman Kerala ഫെയ്സ്ബുക്കില്‍ പങ്കുവച്ച ചിത്രം | വലത്: ആലപ്പുഴ, അരൂരില്‍ നിന്നുള്ള ദൃശ്യം, മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയത്
മാനത്ത് ചുവന്ന് തുടുത്ത് പൊന്നമ്പിളി, കഴിഞ്ഞ രാത്രിയിലും ഇന്ന് പുലര്‍ച്ചെയും ലോകത്തെയാകെയും വിസ്മയിപ്പിച്ചത് ഈ ‘രക്തചന്ദ്രനാ’യിരുന്നു. ഏഷ്യയിലും യൂറോപ്പിലെയും ആഫ്രിക്കയിലെയും ഭൂഖണ്ഡങ്ങളിലെല്ലാം രാത്രി റെഡ്മൂണ്‍ പ്രതിഭാസം ദൃശ്യമായിരുന്നു. ഇന്ത്യയുടെ ആകാശത്തും വാനനിരീക്ഷകര്‍ ഇന്നലെ രക്തചന്ദ്രനെ കണ്ടു. ഇന്ത്യയിൽ, ലഡാക്ക് മുതൽ തമിഴ്നാട് വരെ പൂര്‍ണ്ണ ചന്ദ്രഗ്രഹണം ദൃശ്യമായിരുന്നു. 2022 ന് ശേഷം ഇന്ത്യയിൽ നിന്ന് ദൃശ്യമാകുന്ന ഏറ്റവും ദൈർഘ്യമേറിയ പൂർണ്ണ ചന്ദ്രഗ്രഹണവും 2018 ജൂലൈ 27 ന് ശേഷം രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ദൃശ്യമായ ആദ്യത്തെ പൂർണ്ണ ചന്ദ്രഗ്രഹണവുമായിരുന്നു സെപ്റ്റംബര്‍ ഏഴിന് നടന്നത്.
തിരുവനന്തപുരത്ത് നിന്നുമുള്ള ദൃശ്യം (ANI Video Grab)
ഇന്ത്യയില്‍ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള രക്തചന്ദ്രന്‍റെ ദൃശ്യങ്ങള്‍ ആളുകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നുണ്ട്. ലഖ്‌നൗ, ഭുവനേശ്വർ, മംഗളൂരു, ഡൽഹി എന്നിവിടങ്ങളില്‍ നിന്നെല്ലാം ദൃശ്യങ്ങള്‍ ആളുകള്‍ പങ്കുവച്ചു. കേരളത്തില്‍ പലരും മേഘങ്ങള്‍ കാരണം ഗ്രഹണം കാണാന്‍ കഴിഞ്ഞില്ലെന്ന വിഷമം സമൂഹമാധ്യമങ്ങളില്‍ കുറിച്ചെങ്കിലും മേഘങ്ങള്‍ ഒഴിഞ്ഞ അന്തരീക്ഷത്തില്‍ സംസ്ഥാനത്തിന്‍റെ മറ്റ് പലയിടങ്ങളിലും ഗ്രഹണം ദൃശ്യമായിരുന്നു. സെപ്റ്റംബർ 7 ന് രാത്രി 8:58 ന്ന് ആരംഭിച്ച ഗ്രഹണം രാത്രി 11:41 നാണ് പൂർണ്ണതയിലെത്തിയത്. രാജ്യത്ത് ചന്ദ്രഗ്രഹണത്തിന്‍റെ ഭാഗമായി ബദ്രീനാഥും കേദാര്‍നാഥും ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങള്‍ നേരത്തെ അടച്ചിരുന്നു. 2028 ഡിസംബര്‍ മുപ്പത്തിയൊന്നിമാണ് ഇനി ഇന്ത്യയില്‍ പൂര്‍ണ ചന്ദ്രഗ്രഹണം കാണാനാകുക.
എന്താണ് ചന്ദ്രഗ്രഹണം?
