ഛിന്നഗ്രഹം എന്ന വാക്ക് പൊതുവേ ചിലരിലെങ്കിലും ചെറിയ ഭീതി ഉയര്‍ത്തുമെങ്കിലും ഭൂമിക്ക് ഭീഷണിയാവാത്ത ഛിന്നഗ്രഹങ്ങളെല്ലാം ആകാശ നിരീക്ഷകര്‍ക്ക് പ്രിയ്യപ്പെട്ട അവസരങ്ങളാണ്. ഇപ്പോളിതാ എല്ലാ ആകാശ നിരീക്ഷകരുടേയും കണ്ണുകള്‍ 2025 QY4 എന്ന ഛിന്നഗ്രഹത്തിലേക്കാണ്. വിമാനത്തിന്റെ വലിപ്പമുള്ള ഈ ഛിന്നഗ്രഹം ഭൂമിയ്ക്ക് അരികിലൂടെ കടന്നുപോകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഏകദേശം 180 അടി വീതിയുള്ള ഛിന്നഗ്രഹമാണ് വരുന്നത്. മണിക്കൂറിൽ 30,205 മൈൽ (48610 കി.മീ) വേഗതയിലാണ് ഇതിന്‍റെ സഞ്ചാരം. ഓഗസ്റ്റ് 29 ന് ഛിന്നഗ്രഹം ഭൂമിയെ കടന്നുപോകും. ഭൂമിയില്‍ നിന്നും 2,810,000 മൈൽ അകലെക്കൂടിയാണ് ഛിന്നഗ്രഹം കടന്നുപോകുക എന്നാണ് ശാസ്ത്രജ്ഞര്‍ കണക്കുകൂട്ടുന്നത്. ഇത് ഭൂമിക്ക് യാതൊരുതരത്തിലുമുള്ള ഭീഷണിയും ഉയര്‍ത്തുന്നില്ല.
എന്താണ് ഛിന്നഗ്രഹങ്ങള്‍?
സൗരയൂഥത്തിൽ സൂര്യന് ചുറ്റും ഭ്രമണം ചെയ്യുന്ന, എന്നാല്‍ ഗ്രഹങ്ങളെക്കാൾ ചെറുതും ഉൽക്കകളെക്കാൾ വലുതുമായ വസ്തുക്കളാണ് ഛിന്നഗ്രഹങ്ങൾ. ഒരുതരം പാറക്കെട്ടുകളാണിവ. പ്ലാനറ്റോയ്ഡുകൾ അല്ലെങ്കിൽ ചെറിയ ഗ്രഹങ്ങൾ എന്നും ഇവ അറിയപ്പെടുന്നുണ്ട്. വ്യത്യസ്ത വലിപ്പങ്ങളുള്ള ദശലക്ഷക്കണക്കിന് ഛിന്നഗ്രഹങ്ങളാണ് നമ്മുടെ സൗരയൂഥത്തിലുളളത്. ഏകദേശം 4.6 ബില്യൺ വർഷങ്ങൾക്ക് മുൻപ് നമ്മുടെ സൗരയൂഥത്തിന്റെ രൂപവൽക്കരണത്തിൽ അവശേഷിക്കുന്നവയാണിവ.
ഛിന്നഗ്രഹങ്ങളെ ഭയക്കണോ?
7.4 ദശലക്ഷം കിലോമീറ്ററിൽ കൂടുതൽ അടുത്ത് വരുന്നതും 85 മീറ്ററിൽ കൂടുതൽ വീതിയുള്ളതുമായ ഛന്നഗ്രഹങ്ങളെയാണ് നാസ അപകടകാരികളായി കണക്കാക്കുന്നത്. മാത്രമല്ല ഭൂമിയില്‍ നിന്ന് അകലെ സുരക്ഷിതമായി കടന്നുപോകുന്നു എന്നു പറഞ്ഞാലും എന്തെങ്കിലും തരത്തിലുള്ള നേരിയ മാറ്റം പോലും ഛിന്നഗ്രഹങ്ങളുടെ പാതയില്‍ വലിയ വ്യത്യാസമുണ്ടാക്കിയേക്കും. അതുകൊണ്ടാണ് അപകടകാരികളല്ലെങ്കിലും ഭൂമിക്ക് സമീപത്ത് കൂടെ കടന്നുപോകുന്ന ഛിന്നഗ്രഹങ്ങളെയെല്ലാം ബഹിരാകാശ ഏജൻസികൾ ട്രാക്ക് ചെയ്യുന്നത്. ഒരു ദോഷവും കൂടാതെ ഇവ കടന്നുപോകുന്നതും വരെ ഇവയെ ശാസ്ത്രജ്ഞർ നിരീക്ഷിച്ചുകൊണ്ടിരിക്കും.