Image: X

TOPICS COVERED

പട്ടാപ്പകല്‍ തെളിഞ്ഞ ആകാശത്ത് ഒരു അഗ്നിഗോളം! എങ്ങനെയുണ്ടാകും ആ കാഴ്ച?  ആ അപൂര്‍വ കാഴ്ചയ്ക്കാണ് വ്യാഴാഴ്ച അമേരിക്കയുടെ തെക്കുകിഴക്കൻ മേഖല സാക്ഷ്യം വഹിച്ചത്. ഉൽക്കാവർഷത്തിന്‍റെ ഭാഗമായേക്കാവുന്ന അപൂർവ്വ ഫയര്‍ബോളാണ് (അഗ്നിഗോളം) ശബ്ദ ബൂം സൃഷ്ടിച്ച് പ്രത്യക്ഷപ്പെട്ടത്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് ഈ മേഖലയിൽ ഫയര്‍ബോള്‍ പ്രത്യക്ഷപ്പെട്ടതായി അമേരിക്കൻ മെറ്റിയർ സൊസൈറ്റിക്ക് നിരവധി റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ട്. ബൂട്ടിഡ്സ് ഉൽക്കാവർഷത്തിനിടെയാണ് ഈ റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

രാത്രിയിൽ ഇത്തരം ഫയർബോളുകൾ കാണാൻ എളുപ്പമാണ്. എന്നാല്‍  പകൽ സമയത്ത് അത്തരത്തില്‍ ഫയർബോൾ കാണുന്നത് അപൂർവവും. പകൽ സമയത്ത് ദൃശ്യമാകണമെങ്കിൽ അവ കൂടുതൽ തിളക്കമുള്ളതായിരിക്കണമെന്ന് അമേരിക്കൻ മെറ്റിയോർ സൊസൈറ്റി പറയുന്നു. ഒരു ഫയർബോൾ വരുമ്പോള്‍ സോണിക് ബൂമുകൾ കേൾക്കുന്നതും വളരെ അപൂർവമാണെന്നാണ് സംഘടന പറയുന്നത്. അതേസമയം ഫയര്‍ബോള്‍ നിലത്ത് പതിച്ചോ എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ചിലപ്പോള്‍ അന്തരീക്ഷത്തില്‍ വച്ചുതന്നെ കത്തിത്തീര്‍ന്നിരിക്കാം. എങ്കിലും ജോർജിയയിലെ ഒരു വീട്ടിൽ ഒരു ഉൽക്കാശില പതിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

ഫോർസിത്തിൽ ഏകദേശം 12:30 ന് ഒരു ഡാഷ്‌ ക്യാം വിഡിയോയിലും ഈ ഫയര്‍ബോളിന്‍റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. തിളക്കമുള്ള വസ്തു നിലത്തേക്ക് ഇറങ്ങുന്നതായി ഇതില്‍ വ്യക്തമാണ്. ഇത് ഒരു ഉൽക്കയായിരിക്കാൻ സാധ്യതയുണ്ടെന്നാണ് നാഷണൽ വെതർ സർവീസ് അറിയിക്കുന്നത്. നാഷണൽ വെതർ സർവീസ് പറയുന്നതനുസരിച്ച് ഫയര്‍ബോള്‍ കണ്ട അതേസമയം പീച്ച്ട്രീ സിറ്റിയിലെ വീട്ടില്‍ പാറപോലെ ഒരു വസ്തു മേൽക്കൂരയും സീലിങും തകര്‍ത്ത് വീടിനകത്തുവീണു എന്ന് റിപ്പോര്‍ട്ടുണ്ട്. ഫോർസിത്തിൽ മാത്രമല്ല സൗത്ത് കരോലിനയിലെ ലെക്സിംഗ്ടൺ കൗണ്ടിയിലും ഫയര്‍ബോളിന്‍റെ ദൃശ്യങ്ങള്‍ ഡാഷ്‌ക്യാം വിഡിയോയിൽ പതിഞ്ഞിട്ടുണ്ട്. 

അമേരിക്കൻ മെറ്റിയർ സൊസൈറ്റി പറയുന്നതനുസരിത്ത് അസാധാരണമാംവിധം തിളക്കമുള്ള ഉൽക്കയാണ് ഫയർബോളുകള്‍. വ്യാഴാഴ്ച കണ്ട ഫയര്‍ബോളിന്‍റെ തീവ്രത -14 ആണ്. ഇത് പൂർണ്ണചന്ദ്രനേക്കാൾ തിളക്കമുള്ളതായിരിക്കും. ഈ തിളക്കം കൂടുന്തോറും പട്ടാപകല്‍പോലും ഫയര്‍ബോളുകളെ കാണാനുള്ള സാധ്യത വര്‍ധിക്കും. എന്നാല്‍ ഇത് അപൂര്‍വമാണ്. ഭൂമിയുടെ അന്തരീക്ഷത്തിൽ ഓരോ ദിവസവും ആയിരക്കണക്കിന് ഇത്തരത്തിലുള്ള ഉല്‍ക്കകള്‍ പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിലും ഇവ ഇവയിൽ ഭൂരിഭാഗവും സമുദ്രങ്ങളിലും ജനവാസമില്ലാത്ത പ്രദേശങ്ങളിലുമാണ് പതിക്കാറുള്ളത്. മാത്രമല്ല പലതും പകൽ വെളിച്ചത്താൽ മറയ്ക്കപ്പെടുകയും ചെയ്യുന്നു. 

ENGLISH SUMMARY:

A rare daytime fireball blazed through the skies over the southeastern United States on Thursday, startling residents with a bright flash and sonic boom. The American Meteor Society received numerous reports, with dashcam videos from Georgia and South Carolina capturing the blazing object. While most fireballs appear at night, this meteor was bright enough to be seen under sunlight, rated at magnitude -14—brighter than a full moon. Reports also emerged of a meteorite crashing into a house in Peachtree City, Georgia. Experts confirm such daytime sightings are exceptionally rare.