സൗരയൂഥത്തിന് പുറത്തുനിന്നൊരു അതിഥി? ധൂമകേതുവെന്ന് തോന്നിക്കുന്ന ത്രീ ഐ/അറ്റ്‌ലസിന്‍റെ വരവിനെ ആകാംക്ഷയോടെ നോക്കുകയാണ് ശാസ്ത്രലോകം. വരുന്നത് ധൂമകേതുവോ അന്യഗ്രഹ പേടകമോ? എന്ന തരത്തിലുള്ള ചര്‍ച്ചകളും ശക്തമാണ്. ഹാവഡ് യൂണിവേഴ്സിറ്റിയിലെ പ്രഫസര്‍ ആവി ലോബിന്‍റെ അഭിപ്രായത്തില്‍ വേണമെങ്കില്‍ ഇത് ഒരു അന്യഗ്രഹത്തിലുള്ള പേടകവും ആവാമത്രേ... അന്യഗ്രഹജീവികളുടെ സാന്നിധ്യം ഉറപ്പിക്കാവുന്ന പലതും ഇതിലുണ്ടെന്ന് ലോബ് നേരത്തെ തന്നെ സൂചിപ്പിച്ചിരുന്നു. എന്നാല്‍ ഏറ്റവും പുതിയ പഠനങ്ങളില്‍ ലോബ് പറയുന്നത് അത് നമ്മെ രക്ഷിക്കാനോ നശിപ്പിക്കാനോ വന്നേക്കാം എന്നാണ്, അതുകൊണ്ടുതന്നെ തയ്യാറായിരിക്കാൻ അദ്ദേഹം നിര്‍ദേശിച്ചതായി ഇൻഡിപെൻഡന്റ് റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ചിലെയിലെ റിയോ ഹ്യുര്‍ത്താഡോയിലുള്ള അറ്റ്‍ലസ് (ആസ്റ്ററോയിഡ് ടെറസ്ട്രിയൽ-ഇംപാക്ട് ലാസ്റ്റ് അലേർട്ട് സിസ്റ്റം) സര്‍വേ ടെലിസ്കോപ്പാണ് ഇതിനെ ആദ്യം കണ്ടത്. തുടക്കത്തിൽ ഭൂമിയുടെ ഭ്രമണപഥം ലക്ഷ്യമാക്കി വരുന്ന ഒരു അജ്ഞാത ഛിന്നഗ്രഹമായിട്ടാണ് ഇതിനെ കരുതിയത്. എന്നാല്‍ ഈ വസ്തുവിന് 12 മൈലിലധികം വീതിയുണ്ടെന്നും സെക്കൻഡിൽ 37 മൈൽ വേഗതയിൽ സഞ്ചരിക്കുന്നുണ്ടെന്നുമാണ് നാസയിലെ ശാസ്ത്രജ്ഞര്‍മാര്‍ പറയുന്നത്. ഒക്ടോബർ 30 ന് ഇത് ഭൂമിയിൽ നിന്ന് ഏകദേശം 130 ദശലക്ഷം മൈലുകൾക്കുള്ളിൽ എത്തുമെന്ന് യുഎസ്എ ടുഡേ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ഈ നിഗൂഢ വസ്തു അന്യഗ്രഹജീവികളുടെ സാങ്കേതികവിദ്യയായിരിക്കാമെന്ന് അനുമാനിക്കുന്ന ഒരു പ്രബന്ധം ഡോ. അവി ലോബിന്റെ നേതൃത്വത്തിലുള്ള മൂന്ന് ഗവേഷകർ അടുത്തിടെ പുറത്തിറക്കിരുന്നു. ത്രീ ഐ/അറ്റ്‌ലസിന്‍റെ അസാധാരണമായ പാതയാണ് ഇത്തരത്തില്‍ ഒരു അനുമാനത്തിലെത്താന്‍ കാരണം. കൃത്യമായി നിയന്ത്രിക്കപ്പെടുന്ന രീതിയിലാണ് ത്രീ ഐ/അറ്റ്‌ലസിന്‍റെ യാത്രയും പെരുമാറ്റവുമെന്നാണ് പ്രബന്ധത്തില്‍ പറയുന്നത്. 20 കിലോമീറ്റർ വ്യാസമെങ്കിലും ഇതിനുണ്ടാകാമെന്നും ഇത്ര ഭീമാകാരമായ വസ്തു എങ്ങിനെ എത്തിയെന്നത് അന്വേഷിക്കണമെന്നും അദ്ദേഹം പറയുന്നു. ഇത്രയധികം മാസുള്ള വസ്തു സൗരയൂഥത്തിനകത്ത് എത്താന്‍ സാധാരണയായി 10,000 വർഷമെങ്കിലും അദ്ദേഹം വ്യക്തമാക്കി.
