എഐ നിര്‍മ്മിത പ്രതീകാത്മക ചിത്രം
2025ല്‍ മനുഷ്യര്‍ അന്യഗ്രഹ ജീവികളുമായി കണ്ടുമുട്ടുമെന്ന ബള്‍ഗേറിയന്‍ നിഗൂഢസന്യാസി ബാബ വാംഗയുടെ പ്രവചനം യാഥാര്‍ഥ്യമാകുമോ? ഈമാസം ഒന്നിന് നാസ കണ്ടെത്തിയ ധൂമകേതു പോലെയുള്ള വസ്തുവിന്‍റെ വരവാണ് ആകാംക്ഷയേറ്റുന്നത്. സൗരയൂഥത്തിന് പുറത്തുനിന്നാണ് ധൂമകേതുവെന്ന് തോന്നിക്കുന്ന ത്രീ ഐ/അറ്റ്‌ലസിന്‍റെ വരവ്. ചിലെയിലെ റിയോ ഹ്യുര്‍ത്താഡോയിലുള്ള അറ്റ്‍ലസ് സര്‍വേ ടെലിസ്കോപ്പാണ് ഇതിനെ ആദ്യം കണ്ടത്. മണിക്കൂറില്‍ 2.21 ലക്ഷം കിലോമീറ്റര്‍ (സെക്കന്‍റില്‍ 61 കിലോമീറ്റര്‍) വേഗത്തിലാണ് ‘ധൂമകേതു’വിന്‍റെ വരവ്. പോക്ക് സൂര്യനരികിലേക്കാണെന്നും നാസ വ്യക്തമാക്കുന്നു.
ത്രീ ഐ/അറ്റ്‌ലസിന് എത്ര വലുപ്പമുണ്ടെന്ന് കൃത്യമായി കണക്കാക്കാന്‍ കഴിഞ്ഞിട്ടില്ല. പക്ഷേ സംഗതി ‘ആക്ടിവ്’ ആണെന്ന് ടെലിസ്കോപ്പുകളില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങളില്‍ വ്യക്തം. തണുത്തുറഞ്ഞ ന്യൂക്ലിയസും ചുറ്റും വാതകപടലവുമുണ്ട്. ഇതാണ് ധൂമകേതുവാണെന്ന നിഗമനത്തിന് കാരണം. സൗരയൂഥത്തിന് പുറത്തുനിന്നാണ് കക്ഷിയുടെ വരവെന്ന് യാത്രാപഥത്തിന്‍റെ രൂപം വ്യക്തമാക്കുന്നു. അപരാവര്‍ത്ത (hyperbolic) രൂപത്തിലാണ് ത്രീ ഐ/അറ്റ്‌ലസിന്‍റെ കുതിപ്പ്. സൂര്യന്‍റെ ഗുരുത്വാകര്‍ഷണത്തിന്‍റെ സ്വാധീനത്തില്‍ അല്ല അതിന്‍റെ യാത്രയെന്ന് ചുരുക്കം.
എന്നാല്‍ ത്രീ ഐ/അറ്റ്‌ലസിന്‍റെ ചലനങ്ങള്‍ ധൂമകേതുവിന്റേതിന് സമാനമല്ലെന്നാണ് ഹാവഡ് യൂണിവേഴ്സിറ്റിയിലെ പ്രഫസര്‍ ആവി ലോബിന്‍റെ നിലപാട്. അന്യഗ്രഹജീവികളുടെ സാന്നിധ്യം ഉറപ്പിക്കാവുന്ന പലതും ഇതിലുണ്ടെന്നും ലോബ് അവകാശപ്പെടുന്നു. ഇത് അന്യഗ്രഹജീവികളുടെ പേടകം പോലുമാകാമെന്നും ലോബ് പറയുന്നു. ഇക്കാര്യങ്ങളെല്ലാം പരിശോധിക്കാന്‍ ശാസ്ത്രസമൂഹം തയാറാകണമെന്നാണ് അദ്ദേഹത്തിന്‍റെ ആവശ്യം. ‘ധൂമകേതുവോ പാറയോ അന്യഗ്രഹ പേടകമോ എന്തുമാകട്ടെ, എല്ലാ വശങ്ങളും പരിശോധിക്കപ്പെടണം. കാരണം, കൃത്യമായി നിയന്ത്രിക്കപ്പെടുന്ന രീതിയിലാണ് ത്രീ ഐ/അറ്റ്‌ലസിന്‍റെ യാത്രയും പെരുമാറ്റവും.’ – ലോബ് സിബിഎസ് ന്യൂസിനോട് പറഞ്ഞു.
സൗരയൂഥത്തോടുചേര്‍ന്ന സാഗിറ്റേരിയസ് നക്ഷത്രസമൂഹത്തിന്‍റെ ഭാഗത്തുനിന്നാണ് ത്രീ ഐ/അറ്റ്‌ലസിന്‍റെ വരവെന്നാണ് ശാസ്ത്രജ്ഞരുടെ അനുമാനം. കണ്ടെത്തുമ്പോള്‍ വ്യാഴത്തിന്‍റെ ഭ്രമണപഥത്തില്‍ സൂര്യനില്‍ നിന്ന് 670 ദശലക്ഷം കിലോമീറ്റര്‍ ദൂരത്തായിരുന്നു ഈ വസ്തു. സൂര്യനെ അത് വലംവയ്ക്കുന്നില്ല. മറിച്ച് സ്വന്തം പാതയിലൂടെ സൂര്യനരികിലെത്തുമെന്നാണ് നാസ പറയുന്നത്. ഭൂമിക്ക് ഒരു പ്രശ്നവും ഉണ്ടാക്കില്ല. ഭൂമിയില്‍ നിന്ന് 240 ദശലക്ഷം കിലോമീറ്റര്‍ അകലെക്കൂടിയാകും ഇത് പോവുക. എന്നാല്‍ സൗരയൂഥത്തെക്കുറിച്ചും അതിന് പുറത്തുള്ള പ്രപഞ്ചത്തെക്കുറിച്ചുമുള്ള പഠനത്തില്‍ ഈ കാഴ്ച നിര്‍ണായകമാകും.
പുറത്തുള്ള താരാപഥങ്ങളില്‍ നിന്ന് സൗരയൂഥത്തിലെത്തിയെന്ന് തിരിച്ചറിഞ്ഞ മൂന്നാമത്തെ വസ്തുവാണ് ത്രീ ഐ/അറ്റ്‌ലസ്. 2017ല്‍ കണ്ടെത്തിയ ഔമൗമുവയും 2019ല്‍ കണ്ടെത്തിയ ടൂ ഐ/ബോറിസോവുമാണ് മറ്റ് രണ്ട് ഇന്‍റര്‍സ്റ്റെല്ലാര്‍ ഒബ്ജക്ടുകള്‍.