Image: X
മാസങ്ങള്‍ക്ക് മുന്‍പ് അറ്റ്ലാന്‍റയിലെ ജോര്‍ജിയയില്‍ വീട്ടില്‍ പതിച്ച ഉല്‍ക്കാശിലയ്ക്ക് ഭൂമിയേക്കാള്‍ പഴക്കമെന്ന് പഠനം. യൂണിവേഴ്സിറ്റി ഓഫ് ജോര്‍ജിയയിലെ ശാസ്ത്രജ്ഞരാണ് പഠനത്തിന് വിധേയമാക്കിയത്. ഈ പഠനത്തിലാണ് 4.56 ബില്യണ്‍ വര്‍ഷങ്ങള്‍ പഴക്കമുള്ളതാണ് ഈ ഉല്‍ക്കാശിലയെന്ന് തെളിഞ്ഞത്. അതായത് ഭൂമിയേക്കാള്‍ 20 മില്യണ്‍ വര്‍ഷം പഴക്കം.
കഴിഞ്ഞ ജൂണ്‍ 27ന് പട്ടാപകലാണ് ആകാശത്ത് അഗ്നിഗോളമായി ഉല്‍ക്കാശില ഭൂമിയില്‍ പതിച്ചത്. അമേരിക്കയുടെ തെക്കുകിഴക്കൻ മേഖലയിലെല്ലാം ഈ കാഴ്ച ദൃശ്യമായിരുന്നു. പകല്‍സമയത്തേക്കാള്‍ രാത്രിയിൽ ഇത്തരം ഫയർബോളുകൾ കാണാൻ എളുപ്പമാണ്. പകൽ സമയത്ത് ദൃശ്യമാകണമെങ്കിൽ അവ കൂടുതൽ തിളക്കമുള്ളതായിരിക്കണം. മക്ഡൊണാഫ് ഉൽക്കാശില എന്ന് പേരിട്ടിരിക്കുന്ന ഈ ഉല്‍ക്കാശില ജോർജിയയിൽ നിന്ന് കണ്ടെടുത്ത 27-ാമത്തെ ഉൽക്കാശിലയാണ്. ജൂൺ അവസാനത്തിലുണ്ടാകുന്ന ബൂട്ടിഡ്സ് ഉൽക്കാവർഷത്തോടൊപ്പമാണ് ഈ ഉല്‍ക്കാശിലയും ഭൂമിയില്‍ പതിച്ചത്. വീടിന്റെ മേൽക്കൂര തകര്‍ത്ത് തറയില്‍ തുളച്ചുകയറിയ ഉല്‍ക്കാശില കാര്യമായ നാശനഷ്ടങ്ങള്‍ക്കും കാരണമായിരുന്നു,
ഉല്‍ക്കാശിലയുടെ 23 ഗ്രാം മാത്രം വിശകലനം ചെയ്തതില്‍ നിന്നാണ് ആ പ്രായം തിരിച്ചറിഞ്ഞത്. ഭൂമിയുടെ പ്രായം 4.54 ബില്യണ്‍ വര്‍ഷമായിരിക്കേ ഈ ഉല്‍ക്കാശിലയുടെ ഭാഗങ്ങള്‍ 4.56 ബില്യണ്‍ വര്‍ഷം പഴക്കമുള്ള ഉല്‍ക്കയില്‍ നിന്നുള്ളതാണ്. അതായത് ഭൂമിയേക്കാള്‍ നീണ്ട ചരിത്രം ഈ ഉല്‍ക്കാശിലയ്ക്കുണ്ടത്രേ. അത് പൂർണ്ണമായി മനസ്സിലാക്കാനും ഏത് ഛിന്നഗ്രഹങ്ങളില്‍ നിന്ന് ഉത്ഭവിച്ചതാണെന്നറിയാനും കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്ന് ഗവേഷകര്‍ പറയുന്നു.