‘ഇതൊരു അന്യഗ്രഹ സാങ്കേതികവിദ്യയാണെന്ന് ഞാൻ പറയുന്നില്ല... പക്ഷേ വളരെ സാധാരണമായ ഒരു കാര്യമായും തോന്നുന്നില്ല. വാൽനക്ഷത്രങ്ങൾക്ക് പിന്നിലെ വാല്‍പോലുള്ള തിളക്കം ഈ വസ്തുവിനുമുണ്ട്. എന്നാല്‍ അത് വസ്തുവിന്‍റെ പിന്നിലാണ്’. നമ്മുടെ സൗരയൂഥത്തിലേക്ക് പ്രവേശിക്കുന്ന ഇത്തരം നക്ഷത്രാന്തര വസ്തുക്കൾ നിരുപദ്രവകരമാണെന്ന് ഉറപ്പാക്കാൻ ശ്രദ്ധാപൂർവ്വം പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു. ത്രീ ഐ/അറ്റ്‌ലസിന്‍റെ വരവ് നമ്മളെ രക്ഷിക്കാനോ അല്ലെങ്കില്‍ നശിപ്പിക്കാനോ ആയിരിക്കാം. രണ്ടിനും നമ്മള്‍ തയ്യാറായിരിക്കണം. എല്ലാ നക്ഷത്രാന്തര വസ്തുക്കളും ധൂമകേതുക്കളാണോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തുകയും വേണമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
സൗരയൂഥത്തോടുചേര്‍ന്ന സാഗിറ്റേരിയസ് നക്ഷത്രസമൂഹത്തിന്‍റെ ഭാഗത്തുനിന്നാണ് ത്രീ ഐ/അറ്റ്‌ലസിന്‍റെ വരവെന്നാണ് ശാസ്ത്രജ്ഞരുടെ അനുമാനം. സൂര്യനെ അത് വലംവയ്ക്കുന്നില്ല. മറിച്ച് സ്വന്തം പാതയിലൂടെ സൂര്യനരികിലെത്തുമെന്നാണ് നാസ പറയുന്നത്. മാത്രമല്ല ഭൂമിക്ക് ഒരു പ്രശ്നവും ഉണ്ടാക്കില്ലെന്നും ഭൂമിയില്‍ നിന്ന് 240 ദശലക്ഷം കിലോമീറ്റര്‍ അകലെക്കൂടിയാകും ഇത് പോവുകയെന്നും നാസ ഉറപ്പിച്ചു പറയുന്നു. പുറത്തുള്ള താരാപഥങ്ങളില്‍ നിന്ന് സൗരയൂഥത്തിലെത്തിയെന്ന് തിരിച്ചറിഞ്ഞ മൂന്നാമത്തെ വസ്തുവാണ് ത്രീ ഐ/അറ്റ്‌ലസ്. 2017ല്‍ കണ്ടെത്തിയ ഔമൗമുവയും 2019ല്‍ കണ്ടെത്തിയ ടൂ ഐ/ബോറിസോവുമാണ് മറ്റ് രണ്ട് ഇന്‍റര്‍സ്റ്റെല്ലാര്‍ ഒബ്ജക്ടുകള്‍.