ചന്ദ്രനും സൂര്യനും ഇടയിൽ ഭൂമിയെത്തുമ്പോള്‍, ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിക്കുമ്പോഴാണ് ചന്ദ്രഗ്രഹണം സംഭവിക്കുന്നത്. ഭാഗിക ചന്ദ്രഗ്രഹണത്തില്‍ ഭൂമിയുടെ നിഴലിൽ ചന്ദ്രന്‍റെ ഒരു ഭാഗം മാത്രമേ മറയുകയുള്ളൂ. അതേസമയം, സമ്പൂര്‍ണ ചന്ദ്രഗ്രഹണത്തില്‍ സൂര്യനും ഭൂമിയും ചന്ദ്രനും നേർരേഖയിലായിരിക്കും. ഈ സമയം ഭൂമിയുടെ നിഴലിന്‍റെ ഏറ്റവും ഇരുണ്ട ഭാഗമായ അംബ്ര ചന്ദ്രനെ മൂടുന്നു. ഭൂമിയുടെ നിഴലിൽ ചന്ദ്രൻ പൂർണ്ണമായി മറയുകയും എന്നാല്‍ ഭൂമിയുടെ അന്തരീക്ഷത്തിലൂടെ കടന്നുപോകുന്ന സൂര്യരശ്മികള്‍ ചന്ദ്രനെ ചുവപ്പ് കലർന്ന ഓറഞ്ച് നിറത്തിൽ ദൃശ്യമാക്കുകയും ചെയ്യുന്നു.
കാണാന്‍ സുരക്ഷിതമോ?
ഗ്രഹണത്തിന്‍റെ വിവിധ ഘട്ടങ്ങള്‍, ഡല്‍ഹിയില്‍ നിന്നുള്ള ദൃശ്യം (ANI Photo/Ishant)
നഗ്നനേത്രങ്ങൾ കൊണ്ടുതന്നെ പൂര്‍ണ ചന്ദ്രഗ്രഹണം കാണാൻ സാധിക്കും. പ്രത്യേക ഉപകരണങ്ങളൊന്നും ആവശ്യമില്ല. എന്നാല്‍ ബൈനോക്കുലറുകളോ ദൂരദർശിനിയോ ഉണ്ടെങ്കിൽ കാഴ്ച കൂടുതല്‍ മിഴിവുള്ളതായിരിക്കും. മികച്ച മൊബൈല്‍ ക്യാമറകളുപയോഗിച്ചും ഗ്രഹണം കാണാവുന്നതാണ്. സൂര്യപ്രകാശം മാത്രം പ്രതിഫലിപ്പിക്കുന്നതിനാല്‍ ചന്ദ്രഗ്രഹണം നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ സുരക്ഷിതമാണ്.
ചുവപ്പ് നിറത്തിന് കാരണം
സമ്പൂര്‍ണ ചന്ദ്രഗ്രഹണ സമയത്ത് ഭൂമിയുടെ അന്തരീക്ഷമാണ് ചന്ദ്രനെ ‘രക്തചന്ദ്രനാ’ക്കി മാറ്റുന്നത്. ഈ സമയം ഭൂമിയുടെ അന്തരീക്ഷത്തിലൂടെ കടന്നുപോകുന്ന സൂര്യരശ്മികള്‍ ചന്ദ്രനില്‍ പതിക്കുന്നു. ഈ സൂര്യരശ്മികള്‍ ഭൂമിയുടെ അന്തരീക്ഷത്തില്‍ പ്രകീര്‍ണനത്തിന് വിധേയമാകും. ഇതോടെ ദൃശ്യപ്രകാശത്തിലെ പച്ച മുതൽ വയലറ്റ് തരംഗദൈർഘ്യം കുറഞ്ഞ കിരണങ്ങള്‍ ചിതറിത്തെറിക്കുകയും തരംഗദൈർഘ്യം കൂടിയ ചുവപ്പ്, ഓറഞ്ച് നിറങ്ങള്‍ ചന്ദ്രനിലേക്കെത്തുകയും ചെയ്യുന്നു. ഇതുമൂലമാണ് ചന്ദ്രന്‍ രക്തചന്ദ്രനായി കാണപ്പെടുന്നത്. സാധാരണ സൂര്യോദയസമയത്തും സൂര്യാസ്തമയസമയത്തും കാണുന്ന ചുവന്ന ചക്രവാളദൃശ്യത്തിനു സമാനമായിരിക്കും ഇത്.