Image: NASA/Preston Dyches
ഓഗസ്റ്റ് മാസം എന്നാല്‍ ‘മാന്ത്രിക രാത്രി’കളുടെ മാസം കൂടിയാണ്. ആകാശത്ത് വിരുന്നൊരുക്കാന്‍ ഉല്‍ക്കകള്‍ പെയ്തിറങ്ങുന്ന രാത്രി. പതിവുതെറ്റിക്കാതെ ഇത്തവണയും പെഴ്സിയിഡിസ് ഉല്‍ക്കാവര്‍ഷം എത്തിക്കഴിഞ്ഞു. ഓഗസ്റ്റ് മധ്യത്തോടെ പെഴ്സിയിഡിസ് ഉല്‍ക്കാവര്‍ഷം അതിന്‍റെ ഉച്ചസ്ഥായിയിലെത്തുകയും ചെയ്യും. മണിക്കൂറിൽ ഡസൻ കണക്കിന് ഉൽക്കകളാകും ഈ രാത്രികളില്‍ നിങ്ങളെ കാത്തിരിക്കുന്നത്. തിളങ്ങുന്ന നീല ഫയർബോളുകളും കാണാം. മറ്റ് ഉപകരണങ്ങളുടെ സഹായമില്ലാതെ നഗ്നനേത്രങ്ങൾ കൊണ്ട് കാണുകയും ചെയ്യാം.
എന്താണ് പെഴ്സിയിഡിസ് ഉല്‍ക്ക വര്‍ഷം?
ഒരു വാൽനക്ഷത്രമോ ഛിന്നഗ്രഹമോ കടന്നുപോയ പാതയിലൂടെ ഭൂമി കടന്നുപോകുമ്പോളാണ് ഉല്‍ക്കാ വര്‍ഷമുണ്ടാകുന്നത്. ഈ പാതയില്‍ വാല്‍നക്ഷത്രങ്ങളില്‍ നിന്നുള്ള പൊടിയോ പാറകളോ അവശേഷിക്കും. ഭൂമി ഈ പാതയിലൂടെ കടന്നുപോകുമ്പോള്‍ ഭൂമിയുടെ അന്തരീക്ഷവുമായി സമ്പര്‍ക്കത്തില്‍ വരുന്ന ഇവ ഉല്‍ക്കകളായി പെയ്തിറങ്ങും.
ഇത്തരത്തില്‍ 133 വർഷം കൂടുമ്പോള്‍ ക്ഷീരപഥത്തിന്റെ ഉല്‍ക്കകള്‍ നിറഞ്ഞ അതിര്‍ത്തിയായ ഉര്‍ട്ട് മേഘങ്ങളില്‍ നിന്നുവരുന്ന സ്വിഫ്റ്റ്-ടട്ട്ൽ എന്ന ഛിന്നഗ്രഹം സൗരയൂഥത്തിലൂടെ കടന്നു പോകാറുണ്ട്. 1992 ഡിസംബറിലാണ് അവസാനമായി സ്വിഫ്റ്റ്- ടട്ട്ൽ ഭൂമിയുടെ സമീപത്തു കൂടി പോയത്. ഈ സമയം ഇതിൽ നിന്ന് പുറത്തു വന്ന പൊടിപടലങ്ങളും മഞ്ഞും മറ്റും ഇപ്പോഴും സൗരയൂഥത്തിൽ തങ്ങി നിൽക്കുന്നുണ്ട്. വർഷത്തിലൊരിക്കൽ ഈ അവശിഷ്ടങ്ങൾക്കിടയിലൂടെ ഭൂമി കടന്നു പോകുമ്പോഴാണ് പെർസീഡ് ഉല്‍ക്കാ വര്‍ഷം ഉണ്ടാകുന്നത്.
2026 ജൂലൈയിലായിരിക്കും ഇനി സ്വിഫ്റ്റ് ടട്ടില്‍ എന്ന ഛിന്നഗ്രഹം ഭൂമിക്കരികിലൂടെ കടന്നുപോകുക. അതേസമയം, ഈ അവശിഷ്ടങ്ങള്‍ക്കിടയിലൂടെ എല്ലാ വർഷവും ഭൂമി കടന്നുപോകുന്നതിനാല്‍ വര്‍ഷാവര്‍ഷം ജൂലൈ പകുതി മുതൽ ഓഗസ്റ്റ് അവസാനം വരെ പെഴ്സിയിഡിസ് ഉല്‍ക്ക വര്‍ഷം ദൃശ്യമാകാറുണ്ട്.
