എഐ നിര്‍മ്മിത പ്രതീകാത്മക ചിത്രം
വാനനിരീക്ഷകര്‍ക്ക് ഇതാ ഒരു സന്തോഷവാര്‍ത്ത, ഓഗസ്റ്റ് മാസം നിങ്ങള്‍ക്കായി ഒരുക്കുന്നത് അപൂര്‍വമായ ആകാശക്കാഴ്ചകളാണ്. ആകാശത്ത് കണ്ണിന് വിരുന്നൊരുക്കുന്ന പെഴ്സിയിഡിസ് ഉല്‍ക്കാവര്‍ഷം അതിന്‍റെ അവസാന ദിവസങ്ങളിലേക്ക് കടക്കവേ, വരാനിരിക്കുന്നത് ‘കറുത്ത ചന്ദ്രന്‍റെ’ ദിവസമാണ്. ഓഗസ്റ്റ് 23നാണ് ‘കറുത്ത ചന്ദ്രന്‍’ അഥവാ ‘ബ്ലാക്ക് മൂണ്‍’ വരുന്നത്. 2027 വരെ ഇനി ഇത്തരത്തില്‍ ഒരു അവസരം ഉണ്ടാകില്ല എന്നാണ് ഗവേഷകര്‍ പറയുന്നത്.
സംഭവിക്കാനിരിക്കുന്നത്...
ഓഗസ്റ്റ് 23 ന് രാത്രി ചന്ദ്രന്‍ ആകാശത്തുനിന്ന് പൂര്‍ണമായും അപ്രത്യക്ഷമാകും. എന്നാല്‍ ഇതൊരു ചാന്ദ്രഗ്രഹണമല്ല. മറിച്ച് അപൂര്‍വമായ ആകാശ പ്രതിഭാസം മാത്രമാണ്. ഒരു ആസ്ട്രോണമിക്കല്‍ സീസണിലെ നാലാമത്തെ അമാവാസിയയെയാണ് ‘ബ്ലാക്ക് മൂണ്‍’ എന്ന് വിളിക്കുന്നത്. ബ്ലാക്ക് മൂണ്‍ നഗ്ന നേത്രങ്ങള്‍ക്ക് അദൃശ്യമായിരിക്കുമെങ്കിലും അസാധാരണമായ കറുത്ത ആകാശമായിരിക്കും ഇത് സൃഷ്ടിക്കുക. ചന്ദ്രന്‍റെ പ്രകാശമില്ലാതെ വാനനിരീക്ഷണം സാധ്യമാകുമെന്നതിനാല്‍ ജ്യോതിശാസ്ത്രജ്ഞര്‍ക്ക് ഇത് വളരെ സവിശേഷ സമയമാണ്. പ്രത്യേകിച്ച് പെഴ്സിഡിയസ് ഉല്‍ക്കാവര്‍ഷം അവസാന ഘട്ടത്തിലേക്ക് കടക്കുന്ന ഈ സമയം. പെഴ്സിഡിയസ് ഉല്‍ക്കാവര്‍ഷം മാത്രമല്ല, ചന്ദ്ര പ്രകാശത്തില്‍ കാണാന്‍ സാധിക്കാത്ത ആകാശ വസ്തുക്കളും ഈ സമയം ദൃശ്യമാകും. ക്ഷീരപഥം, നക്ഷത്രസമൂഹങ്ങൾ, വിദൂര നെബുലകൾ എന്നിവയുടെ വ്യക്തമായ കാഴ്ചകളും പ്രതീക്ഷിക്കാം.
എന്താണ് ‘ബ്ലാക്ക് മൂണ്‍’?
ഒരു ആസ്ട്രോണമിക്കല്‍ സീസണിലെ നാലാമത്തെ അമാവാസിയാണ് ‘ബ്ലാക്ക് മൂണ്‍’. ചന്ദ്രൻ ഭൂമിക്ക് ചുറ്റും ഒരു ഭ്രമണം പൂർത്തിയാക്കാൻ 27.3 ദിവസം എടുക്കുന്നുണ്ട്. ഇത്തരത്തില്‍ വർഷത്തിൽ ഭൂമിയെ ഏകദേശം 13 പ്രാവശ്യമാണ് ചന്ദ്രന്‍ ചുറ്റുന്നത്. പക്ഷേ ഭൂമിയിൽ നിന്ന് കാണുന്ന ഒരു പൗർണ്ണമി മുതൽ അടുത്ത പൗർണ്ണമി വരെയുള്ള സമയം ഏകദേശം 29.53 ദിവസം ആണ്. കാരണം ഭൂമി സൂര്യനെ ചുറ്റിക്കൊണ്ടിരിക്കുന്നതിനാൽ ചന്ദ്രൻ വീണ്ടും ഭൂമിയില്‍ നിന്ന് നോക്കുമ്പോള്‍ അതേ സ്ഥാനത്ത് എത്താന്‍ കുറച്ച് സമയം എടുക്കും. അതുകൊണ്ടാണ് ഒരു പൗർണ്ണമി മുതൽ അടുത്ത പൗർണ്ണമി വരെയുള്ള സമയം ചന്ദ്രന്‍റെ ഭ്രമണത്തേക്കാള്‍ കൂടുതലാകുന്നത്.
ഇത്തരത്തില്‍ ഒരു പൗർണ്ണമി മുതൽ അടുത്ത പൗർണ്ണമി വരെയുള്ള സമയം ഏകദേശം 29.53 ദിവസം ആയിരിക്കേ നമ്മുടെ കലണ്ടറുകളില്‍ ഫെബ്രുവരി ഒഴിച്ചാല്‍ എല്ലാ മാസത്തിലും 30 അല്ലെങ്കിൽ 31 ദിവസങ്ങളുണ്ട്. അതായത് ചിലപ്പോൾ ഒരേ മാസത്തിന്റെ തുടക്കത്തിലും അവസാനത്തിലും അമാവാസി വരികയും ബ്ലാക്ക് മൂണ്‍ സംഭവിക്കുകയും ചെയ്യാം എന്ന് സാരം. ചാന്ദ്രചക്രം കലണ്ടർ മാസത്തേക്കാൾ അല്പം കുറവായതിനാലാണ് ബ്ലാക്ക് മൂൺ സംഭവിക്കുന്നത്. ബ്ലാക്ക് മൂണ്‍ എന്നത് ബ്ലൂ മൂണ്‍ എന്ന ആശയത്തിന് സമാനമാണ്. ഈ രണ്ട് സാഹചര്യങ്ങളിലും കലണ്ടറിൽ ഒരു 'അധിക' ചന്ദ്രൻ പ്രത്യക്ഷപ്പെടുകയാണ് ചെയ്യുന്നത്. ചാന്ദ്ര ചക്രവും സൗരവർഷവും തമ്മിലുള്ള പൊരുത്തക്കേടിന്റെ ഫലമാണിത്.
സ്വാധീനം...
ജ്യോതിശാസ്ത്രത്തിൽ കറുത്ത ചന്ദ്രന് പ്രത്യേക പ്രാധാന്യമൊന്നുമില്ല. പക്ഷേ വേലിയേറ്റം, ചില പാരിസ്ഥിതിക ഘടകങ്ങള്‍ എന്നിവയെ കറുത്ത ചന്ദ്രന്‍ സ്വാധീനിക്കും. പതിവിലും കുറഞ്ഞ വേലിയേറ്റമാകും ഉണ്ടാവുക. ഇത് സമുദ്രജീവികളെയും തീരദേശങ്ങളെയും ബാധിക്കും. ചാന്ദ്രപ്രകാശത്തെ ആശ്രയിച്ച് ഇരതേടുന്ന മൂങ്ങകൾ, വവ്വാലുകൾ, പ്രാണികൾ തുടങ്ങിയ ജീവികളെയും പ്രതികൂലമായി ബാധിക്കും. സസ്യജാലങ്ങളുടെ വളര്‍ച്ചയിലും സ്വാധീനമുണ്ടാകും.