ഉല്‍ക്കാവര്‍ഷം പാരമ്യത്തില്‍
ജൂലൈ 17 മുതൽ ഓഗസ്റ്റ് 24 വരെയാണ് പെഴ്സിയിഡിസ് ഉല്‍ക്കാവര്‍ഷം സജീവമാകുന്നത്. എന്നാല്‍ ഓഗസ്റ്റ് 12 നും 13 നും ഇടയിൽ ഇത് പാരമ്യത്തിലെത്തുന്നു. ഈ രാത്രികളില്‍ നിങ്ങളെ കാത്തിരിക്കുന്നത് അഭൂതപൂര്‍വ്വമായ ആകാശപ്പൂരം ആയിരിക്കും. വാനനിരീക്ഷകരുടെ അഭിപ്രായത്തില്‍ പുലർച്ചെ 3:00 നും 4:00 നും ഇടയിലുള്ള സമയമാണ് പെഴ്സിയിഡിസ് ഉല്‍ക്കാവര്‍ഷം കാണാന്‍ ഏറെ അനുയോജ്യം. ഉല്‍ക്കാവര്‍ഷം പാരമ്യത്തിലെത്തുന്ന സമയമാണിത്, എങ്കിലും ഈ സമയത്തിന് മുന്‍പും ശേഷവും ഉല്‍ക്കകള്‍ കാണാന്‍ സാധിക്കും.
എവിടെയെല്ലാം കാണാം?
ലോകമെമ്പാടും ദൃശ്യമാകും എന്നതാണ് പെഴ്സിയിഡിസ് ഉല്‍ക്കാവര്‍ഷത്തിന്‍റെ പ്രത്യേകത. ഏറ്റവും അനുയോജ്യമായ സമയം പ്രഭാതത്തിന് തൊട്ടുമുമ്പാണ്. ഈ സമയം ആകാശം ഇരുണ്ടതും ഉല്‍ക്കകളുടെ പ്രകാശം ഉച്ചസ്ഥായിയിലും ആയിരിക്കും. ആകാശത്ത് വടക്കു കിഴക്കു ഭാഗത്തുള്ള പെഴ്സിയൂസ് നക്ഷത്ര സമൂഹത്തിന്റെ ഭാഗത്തേക്കാണ് നോക്കേണ്ടത്. ഇരുണ്ടതും തെളിഞ്ഞതുമായ ആകാശമായിരിക്കണം. പ്രകാശമലിനീകരണം കുറവായ സ്ഥലങ്ങളില്‍ നിന്നും കാണാന്‍ ശ്രമിക്കുകയും വേണം. ചന്ദ്രന്‍റെ പ്രകാശവും ഉല്‍ക്കാവര്‍ഷത്തിന്‍റെ കാഴ്ചയെ പ്രതികൂലമായി ബാധിക്കാം.
പെഴ്സിയിഡിസ് ഉല്‍ക്കാവര്‍ഷത്തിന്‍റെ പ്രത്യേകത
മറ്റ് ഉല്‍ക്കാവര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഏറെ തിളത്തോടെ കാണാന്‍ സാധിക്കുന്ന ഒന്നാണ് പെഴ്സിയിഡിസ് ഉല്‍ക്കാവര്‍ഷം. കാലാവസ്ഥയും സമയവും അനുകൂലമാണെങ്കില്‍ മണിക്കൂറിൽ 50-ലധികം ഉൽക്കകളെ കാണാന്‍ സാധിക്കും. മിനിറ്റിൽ ഒരു ഉൽക്കയെങ്കിലും കാണാന്‍ സാധിക്കുമെന്ന് സാരം. സെക്കൻഡിൽ അറുപത് കിലോമീറ്റർ അല്ലെങ്കിൽ 37 മൈൽ വേഗതയിലായിരിക്കും ഉല്‍ക്കകള്‍ സഞ്ചരിക്കുക. നഗ്നനേത്രങ്ങള്‍കൊണ്ട് കാണാം എന്നതും പെഴ്സിയിഡിസ് ഉല്‍ക്കാവര്‍ഷത്തിന്‍റെ സവിശേഷതയാണ്. എങ്കിലും ബൈനോക്കുലറുകളും ടെലിസ്കോപ്പുകളും കാഴ്ചകളെ കൂടുതല്‍ മിഴിവുള്ളതാക്കും.